കാസര്‍കോട് വെടിവെപ്പ്: എസ്.പി രാംദാസ് പോത്തന്‍ ഒറ്റപ്പെടുന്നു

on Jan 21, 2010

കാസര്‍കോട്: കാസര്‍കോട് പൊലീസ് വെടിവെപ്പ് കേസില്‍ സഹപ്രവര്‍ത്തകരുടെ സഹകരണമില്ലാതെ മുന്‍ എസ്.പി രാംദാസ് പോത്തന്‍ ഒറ്റപ്പെടുന്നു. കഴിഞ്ഞ നവംബര്‍ 15ന് മുസ്ലിംലീഗ് സ്വീകരണ സമ്മേളനത്തിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകന്‍ ചെറുവത്തൂര്‍ പയ്യങ്കിയിലെ എം.കെ. മുസ്തഫ ഹാജിയുടെ മകന്‍ കെ. ശഫീഖ് (18) വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ രാംദാസ് പോത്തന് അനുകൂലമായി സാക്ഷി പറയാന്‍ സഹപ്രവര്‍ത്തകര്‍ തയാറാവാത്തതാണ് കാരണം. പൊലീസ് വെടിവെപ്പിനിടയായ സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍പോലും എസ്.പിക്ക് അനുകൂലമായി മൊഴി നല്‍കിയിട്ടില്ലെന്നാണ് വിവരം. മാസങ്ങള്‍ക്കകം ഭരണം മാറുമെന്ന തിരിച്ചറിവാണത്രെ 'സ്വയരക്ഷ'ക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്.ക്രൈംബ്രാഞ്ച് ശേഖരിച്ച സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളും കാണിച്ച് മൊഴിയെടുക്കവെ, ഇവരില്‍ ആരെയും തിരിച്ചറിയില്ലെന്നാണ് പൊലീസുകാര്‍ നല്‍കിയ മൊഴി. ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതിനെക്കുറിച്ചും വെടിവെപ്പിനുള്ള സാഹചര്യം ഉണ്ടായിരുന്നോ, പൊലീസിനുനേരെ അക്രമമുണ്ടായോ തുടങ്ങി ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉയര്‍ന്ന പൊലീസുകാരടക്കം കൃത്യമായ മറുപടി നല്‍കിയിട്ടില്ലത്രെ. അതേസമയം, കാസര്‍കോട് സി.ഐയുടെ ജീപ്പ് മറിച്ചിട്ട് കത്തിക്കാന്‍ ശ്രമിച്ചതായി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ജീപ്പില്‍നിന്ന് ഗ്രനേഡ് തട്ടിയെടുത്തയാളെ ഡ്രൈവര്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ 'തങ്ങളൊന്നും കണ്ടിട്ടില്ലെന്ന' നിലപാടിലാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ 'മാധ്യമ'ത്തോട് പറഞ്ഞു.വെടിവെപ്പിനുമുമ്പ് ബദിയഡുക്ക എസ്.ഐ സിബി തോമസും ഏതാനും പൊലീസുകാരും കല്ലേറുകൊണ്ട് റോഡില്‍ വീണിരുന്നു. മൂക്കിനും പല്ലുകള്‍ക്കും പരിക്കേറ്റ എസ്.ഐ ദിവസങ്ങളോളം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എന്നാല്‍ കല്ലേറുണ്ടായോ, എവിടെനിന്ന്, അക്രമികള്‍ ആരെല്ലാം തുടങ്ങി ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്കൊന്നും അന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കല്ല് വന്നത് എവിടെനിന്നെന്നറിയില്ല, അക്രമികളില്‍ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നിങ്ങനെയാണ് പൊലീസുകാരുടെ മൊഴി. പൊലീസുകാരെ രക്ഷിക്കാനായി വെടിവെപ്പിന്റെ ഉത്തരവാദിത്തം എസ്.പി സ്വയം ഏറ്റെടുത്ത സാഹചര്യത്തില്‍ 'തടി രക്ഷപ്പെടുത്താന്‍' സഹപ്രവര്‍ത്തകര്‍ കാണിക്കുന്ന വ്യഗ്രത തങ്ങളെ അദ്ഭുതപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.അതേസമയം, എം.ജി റോഡിനടുത്ത അമെയ് കോളനി ആക്രമിച്ച് വര്‍ഗീയ കലാപം ഇളക്കിവിടാന്‍ ലീഗ് സമ്മേളനത്തിനെത്തിയ ഒരുസംഘം ബോധപൂര്‍വം ശ്രമിച്ചതിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. മറ്റു ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അക്രമികളെ തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.പൊലീസിനെ ആക്രമിച്ച സംഘത്തിനുനേരെ വെടിവെച്ചില്ലായിരുന്നെങ്കില്‍ കാസര്‍കോട് കത്തിയേനെ എന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇപ്പോള്‍ കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് എ.ആര്‍ ക്യാമ്പില്‍ കമാന്‍ഡന്റായ രാംദാസ് പോത്തന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തിയാലും എല്ലാം അറിയുന്ന ഒരാള്‍ മുകളിലുണ്ട്. ഞാന്‍ ഈശ്വര വിശ്വാസിയാണ് ^അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com