മതസൗഹാര്‍ദത്തിന് മാതൃകയായി പൈക്കം

on Mar 20, 2010

ചെര്‍ക്കളം: മാനവസൗഹൃദത്തിന് ഉറൂസിലൂടെയും ക്ഷേത്രോത്സവത്തിലൂടെയും പുതുമാനം തീര്‍ക്കുകയാണ് പൈക്കം. പൈക്കം പൂമാണി കിന്നിമാണി ക്ഷേത്ര പുനഃപ്രതിഷ്ഠാ കലശോത്സവത്തിന് കലവറനിറയ്ക്കുന്നതിന് അരിയും തേങ്ങയും പച്ചക്കറികളുമായി തൊട്ടടുത്ത മണവാട്ടിബീവി മഖാം കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഘോഷയാത്രയെത്തിയത് ജാതിയുടെയും മതത്തിന്റെയുംപേരില്‍ അതിര്‍വരമ്പുകള്‍തീര്‍ക്കുന്ന കാലഘട്ടത്തില്‍ മനസ്സ് കുളിര്‍പ്പിക്കുന്ന കാഴ്ചയായി.മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്ര പരിസരത്തുനിന്ന് ബാലടുക്ക, ചൂരിപ്പള്ളം, സാലടുക്ക, നെക്രാജെ എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കലവറനിറക്കല്‍ ഘോഷയാത്രയ്ക്ക് പിന്നാലെയാണ് മഖാംകമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ കലവറനിറക്കുന്നതിനുള്ള സാധനങ്ങളുമായി എത്തിയത്.മഖാംകമ്മിറ്റി പ്രസിഡന്റ് പി.എം.ആമു, ജനറല്‍ സെക്രട്ടറി ഹനീഫ് കരിങ്ങപ്പള്ളം, പി.ബീരാന്‍ ഹാജി, സംസം അബ്ദുള്ളകുഞ്ഞി, ബി.ഹസൈനാര്‍, കെ.പി.ഹമീദ്, കെ.എം.ഹനീഫ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങളുമായെത്തിയത്. ക്ഷേത്രം ആഘോഷക്കമ്മിറ്റി ചെയര്‍മാനും മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്ര മാനേജിങ് ട്രസ്റ്റിയുമായ ആനമജല്‍ വിഷ്ണുഭട്ട്, ജനറല്‍ കണ്‍വീനര്‍ പി.പുരുഷോത്തമ പുണിച്ചത്തായ എന്നിവരുടെ നേതൃത്വത്തില്‍ മഖാംകമ്മിറ്റി ഭാരവാഹികളെ ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ക്ഷേത്രാങ്കണത്തിലേക്ക് സ്വീകരിച്ചു.ഉറൂസ്-ക്ഷേത്രോത്സവ വേളകളില്‍ പരസ്​പരം സഹകരിക്കാറുണ്ടെങ്കിലും സാമുദായികസൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിന് നാട്ടിന് മാതൃകയാകുന്നതിനാണ് ഇക്കുറി കലവറനിറക്കല്‍ സാധനങ്ങളുമായെത്തിയതെന്ന് മഖാംകമ്മിറ്റി ജനറല്‍സെക്രട്ടറി ഹനീഫ് കരിങ്ങപ്പള്ളം പറഞ്ഞു.രണ്ടാഴ്ചമുമ്പ് നടന്ന പൈക്കം മണവാട്ടി ബീവി മഖാം ഉറൂസിലും സമാപനത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിലും ഇതരസമുദായക്കാര്‍ പങ്കെടുത്തിരുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com