കുട്ടികള്‍ പുഴകടക്കുന്നത് ദ്രവിച്ച നടപ്പാലത്തിലൂടെ

on Nov 7, 2009

ചിത്താരി: അരീക്കോട് മൂര്‍ക്കനാട് കടവിലെ തോണി ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ ചിത്താരി കടപ്പുറത്തെ രക്ഷിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നത് തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയാണ്. തോണിയിലല്ല ഇവിടത്തെ കുട്ടികള്‍ പുഴകടക്കുന്നത് നടപ്പാലത്തിലൂടെയാണ്. എന്നാല്‍ നടപ്പാലത്തിന്റെ അപകടാവസ്ഥ ഓര്‍ക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് നെഞ്ചിടിപ്പേറുന്നു.

കൈവരികള്‍ തകര്‍ന്ന് മരപ്പലകകള്‍ ദ്രവിച്ച് ഇളകി ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് ഈ നടപ്പാലം. ചിത്താരിക്കടപ്പുറത്തെ ചിത്താരിയുമായി ബന്ധിപ്പിക്കുന്ന നടപ്പാലം തകര്‍ന്ന് കഴിഞ്ഞ മഴക്കാലത്ത് ആറ് കുട്ടികള്‍ പുഴയില്‍ വീണിരുന്നു. അന്ന് നാട്ടുകാരാണ് കുട്ടികളെ രക്ഷിച്ചത്. 400 മീറ്ററിലധികം നീളമുള്ള ഈ നടപ്പാലം മൂന്നുവര്‍ഷം മുന്‍പ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ചതാണ്. ദിവസേന കുട്ടികള്‍ ഉള്‍പ്പെടെ 500-ല്‍ അധികം ആളുകള്‍ ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്. ചിത്താരിക്കടപ്പുറത്തെ 200-ല്‍ അധികം വീട്ടുകാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴികൂടിയാണ് ഈ നടപ്പാലം.

നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഈ നടപ്പാലത്തിന്റെ ദുരവസ്ഥ കാണാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ സങ്കടം പറയുന്നു.

ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുന്നുണ്ട്. അതാണെങ്കില്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാലം പുര്‍ത്തിയായാല്‍ പോലും ഇവിടുത്തുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നില്ല. കോണ്‍ക്രീറ്റ് പാലം വഴി പുഴകടക്കാന്‍ രണ്ട്കിലോമീറ്റര്‍ അധികം നടക്കേണ്ടിവരും. തകര്‍ന്നുവീഴാറായ നടപ്പാലം നന്നാക്കാനോ പുതുക്കിപ്പണിയാനോ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ കൈ മെയ്മറന്ന് തങ്ങള്‍ ആ പ്രവൃത്തി ഏറ്റെടുക്കുമെന്ന പ്രതിക്ഷേധസ്വരവും നാട്ടുകാര്‍ ഉയര്‍ത്തുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com