News Highlight: കര്‍ണാടക കേഡറിലെ ഏറ്റവും പ്രായംകുറഞ്ഞ കലക്ടറായി മലയാളി മാണ്ഡ്യയില്‍ ചുമതലയേല്‍ക്കുന്നു.

on Mar 14, 2010

ബംഗളൂരു: കര്‍ണാടക കേഡറിലെ ഏറ്റവും പ്രായംകുറഞ്ഞ മലയാളി ഐ.എ.എസ് ഓഫീസര്‍ പി.സി. ജാഫര്‍ ഇനി മാണ്ഡ്യ ജില്ലയുടെ അധികാരി. കേന്ദ്ര ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന ഡയറക്ടറായ ജാഫറെ മാണ്ഡ്യ ജില്ലാ കലക്ടറായി (ഡെപ്യൂട്ടി കമീഷണര്‍) സര്‍ക്കാര്‍ നിയമിച്ചു. 2003ഐ.എ.എസ് ബാച്ചുകാരനായ 33കാരന്‍ ഈ മാസം ഒടുവില്‍ ചുമതലയേല്‍ക്കും. കൊടുവള്ളി ആവിലോറ സ്വദേശി എന്‍.കെ. അബൂബക്കറിന്റെ മകനാണ്.
സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍(S K S S F) കേരള കമ്മിറ്റി മസ്കത്ത് സുന്നി സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കിയ ഹയര്‍ എജുക്കേഷന്‍ പ്രോഗ്രാം സ്പോണ്‍സര്‍ഷിപ്പോടെയാണ് ജാഫറിന്റെ സിവില്‍ സര്‍വീസ് പ്രവേശം.
ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഡയറക്ടറേറ്റ് രൂപവത്കരണം, ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് ഫണ്ടിങ് വിതരണം തുടങ്ങിയ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതിന്റെ ചാരിതാര്‍ഥ്യവുമായാണ് ജാഫര്‍ ഡയറക്ടര്‍ പദവി ഒഴിയുന്നത്. പദ്ധതി വിഹിതം 320കോടിയില്‍നിന്ന് 3500കോടിയാക്കി ഉയര്‍ത്തി. പദ്ധതി വഴി ഏറ്റവും കൂടുതല്‍ തുക വിതരണംചെയ്ത സംസ്ഥാനങ്ങളിലൊന്നായി കര്‍ണാടക മാറി. തൊഴിലുറപ്പ് പദ്ധതിയുടെ 'ബെസ്റ്റ് എക്സലന്റ്' അവാര്‍ഡും ജാഫറിന് ലഭിച്ചു. റായ്ചൂരില്‍ അസിസ്റ്റന്റ് കമീഷണറായാണ് ജാഫറിന്റെ തുടക്കം. തുടര്‍ന്ന് ഗുല്‍ബര്‍ഗയില്‍ അസി. കമീഷണറായി നിയമിതനായി.
ഗുല്‍ബര്‍ഗയില്‍തന്നെ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയായും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ജോലി ചെയ്തു. പിന്നീട് ഗ്രാമീണ വികസന^പഞ്ചായത്ത് രാജ് വകുപ്പില്‍ ഡയറക്ടറായാണ് സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിലേക്ക് തിരിച്ചുവന്നത്.
എളേറ്റില്‍ എം.ജെ. സ്കൂള്‍, കോടഞ്ചേരി ഗവ. കോളജ്, കാലിക്കറ്റ്^കേരള സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദല്‍ഹി ജാമിഅ മില്ലിയയില്‍നിന്ന് ഡോക്ടറേറ്റ് നേടി. കോഴിക്കോട് വെങ്ങളം സ്വദേശിനി മുനയാണ് ഭാര്യ. മകന്‍: അജ്മല്‍.

1 comments:

റഹീം said...

സമസ്തയും അതിന്റെ പോഷകസംഘടനയായ എസ് കെ എസ് എസ് എഫും ചയ്യുന്ന സാമൂഹ്യ നന്മ ഇതുപോലെയുള്ള വാര്‍ത്തകളില്കൂടി മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com