രവിയുടെ വേര്‍പാടില്‍ രാവണേശ്വരത്തിന്‌ നഷ്ടമായത്‌ മികച്ച സംഘാടകനെ

on Oct 28, 2009

പെരിയ: ബൈക്ക്‌ അപകടത്തില്‍ മരണപ്പെട്ട എ.രവിയുടെ വേര്‍പാടില്‍ രാവണേശ്വരം ഗ്രാമത്തിന്‌ നഷ്ടമായത്‌ മികച്ച സംഘാടകനെയും കലാകാരനെയും. മികച്ച പൂരക്കളി കലാകാരനായ രവിയുടെ സംഘാടനത്തിലാണ്‌ ചിത്താരി നാടന്‍ കലാസമിതി പ്രവര്‍ത്തിച്ചുവന്നത്‌. ഫോക്‌ലോര്‍ അക്കാദമിയില്‍ അഫിലിയേറ്റ്‌ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന സമിതിയിലൂടെ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയില്‍ നാടന്‍ കലയെ പ്രോത്സാഹിപ്പിക്കാനായി നിരവധി പരിപാടികള്‍ രാവണേശ്വരത്ത്‌ അവതരിപ്പിച്ചത്‌ നാട്ടുകാര്‍ വേദനയോടെ സ്‌മരിക്കുന്നു. പോതോളംകര ദുര്‍ഗ്ഗാ ഭഗവതീ ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന രവിക്ക്‌ പൂരക്കളി എന്നും ആവേശമായിരുന്നു. രാവണേശ്വരം ശോഭന ആര്‍ട്‌സ്‌ ക്ലബ്ബിന്റെയും അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെയും പ്രവര്‍ത്തകനായ രവി കക്ഷിരാഷ്ട്രീയ ഭേദമെന്യേ വലിയ സുഹൃദ്‌ബന്ധത്തിന്‌ ഉടമയായിരുന്നു.

ഞായറാഴ്‌ച രാത്രിയാണ്‌ കൂട്ടുകാരന്‍ വിനോദുമൊത്ത്‌ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പുതിയകണ്ടത്ത്‌ ഓട്ടോയുമായി കൂട്ടിയിടിച്ചത്‌. ഗരുതരമായി പരിക്കേറ്റ്‌ കണ്ണൂര്‍ എ.കെ.ജി ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ച രവി തിങ്കളാഴ്‌ച രാത്രിയോടെയാണ്‌ മരണപ്പെട്ടത്‌. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ചൊവ്വാഴ്‌ച ഉച്ചയോടെ രാവണേശ്വരത്ത്‌ കൊണ്ടുവന്ന മൃതദേഹം സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. തുടര്‍ന്ന്‌ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പള്ളിപ്രം ബാലന്‍ എം.എല്‍.എ, കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ, സി.പി.ഐ സ്റ്റേറ്റ്‌ സെക്രട്ടേറിയറ്റംഗം ഇ.ചന്ദ്രശേഖരന്‍, സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.പി.മുരളി, ടി.കൃഷ്‌ണന്‍, ബങ്കളം കുഞ്ഞികൃഷ്‌ണന്‍, കെ.വി.കൃഷ്‌ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, തച്ചങ്ങാട്‌ ബാലകൃഷ്‌ണന്‍, കരുണാകരന്‍ കുന്നത്ത്‌, എം.പൊക്ലന്‍, എം.ദാമോദരന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആസ്‌പത്രിയിലും വീട്ടിലും എത്തി.Mathrubhumi report

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com