എം.കെ. അഹമ്മദ്‌ പള്ളിക്കര മറന്നുപോയ മാപ്പിള കവി

on Dec 30, 2009

ടക്കന്‍ കേരളത്തിലെ മാപ്പിള കലാരംഗത്ത്‌ ഒരു വെള്ളിനക്ഷത്രം പോലെ ജ്വലിച്ചുനിന്ന പ്രതിഭാശാലിയായ മാപ്പിള കവി-എം.കെ.അഹമ്മദ്‌ പള്ളിക്കര വിടപറഞ്ഞിട്ട്‌ 2009 ജനുവരി 31ന്‌ ഒരു ദശകം പൂര്‍ത്തിയാവുന്നു. സ്വതസിദ്ധമായ ശൈലിയില്‍ മലബാറിലെ മാപ്പിളപ്പാട്ട്‌ ആസ്വാദകരിലും കേരള‍ത്തിലാകമാനവും പ്രസിദ്ധനായ എം.കെ,മാപ്പിളപ്പാട്ടിന്‌ പുതിയ ഭാവവും രൂപവും ശൈലിയും നല്‍കിക്കൊണ്‍ട്‌ ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്‌ഠനേടിയ അപൂര്‍വം കവികളില്‍ ഒരാളായിരുന്നു.നാട്ടിലാകെ മാപ്പിളപ്പാട്ടിന്റെ ഈണം പകര്‍ന്ന്‌ ആ കലാകാരന്‍ 1999 ജനുവരി 31ന്‌ വിടപറഞ്ഞു.മാപ്പിളപ്പാട്ട്‌ രചനയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്‌ കാലത്തിന്‌ മുമ്പേ നടന്ന മഹാനായ കവിയായിരുന്നു എം.കെ.ഒരു നാടിന്റെയാകെ അഭിമാനമായി മാറിയ പ്രസിദ്ധനായ കവിയെ ഓര്‍ക്കാനും പുതിയ തലമുറക്ക്‌ പരിചയപ്പെടുത്താനും ആരും മുമ്പോട്ട്‌ വരാത്തത്‌ മാപ്പിള കലാരംഗത്ത്‌ അദ്ദേഹം സംഭാവനകളെ കുറച്ച്‌ കാണുന്നതിന്‌ തുല്യമായിരിക്കും.ചരിത്ര പ്രസിദ്ധമായ ബേക്കല്‍ കോട്ടയും നിരവധി ചരിത്ര സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച പ്രകൃതി രമണീയമായ സ്ഥലങ്ങളും ഉള്‍പ്പെടുന്ന പള്ളിക്കരയില്‍ ഒരു കൊച്ചു വീട്ടിലാണ്‌ എം.കെ തന്റെ കുടുംബജീവിതം നയിച്ചുവന്നിരുന്നത്‌.അറബി പദങ്ങള്‍ തലങ്ങും വിലങ്ങും ചേര്‍ത്ത്‌ മാപ്പിളപ്പാട്ടുകളെന്ന ലേബലില്‍ രചന നടത്തുന്ന ഇന്നത്തെ മാപ്പിള കവികളോട്‌ താരതമ്യപ്പെടുത്തുമ്പോഴാണ്‌ എം.കെ യുടെ രചനകളുടെ വില നാം അറിയുന്നത്‌.കേവലം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ എം.കെ യുടെ രചനകളില്‍ ഒരമാനുഷിക സിദ്ധി പ്രകടമായിരുന്നു.പതിനായിരത്തില്‍പരം രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്‍ട്‌.പക്ഷേ ഇന്ന്‌ പലര്‍ക്കുമതറിയില്ല.ഇതില്‍ പലതും വെളിച്ചം കാണാത്തവയായിരുന്നു.പുറം ലോകം അറിയാത്തതും പ്രസിദ്ധീകരിക്കാത്തതുമായ നിരവധി രചനകള്‍ കൊച്ചുകൂരയുടെ സ്ഥലപരുമിതി മൂലം തൊട്ടടുത്ത സ്ഥലത്ത്‌ സൂക്ഷിച്ചുവച്ചതിനാല്‍ നനഞ്ഞു നശിച്ചു പോയിട്ടുണ്‍ട്‌.പല രചനകളും പലരും വാങ്ങിക്കൊണ്‍ടുപോവുകയും തിരിച്ചുകിട്ടാതിരിക്കുകയും ചെയ്‌തിട്ടുണ്‍ട്‌.അദ്ദേഹത്തിന്റെ രചനകള്‍ ചിലര്‍ സ്വന്തം പേരിലാക്കയ നിരവധി സംഭവങ്ങളുമുണ്‍ടായിട്ടുണ്‍ട്‌.ഇതുമായി ബന്ധപ്പെട്ട്‌ പ്രശസ്‌തനായ ഗായകനുമായി നിയമയുദ്ധംവരെ എം.കെ നടത്തിയിട്ടുണ്‍ട്‌.65-ാം വയസ്സില്‍ എം.കെ അഹമ്മദ്‌ എന്ന മാപ്പിള കവി മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതസമ്പാദ്യമായ രചനകളും സൃഷ്‌ടികളും സംരക്ഷിക്കാമെന്ന്‌ അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ തന്നെ തന്റെ രചനകളിലൂടെ പ്രശസ്‌തിയിലെത്തിയ പലരും ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇന്നുവരെ അക്കാര്യത്തില്‍ ആരും താല്‍പര്യമെടുക്കുകയോ തിരിഞ്ഞുനോക്കുകയോ ചെയ്‌തിട്ടില്ല.മാപ്പിളപ്പാട്ട്‌,കല്ല്യാണപ്പാട്ട്‌,ദേശഭക്തിഗാനം,താരാട്ടുപാട്ട്‌,പ്രമുഖ മഖ്‌ബറകളെക്കുറിച്ചുള്ള മദ്‌ഹ്‌ഗാനങ്ങള്‍,പ്രമുഖ വ്യക്തികളുടെ വേര്‍പാടില്‍ നമുക്കുണ്‍ടാവുന്ന വേദന കോര്‍ത്തിണക്കിക്കൊണ്ടുള്ള ദു:ഖഗാനങ്ങള്‍ എന്നിവ രചിക്കുന്നതില്‍ മികച്ച രീതികളും ശൈലികളുമാണ്‌ അദ്ദേഹം അവലംബിച്ചത്‌ അവ ഓരോന്നും മികച്ച ഗായകരുടെ ശബ്‌ദത്തില്‍ ഇന്നും ഇവിടെ നിറഞ്ഞുനില്‍ക്കുന്നു.അവ ഓരോന്നും നമ്മെ ആസ്വാദനത്തിന്റെ വ്യത്യസ്‌ത തലങ്ങളിലേക്കാണ്‌ കൂട്ടിക്കൊണ്‍ടുപോകുന്നത്‌.അപ്പോഴും ആ അനുഗ്രഹീത കലാകാരനെ മറവിയുടെ മാറാലകള്‍ക്കുള്ളില്‍ തളച്ചിടാന്‍ നാം ശ്രമിച്ചുകൊണ്‍ടിരിക്കുന്നു.പ്രമുഖ എഴുത്തുകാരന്‍ ഇബ്രാഹിം ബേവിഞ്ച എം.കെ എന്ന കവിയുടെ ഇമ്പമാര്‍ന്ന ഇശലുകളുടെ രചനയിലൂടെ കോര്‍ത്തിണക്കിയ വരികളെയും അദ്ദേഹത്തിന്റെ കാവ്യഭാവനകളെയും പ്രധാന കൃതികളെയും സമന്വയിപ്പിച്ചുകൊണ്‍ടു എഴുതിയ ഇശല്‍മഴ എന്ന കാവ്യസമാഹാരം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രശംസ പിടിച്ചുപററുകയും ചെയ്‌തിട്ടുണ്‍ട്‌.മാപ്പിള കലാകേരളത്തിലെ യുവതലമുറയോട്‌ അഹമ്മദ്‌ എന്ന കവിയെക്കുറിച്ച്‌ അടുത്തറിയാന്‍ ഇബ്രാഹിംബേവിഞ്ചയുടെ രചന ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.പ്രകൃതി രമണീയമായ പള്ളിക്കര തീരദേശത്ത്‌ വിശാലമായ മണല്‍പ്പരപ്പില്‍ ഏകനായിരുന്നതുകൊണ്‍ട്‌ അനന്തമായി അലയടിച്ചുകൊണ്‍ടിരിക്കുന്ന തിരമാലകള്‍ കരയെ തലോടി സ്വയം നിര്‍വൃതികൊള്ളുമ്പോള്‍ അസ്‌തമയ സൂര്യന്‍ പടിഞ്ഞാറ്‌ ചക്രവാളത്തില്‍ ഉമ്മവച്ച്‌ നില്‍ക്കുന്ന ദൃശ്യഭംഗി,സായംസന്ധ്യയുടെ ഇളംകാററ്‌-കവി മനസ്സിനെ മാപ്പിള കാവ്യലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്തുകയായിരുന്നു.ആ ഏകാന്തതയില്‍ കോറിയിട്ട മാപ്പിള ഗാനശകലങ്ങളാണ്‌ ജനമനസ്സുകളില്‍ മായാതെ അനുഭൂതി നല്‍കിക്കൊണ്‍ടിരുന്നത്‌.പള്ളിക്കരയുടെ പ്രാന്തപ്രദേശങ്ങളിലൂടെയും ഇടവഴികളിലൂടെയും ഏകനായി സഞ്ചരിച്ചുകൊണ്‍ട്‌ കവി തന്റെ രചനകള്‍ക്ക്‌ കാവ്യ ഭംഗിയും ഇതിവൃത്തവും കണ്‍ടെത്തുകയായിരുന്നു.എം.കെയുടെ പ്രസിദ്ധമായ രചനയായ പാടിബിലാലെന്ന പൂങ്കുയില്‍ എന്ന ഗാനം ജനമനസ്സുകളില്‍ എത്ര കേട്ടാലും മതിവരാതെ തത്തിനില്‍ക്കുന്ന പ്രത്യേക അനുഭൂതിയാണ്‌ പകരുന്നത്‌.മാപ്പിള കവി പി.ടി അബ്‌ദുല്‍റഹ്മാന്‍ ബിലാല്‍(റ:അ)ന്റെ ചരിത്രം പൂര്‍ണമായും കറുത്തമുത്ത്‌ എന്ന പേരില്‍ രചിച്ചിട്ടും കണ്‍ടെത്തിയിട്ടില്ലാത്ത കാവ്യഭംഗിയാണ്‌ തന്റെ 12 വരി കവിതയില്‍ക്കൂടി എം.കെ സാധിച്ചത്‌.ചുട്ടുപഴുത്ത മണല്‍തരികളില്‍ മലര്‍ത്തിക്കിടത്തി കറുത്ത തൊലിയുള്ള ബിലാല്‍ (റ:അ)വിനെ ക്രൂരമായ ചാട്ടവാറിന്റെ തന്റെ വിശ്വാസപ്രമാണത്തില്‍ നിന്നും ഒരിഞ്ചു പോലും പിന്‍മാറാന്‍ തയ്യാറല്ലെന്ന്‌ പ്രഖ്യാപിച്ചു ധീരനായ ബിലാല്‍ (റ:അ)ന്റെ ആത്മശക്തിയും മുഴുവനും ആവാഹിച്ചുകൊണ്‍ട്‌ പാടുന്നവരില്‍നിന്ന്‌ ശ്രോതാക്കളിലേക്ക്‌കൂടി പുതിയൊരു ലോകത്തിലേക്ക്‌ നമ്മെ ആനയിക്കുന്നത്‌.കാലിക്കററ്‌ യൂണിവേഴ്‌സിററിയിലെ ഒരു മുതിര്‍ന്ന അമുസ്ലിം ഉദ്യോഗസ്ഥന്‍ പ്രമുഖ മാപ്പിളപ്പാട്ട്‌ ഗായകനെ ഫോണില്‍ പാടി കേള്‍പ്പിച്ച്‌, പാടി ബിലാലെന്ന പൂങ്കുയില്‍ എന്ന രചനയുടെ കര്‍ത്താവാരെന്ന്‌ ചോദിച്ചപ്പോള്‍ അത്‌ പള്ളിക്കരയിലെ എം.കെ അഹമ്മദ്‌ എന്ന്‌ ഗായകന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത്ഭുതംകൂറിയത്രെ.... കാരണം അത്തരത്തില്‍ ഒരു കവിയെക്കുറിച്ച്‌ അദ്ദേഹം കേട്ടിട്ടുപോലുമുണ്‍ടായിരുന്നില്ല.ഉഹദ്രണാങ്കണ മണല്‍തരികള്‍പോലും തരിച്ചുപോയി എന്ന്‌ തുടങ്ങി നിരവധി ഇസ്ലാമിക ചരിത്രസംഭവങ്ങള്‍ എം.കെയുടെ തൂലികയുടെ പിറവിയെടുത്തപ്പോള്‍ കോരിത്തരിക്കാത്ത ഒരൊററ ശ്രോദ്ധാവുമുണ്‍ടായിരുന്നില്ല മററു മേഖലകളെപ്പോലെ മാപ്പിളപ്പാട്ടും വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ മാപ്പിളപ്പാട്ടിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ എന്നും തുണയായിരുന്ന എം.കെയെ സ്‌മരിക്കാന്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഓരവാര്‍ഡ്‌ ഏര്‍പ്പെടുത്തേണ്‍ട സമയം അതിക്രമിച്ചിരിക്കുകയാണ്‌.വളരുന്ന യുവതലമുറയ്‌ക്ക്‌ അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഓരവാര്‍ഡ്‌ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അതവര്‍ക്ക്‌ പ്രചേദനമാവും എന്നുമാത്രമല്ല,എം.കെ അഹമ്മദിനു നല്‍കുന്ന മരണാനന്തര ബഹുമതി കൂടിയായിരിക്കുമത്‌.

മൗവ്വല്‍ മാമു

Courtesy to : kasaragodvartha

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com