ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ്

on Dec 23, 2009

ന്യൂദല്‍ഹി: ഗവേഷണ മേഖലയിലേക്ക് ന്യൂനപക്ഷ വിദ്യര്‍ഥികളെ ആകര്‍ഷിക്കുന്നതിനുള്ള മൌലാന അബുല്‍ കലാം ആസാദ് ന്യൂനപക്ഷ ഫെലോഷിപ്പ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചു. വിജയകരമായി അഞ്ചു വര്‍ഷത്തെ ഗവേഷണം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് നല്‍കുന്ന പദ്ധതി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ സഹകരണത്തോടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് ആവിഷ്കരിച്ചത്. ഈ പദ്ധതിക്ക് കീഴില്‍ എം.ഫില്‍, പി.എച്ച്.ഡി ഗവേഷണത്തിന് രാജ്യത്തെ 756 ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം ഒന്നര ലക്ഷത്തില്‍പരം രൂപ മുതല്‍ രണ്ട് ലക്ഷത്തോളം രൂപയാണ് ഫെലോഷിപ്പായി നല്‍കുക. വര്‍ഷം തോറുമുള്ള 756 ഫെലോഷിപ്പുകള്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് 544, ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 100, സിഖ് വിദ്യാര്‍ഥികള്‍ക്ക് 74, ബുദ്ധ വിദ്യാര്‍ഥികള്‍ക്ക് 36, പാഴ്സി വിദ്യാര്‍ഥികള്‍ക്ക് രണ്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ഒരു വര്‍ഷം മതിയായ കുട്ടികളില്ലാതെ വന്നാല്‍ അത്രയും ഫെലോഷിപ്പുകള്‍ അടുത്ത വര്‍ഷം കൂട്ടി നല്‍കും.

ഫെലോഷിപ്പുകളില്‍ 30 ശതമാനം വിദ്യാര്‍ഥിനികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍, ബാക്കി 70 ശതമാനം ജനറലായതിനാല്‍ അതിലും വിദ്യാര്‍ഥിനികളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും. മതിയായ വിദ്യാര്‍ഥിനികളില്ലെങ്കില്‍ ബാക്കി വരുന്ന ഫെലോഷിപ്പുകള്‍ അതേ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കും. വികലാംഗ വിദ്യാര്‍ഥികള്‍ക്ക് യു.ജി.സി ചട്ടമനുസരിച്ചുള്ള പരിഗണന ലഭിക്കും. അപേക്ഷകരുടെ എണ്ണം അനുവദിച്ച ഫെലോഷിപ്പുകളേക്കാള്‍ കൂടുതലാണെങ്കില്‍ ബിരുദാനന്തര പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരെ കണ്ടെത്തും. ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ്, എഞ്ചിനീയറിംഗും മറ്റും എന്ന ക്രമത്തിലാണ് പട്ടിക തയാറാക്കുക.

കേരളത്തില്‍ 28 മുസ്ലിം വിദ്യാര്‍ഥികള്‍ക്കും 22 ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഫെലോഷിപ്പ് ലഭിക്കുക. ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 1,57,666 രൂപ മുതല്‍ 1,93,000 രൂപ വരെ പരമാവധി അഞ്ചു വര്‍ഷം വരെ ലഭിക്കും. യു.ജി.സി നടപ്പാക്കുന്ന ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'മോമ ഗവേഷകര്‍' (MoMA Scholars)എന്നറിയപ്പെടും.

അപേക്ഷകര്‍ യു.ജി.സി അംഗീകരിച്ച സര്‍വകലാശാലകളിലോ സ്ഥാപനങ്ങളിലോ റഗുലര്‍/ഫുള്‍ടൈം എം.ഫില്‍/പി.എച്ച്.ഡി കോഴ്സുകള്‍ക്ക് പ്രവേശനം നേടി രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം രണ്ടര ലക്ഷം കവിയരുത്. അതത് സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിക്കുന്ന അതോറിറ്റിയില്‍ നിന്നാണ് വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടത്. ഈ പദ്ധതിക്ക് കീഴില്‍ ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മറ്റ് ഉറവിടങ്ങളില്‍നിന്നും ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയില്ല. നെറ്റ്/സെറ്റ് പരീക്ഷ ഈ ഫൊലോഷിപ്പിന് നിബന്ധനയില്ല. രണ്ട് വര്‍ഷം കൊണ്ട് എം.ഫില്‍ പൂര്‍ത്തിയാക്കാനാകാത്തവരും, എം.ഫിലിന് ശേഷം മൂന്നാം വര്‍ഷം പി.എച്ച്.ഡിക്ക് പ്രവേശനം നേടാനാകാത്തവരും പദ്ധതിയില്‍നിന്ന് പുറത്താകും.

ഈ അക്കാദമിക് വര്‍ഷം തന്നെ പദ്ധതി നടപ്പാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രഖ്യാപനച്ചടങ്ങില്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ പ്രഖ്യാപിച്ചതിലേറ്റവും വലിയ ഫെലോഷിപ്പ് കാര്യക്ഷമമായി നടപ്പാക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച യു.ജി.സി ചെയര്‍മാന്‍ സുഖദേവ് തൊറാത്തും പറഞ്ഞു. അപേക്ഷക്ഷണിച്ച് യു.ജി.സി ഉടന്‍ വിജ്ഞാപനം ഇറക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com