വിവാദങ്ങള്‍ ഒടുങ്ങി; ചിത്താരിയില്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു

on Jan 21, 2010


ചിത്താരി: വിവാദങ്ങള്‍ ഒടുങ്ങിയതോടെ ചിത്താരിയില്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ വൈമുഖ്യം കാട്ടിയപ്പോള്‍ പുഴക്ക് മരപ്പാലം പണിത് പ്രതിഷേധിച്ച ചിത്താരി കടപ്പുറം ദ്വീപ്നിവാസികളുടെ സമരം വിജയം കണ്ടു. നാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ചിത്താരി പ്യ്ഴക്ക് കോണ്‍ക്രീറ്റ് പാലം നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. സുനാമി ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പണിയുന്നത്. അജാനുര്‍ 19‍ാം വാര്‍ഡ് ഉള്‍പ്പെടുന്ന ചിത്താരി ദ്വീപ് നഗരത്തില്‍ നിന്ന് അകലെയല്ലെങ്കിലും യാത്രാസൗകര്യമില്ലാത്തതിനാല്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. 300 ലധികം കുടുംബങ്ങള്‍ ഇവിടെയുണ്ട്. കാല വര്‍ഷം കടക്കുമ്പോള്‍ ജനങ്ങള്‍ ഭയപ്പാടിന്റെ ദിവസങ്ങള്‍ തള്ളിനീക്കുന്നു. സ്കൂളില്‍ പോകാന്‍ പോലും വഴിയില്ല. ദുരിതത്തിന് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് തോണി യാത്ര ഒഴിവാക്കി നടപ്പാലമെങ്കിലും നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമരമുറകള്‍ പലതും പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ പണിത നടപ്പാലം നാലുവര്‍ഷത്തോളം പ്രയോജനപ്പെട്ടെങ്കിലും പിന്നീട് യാത്രക്ക് കൊള്ളാതായി. ഈ ദുസ്ഥിതി കണക്കിലെടുത്താണ് പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒരു വര്‍ഷം മുമ്പ് തറക്കല്ലിട്ടു. പാലം എവിടെ പണിയണമെന്നതിനെ ചൊല്ലി തര്‍ക്കങ്ങളും വിവാദങ്ങളും നിലനില്‍ക്കെ മാട്ടുമ്മലിലാണ് തറക്കല്ലിട്ടത്. നടപ്പാലം സ്ഥിതിചെയ്യുന്ന സ്ഥലത്തുതന്നെ കോണ്‍ക്രീറ്റ് പാലവും നിര്‍മ്മിക്കണമെന്ന ആവസ്യം ഉയര്‍ന്നപ്പോള്‍ തര്‍ക്കവും ഉടലെടുത്തു. ദ്വീപിന്റെ തെക്കുഭാഗത്തുള്ളവര്‍ക്കു കൂടി സൗകര്യം ലഭിക്കുന്നതിന് മാട്ടുമ്മലില്‍ പാലം പണിയണമെന്ന അഭിപ്രായം നേതൃതലത്തില്‍ ഉയര്‍ന്നതോടെ വിവാദങ്ങള്‍ അടങ്ങി. വടക്കുഭാഗത്തുള്ളവര്‍ക്ക് ചേറ്റുക്കുണ്ടില്‍ എളുപ്പം എത്താമെന്നതും തര്‍ക്കം അവസാനിക്കാന്‍ കാരണമായി.

1 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com