കാസര്‍കോട്‌- സൗഹാര്‍ദ്ദങ്ങളുടെ സംഗമഭൂമി

on Sep 13, 2009

സപ്‌തഭാഷ സംഗമ ഭൂമിയില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങല്‍ക്ക്‌ വേരുകളില്ല. കൊല വിളികളുടെ അവസാനവിധിയായി ശേഷിക്കുന്ന കബന്ധങ്ങള്‍ക്കും അനാഥമാക്കപ്പെട്ട ജീവിതങ്ങളുടെ നിലവിളികള്‍ക്കുമപ്പുറം കണ്ണൂരിലെയും തലശ്ശേരിയിലെയും കണ്ണീര്‍ പാടങ്ങള്‍ക്ക്‌ ലഭിക്കുന്ന തിരിച്ചടിയാണ്‌ തുളുനാടെന്ന്‌ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കാസര്‍കോടിന്റെ രാഷ്‌ട്രീയ ഭൂമിക. ഏഴു ഭാഷകള്‍ സംസാരിക്കുന്ന വിഭിന്ന ജീവിത സംസ്‌ക്കാരങ്ങളുടെ മണ്ണാണിത്‌. ഈ ദേശത്ത്‌ രാഷ്‌ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളില്ല, ശത്രുതയുമില്ല. കന്നഡികനും ബ്യാരിക്കും ഭട്ടിനും അഡിഗയ്‌ക്കും വ്യക്തമായ രാഷ്‌ട്രീയ ബോധങ്ങളുണ്ട്‌. എന്നാല്‍ അതിനൊപ്പം അവര്‍ മാനുഷികതയുടെയും അധ്യാത്മീകതയുടെയും വിശ്വാസങ്ങളും ചേര്‍ത്തുനിര്‍ത്തുന്നു. നടപ്പുകാലത്തില്‍ രക്തപങ്കിലമായ രാഷ്‌ട്രീയ വിജയങ്ങളെ അവര്‍ മഹത്തരമാക്കി ഘോഷിക്കുന്നില്ല. ബിജെപി.യും സിപിഎമ്മും ഈ തൗളവദേശത്ത്‌ അവരുടെ രാഷ്‌ട്രീയ ജീവിതത്തോടൊപ്പം അവരുടെ ആത്മീയ വിശ്വാസത്തെയും ആദരിക്കുന്നു, ഇത്‌ ഇരുകൂട്ടരുടെയും പ്രത്യയശാസ്‌ത്ര ചിന്തകളെ ശൂദ്ധിയുള്ളതാക്കുന്നുണ്ട്‌. തലശ്ശേരിയിലെയും കണ്ണൂരിലെയും കൂട്ടകുരുതികളുടെ കഥകള്‍ കേട്ട്‌ തുളുനാട്‌ വ്യാകുലപ്പെടുന്നുണ്ട്‌, എന്താണ്‌ അവിടത്തെ നാട്ടുകാര്‍ക്ക്‌ സംഭവിക്കുന്നതെന്ന്‌. പാനൂര്‍, തലശ്ശേരി പ്രദേശത്തെപോലെ മനസ്സില്‍ പകയുമായി നടക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകരെ ഇവിടെ കാണാറില്ല. ഈ ഉപ്പളയിലും കാസര്‍കോട്ടും മഞ്ചേശ്വരത്തും മംഗലാപുരത്തും അവര്‍ നാട്ടുകാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കുന്നു. ഒപ്പം നടന്ന്‌ ഒരേ ക്ഷേത്രത്തില്‍ പോയി ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്നു. ഉത്സവങ്ങളിലും നാട്ടിലെ വിവാഹ ചടങ്ങുകളിലും ആദ്യാവസാനക്കാരായി പങ്കെടുക്കുന്നു. പാവപ്പെട്ടവരുടെ വീടുകളിലെ വിവാഹങ്ങള്‍ക്കൂം ഗൃഹപ്രവേശനത്തിനും സഹായങ്ങളുമായി ഒന്നിച്ചുപോകുന്നു. സൗഹൃദങ്ങള്‍ക്കും പിറകില്‍ ബോംബിന്റെയോ വടിവാളിന്റെയോ ചതികള്‍ സൂക്ഷിക്കുന്നില്ല. പാര്‍ട്ടിയുടെ വക്താവായുള്ള ഇടപെടലുകളല്ല ഇവര്‍ നാട്ടിലെ സംരംഭങ്ങളിലും ആഘോഷങ്ങളിലും നടത്തുന്നത്‌. ഇവിടെയും രക്തസാക്ഷി സ്‌മാരകങ്ങളുണ്ട്‌. എന്നാല്‍ ഇനിയും രക്തസാക്ഷികളുടെ എണ്ണം കൂട്ടാനുള്ള അന്ധമായ രാഷ്‌ട്രീയ ത്വരകളില്ല. ബിജെപി- സിപിഎം ശത്രുതകള്‍ മാറ്റി വെച്ച്‌ അവര്‍ സൗഹൃദങ്ങള്‍ക്ക്‌ ബലമേകുന്നു. ദ്രാവിഡ-ദളിത്‌ വിഭാഗങ്ങള്‍ക്കുമേല്‍ ഒരുകാലത്ത്‌ ആധിപത്യമുണ്ടായിരുന്ന ജന്‍മി- നാടുവാഴി സമൂഹങ്ങള്‍ ഉണ്ടായിരുന്നു കാസര്‍കോടിന്റെ വടക്കന്‍ മലയോര ഗ്രാമങ്ങളില്‍. എന്നാല്‍ പീന്നീട്‌ എല്ലാ ജനവിഭാഗങ്ങളുടെയും കൂട്ടായചെറുത്തുനില്‍പുകള്‍ക്കു മുന്നില്‍ ഇത്തരം ആധിപത്യങ്ങള്‍ കടപുഴകിവീണു. സംഘബലം എന്നത്‌ ഒരു പ്രത്യേക രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ മാത്രം അവകാശമായി മാറ്റാന്‍ അധ്വാനിക്കുന്നവരും കര്‍ഷകരുമായ ജനത അവസരം നല്‍കിയില്ല. തുളു-കന്നഡ പ്രദേശത്തെ സിപിഎം അധീനപ്രദേശങ്ങള്‍ ഇപ്പോഴും ബ്രാഹ്മണസംസ്‌ക്കാരം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന്‌ മഞ്ചേശ്വരത്തെ ഒരുറിട്ടയേര്‍ഡ്‌ പ്രൊഫസര്‍ വിലയിരുത്തുന്നു. തങ്ങളുടെ നേതാക്കളുടെ ചിത്രങ്ങല്‍ക്കൊപ്പം അവര്‍ ദൈവങ്ങളെയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. എല്ലാ വീടുകളിലും പൂജാമുറികള്‍. സന്ധ്യയ്‌ക്ക്‌ ദൈവങ്ങള്‍ക്കു മുന്നില്‍ നിലവിളക്കുകൊളുത്തിവെച്ച്‌ അവര്‍ ദൈവങ്ങളെയും വണങ്ങുന്നു. തങ്ങളുടെ രാഷ്‌ട്രീയാചാര്യന്‍മാര്‍ക്ക്‌ മനസ്സിലും ജീവിതത്തിലും സ്വാധീനിച്ചതുപോലെ ദൈവങ്ങല്‍ക്കും ഒരിടം. ഈശ്വര വിശ്വാസത്തില്‍ ബിജെപിയെന്നോ സിപിഎംകാരെന്നോ ഉള്ള വേര്‍തിരിവില്ല്‌. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങല്‍ നടത്താനും അവര്‍ ഒന്നിച്ചുനില്‍ക്കുന്നു. രാവിലെ പൂജയും പ്രാര്‍ത്ഥനയും കഴിഞ്ഞാണ്‌ ബിജെപി നേതാക്കളെ പോലെത്തന്നെ സിപിഎം നേതാക്കളും വീട്ടില്‍ നിന്നിറങ്ങുക. കേരളത്തില്‍ എന്നും സ്ഥിതിവ്യത്യസ്‌തമായിരുന്നു എന്ന്‌ ആ സോഷ്യോളജി പ്രൊഫസര്‍ സൂചിപ്പിച്ചു. അബ്രാഹ്മണ്യമാണ്‌ കേരളത്തില്‍ നിലനില്‍ക്കുന്നത്‌. ഇവിടെ സപിഎംല്‍ അധ്യാത്‌മീകതയ്‌ക്ക്‌ അതിര്‍വരമ്പുകളുണ്ട്‌. കണ്ണൂരിലെ ആര്‍എസ്‌എസുകാര്‍ക്ക്‌ ഈശ്വര വിശ്വാസം കുറവാണ്‌. അബ്രാഹ്മണ്യത്തിന്റെ നിഴലില്‍ കഴിയുന്ന ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരും ക്ഷേത്രങ്ങളില്‍ പോകാറില്ലെന്ന്‌ പ്രൊഫസര്‍ വിലയിരുത്തുന്നു. ജോലിക്കിറങ്ങുമ്പോള്‍ എന്നും തങ്ങള്‍ ദൈവങ്ങളെ പ്രാര്‍ത്ഥിച്ചേ പോകാറുള്ളൂ എന്നും, മിക്ക പാര്‍ട്ടി പ്രവര്‍ത്തരും രാവിലെ ക്ഷേത്രദര്‍ശനം നടത്തുന്നവരാണെന്നും മഞ്ചേശ്വരെത്തെ ഒരു സിഐടിയു പ്രവര്‍ത്തകന്‍ പറഞ്ഞു. കാസര്‍കോട്ടെ തുളു കന്നഢ പ്രദേശ്‌ങ്ങളില്‍ രാഷ്‌ട്രീയ വിശ്വാസങ്ങളെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നത്‌ മതപരമായ ആധിപത്യമാണ്‌ ഇത്‌ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു സാമൂഹികാഐക്യം വളര്‍ത്താന്‍ സഹായിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ മിക്ക ക്ഷേത്രോത്സവങ്ങളും നടത്തുന്നത്‌ രണ്ടു കൂട്ടരും പരസ്‌പരം സഹകരിച്ചാണ്‌. കാസര്‍കോഡ്‌-മംഗലാപുരം അതിര്‍ത്തിയിലെ തുളു-കന്നഡ പ്രദേശങ്ങളില്‍ സിപിഐ അവരുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്‌ഘാടനം നടത്തിയതുതന്നെ നിലവിളക്ക്‌ കൊളുത്തിയാണ്‌. വീടായാലും പാര്‍ട്ടി ഓഫീസായാലും ഭൂമി പൂജ നടത്തി മാത്രമേ സിപിഎം പ്രവര്‍ത്തകര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക്‌ തുടക്കം കുറിക്കാറുള്ളൂ. വര്‍ഷങ്ങല്‍ക്കുമുമ്പ്‌ തുളുദേശത്തെ സിപിഎം സ്വാധീന പ്രദേശത്ത്‌ നിന്ന്‌ തുടക്കം കുറിച്ച ഒരു കൊടിമരജാഥയ്‌ക്കു മുന്നോടിയായി പൂജ നടത്തിയത്‌ പിന്നീട്‌ വിവാദത്തിന്‌ ഇടയാക്കിയിരുന്നു. സിപിഎം നേതാക്കള്‍ ഗ്രാമത്തിലെ മിക്ക പൂജാകര്‍മ്മങ്ങളിലും സജ്ജീവമായി പങ്കെടുക്കാറുണ്ടെന്നും തങ്ങള്‍ക്ക്‌ അധീനതയുള്ള പ്രദേശത്തെ സിപിഎം പ്രവര്‍ത്തന സ്വാതന്ത്രത്തില്‍ തങ്ങള്‍ കൈകടത്താറില്ലെന്നും കാസര്‍കോടിനടുത്ത കാറഢുക്ക ഗ്രാമ പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു. അവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്രമുണ്ട്‌. അതുകൊണ്ടുതന്നെ അതില്‍ ഞങ്ങള്‍ ഇടപെടാറില്ല. ഒരിടത്ത്‌ പരസ്‌പരം കൈ ചേര്‍ത്തു നില്‍ക്കുകയും മറ്റൊരിടത്ത്‌ ആജന്മ ശത്രുക്കളെപോലെ പോരടിച്ചു മരിച്ചു വീഴുകയും ചെയ്യുന്നതിന്റെ രാഷ്‌ട്രീയ മനശാസ്‌ത്രമാണ്‌ ഇവിടെ പ്രശ്‌നം. രാഷ്‌ട്രീയത്തിലെയും ജീവിക്കുന്ന ചുറ്റുപാടിലെയും മാനവിക വിശുദ്ധി തിരിച്ചറിയാത്തതാണ്‌ പാനൂര്‍-തലശ്ശേരി- കണ്ണൂര്‍ പ്രദേശങ്ങളെ കൊലക്കളങ്ങളായി മാറ്റുന്നതെങ്കില്‍ പരസ്‌പരം തിരിച്ചറിയാനും സമരസപ്പെടാനും മതപരമായും സാമൂഹികമായും ഐക്യപ്പെടാനുമുള്ള ദേശത്തെ ജനതയുടെ ജീവിതബോധമാണ്‌ തൂളുനാട്ടിനെ മറ്റേതൊരു പ്രദേശത്ത്‌ നിന്നും വ്യത്യസ്‌തമാക്കി നിര്‍ത്തുന്നത്‌ കടപ്പാട്‌- ദി ഹിന്ദു ദിനപത്രം .

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com