ലോക വനിതാ ദിനം ഡ്രൈവിംഗ് ജീവിത വിജയമാക്കി ശീതളും അംബികയും

on Mar 8, 2010


ഇന്ന് ലോക വനിതാ ദിനം

കാഞ്ഞങ്ങാട്: വാഹനങ്ങളുടെ വളയം തിരിക്കുവാനുള്ള കമ്പം ചെറുപ്രായത്തില്‍ തന്നെ സഫലമായപ്പോള്‍ ശീതള്‍ കരുതിയിരുന്നില്ല ഇതെനിക്ക് ഉപജീവനമാര്‍ഗ്ഗമാവുമെന്ന്. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം വീട്ടിലിരിക്കെ സുഹൃത്ത് അംബികയുമായി ഡ്രൈവിംഗ് വിശേഷങ്ങള്‍ പങ്കുവെച്ചപ്പോഴാണ് പുതിയൊരാശയം മനസ്സിലുദിച്ചത്. വളയം പിടിക്കാന്‍ പരിശീലിക്കുന്ന വനിതകള്‍ക്ക് മാത്രമായൊരു സ്ഥാപനം. ഇന്ന് ജില്ലയിലെ നിരവധി പേരുടെ ഡ്രൈവിംഗ് അധ്യാപികമാരാണ് ശീതളും അംബികയും. ശ്രീ മുത്തപ്പന്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ ഉടമകളുമാണിവര്‍. കാഞ്ഞങ്ങാട് ആവിക്കരയിലെ കൃഷ്ണന്റെ മകളാണ് ശീതള്‍. അംബിക കടിക്കാല്‍ എ.പി.നിവാസില്‍ പരേതനായ അമ്പുവിന്റെ മകളാണ്.

മറ്റാരുടെയും സഹായമില്ലാതെയാണ് ശീതള്‍ ഡ്രൈവിംഗ് പഠിച്ചത്. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇരുചക്രവാഹനങ്ങള്‍ ഓടിച്ച് സ്വയം പഠിക്കുകയായിരുന്നു. ഡ്രൈവിംഗ് സ്‌കൂളുകളെ സമീപിക്കാത്തതിനാല്‍ ലൈസന്‍സ് കിട്ടുന്നതിന് ഏറെ കഷ്ടപ്പെട്ടു. ഇതാണ് വനിതകള്‍ക്ക് മാത്രമായി ഒരു ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങാന്‍ കാരണമായത്.

10,000 രൂപ കുടുംബശ്രീയില്‍ നിന്നും വായ്പ എടുത്തും 4000 രൂപ കടം വാങ്ങിയും കിട്ടിയ 14000 രൂപ കൊടുത്ത് പഴയ ഒരു സ്‌കൂട്ടര്‍ വാങ്ങിയാണ് ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങിയത്. ഇന്ന് ഇവര്‍ക്ക് മൂന്ന് സ്‌കൂട്ടറുകളും ഒരു മാരുതിക്കാറും പരിശീലനത്തിനുണ്ട്. കൂടാതെ സ്വകാര്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു സ്‌കൂട്ടറുമുണ്ട്. മറ്റൊരു സ്ത്രീക്ക് ഡ്രൈവിംഗ് അധ്യാപികയായി ജോലി നല്‍കാനും കഴിഞ്ഞു.

അവഗണനകളും എതിര്‍പ്പുകളും അതിജീവിച്ചാണ് ഇവര്‍ സ്ഥാപനം മുന്നോട്ട് നയിച്ചത്. വനിതകളായതിന്റെ വിവേചനം പലപ്പോഴും അനുഭവപ്പെട്ടതായി ഇവര്‍ പറയുന്നു. മറ്റ് ഡ്രൈവിംഗ് സ്‌കൂളുകാര്‍ ഇവരെ തുടക്കത്തില്‍ അംഗീകരിച്ചിരുന്നില്ല. ക്രമേണ എതിര്‍പ്പുകള്‍ മാറി അസോസിയേഷനില്‍ അംഗത്വം നല്‍കുകയും ചെയ്തു.

അവിവാഹിതരായ ഇവര്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ട്. അംബിക നഗരസഭ 39-ാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസ്. പ്രസിഡന്റും സി.ഡി.എസ്അംവുമാണ്. ജനമൈത്രി പോലീസ്, പാലിയേറ്റീവ് കെയര്‍, ആരോഗ്യ പദ്ധതികളിലും ഇവര്‍ സഹകരിക്കുന്നു.
-മാതൃഭൂമി

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com