മുക്രിപ്പോക്കര്‍ ‍തെയ്യംത്തിനു മുമ്പില്‍ വിശ്വാസികള്‍ തൊഴുകൈയോടെ

on Feb 13, 2010

വെള്ളരിക്കുണ്ട്: ദേശാധിപതികളായ തെയ്യങ്ങള്‍ക്ക് മുന്നില്‍ പടവീരനായ മുക്രിപ്പോക്കറുടെ പടപ്പുറപ്പാട്. അസ്സര്‍ നിസ്‌കാരം കഴിഞ്ഞ് അങ്കത്തട്ടിലിറങ്ങിയ മുക്രിപ്പോക്കര്‍ക്ക് മുന്നില്‍ വിശ്വാസികള്‍ തൊഴുകൈയോടെ നിന്നു. വാളും പരിചയുമേന്തി അങ്കക്കലി തുള്ളിയ പടനായകനെ കാണാന്‍ ജാതിമത ഭേദമില്ലാതെ വന്‍ ജനാവലിയെത്തി. മാലോം കൂലോത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം ദേശകൂട്ടായ്മയുടെ മണിമുഴക്കമായി. ഐതിഹ്യങ്ങളുടെ പിന്‍ബലം ഏറെയുണ്ട് മുക്രിപ്പോക്കറുടെ വരവിന്. പുരാതനമായ മാലോം കൂലോത്തിന്റെ അധീനതയിലുള്ള ദേശത്തിന്റെ സംരക്ഷകനായിരുന്നുവത്രേ നീതിമാനായ പോക്കര്‍. ഉള്ളാളം ദേശത്തുനിന്ന് പാണത്തൂര്‍ കിഴക്കേ കോവിലകത്തെത്തിയെന്നും അവിടെ നിന്ന് മാലോം കൂലോത്തിന്റെ സംരക്ഷകനായി വന്നുവെന്നുമാണ് ഐതിഹ്യം. അപവാദത്തില്‍ കുരുങ്ങിയ പോക്കര്‍ അപമൃത്യുവിനിരയായി. മരിച്ച പോക്കര്‍ കൂലോത്തെ തെയ്യങ്ങള്‍ക്കൊപ്പം ദൈവസാന്നിധ്യമായി. മാവിലന്‍ സമുദായത്തില്‍പ്പെട്ടവരാണ് ഈ തെയ്യത്തിന്റെ കോലമണിയുന്നത്. ദേഹശുദ്ധിവരുത്തി ക്ഷേത്ര മുറ്റത്തെ തറയില്‍ നിസ്‌കാരവും കഴിഞ്ഞാണ് പടിഞ്ഞാറ്റമുറ്റത്ത് കാത്തിരുന്ന ദേശദേവതമാര്‍ക്ക് മുന്നില്‍ മുക്രിപ്പോക്കര്‍ എത്തിയത്. വലിയ ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ ആജ്ഞക്കൊത്ത് പോക്കറും കൂടെ മണ്ഡലത്തു ചാമുണ്ഡിയും ഉറഞ്ഞാടി. വരും കാലത്തേക്കുള്ള നന്മകള്‍ ചൊല്ലി നാലുതെയ്യങ്ങളും സന്ധ്യയോടെ അരങ്ങൊഴിഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com