കേരളം വ്യാജപാസ്‌പോര്‍ട്ടിന്റെ പറുദീസയാകുന്നു

on Apr 12, 2010



ഇന്ത്യയില്‍ ആര്‍ക്കും എവിടെയും എപ്പോഴും ചുളുവില്‍ സംഘടിപ്പിക്കാവുന്ന ഒന്നാണ് വ്യാജ പാസ്‌പോര്‍ട്ട്. കള്ളക്കടത്തുകാര്‍ മുതല്‍ തീവ്രവാദികള്‍ വരെ ഇത് യഥേഷ്ടം
ദുരുപയോഗം ചെയ്യുന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടുന്ന ഗൂഢസംഘങ്ങള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജപാസ്‌പോര്‍ട്ടുകളുടെ ഉള്ളറകളെപ്പറ്റി ഒരു അന്വേഷണം

ഇപ്പോള്‍ ആര്‍ക്കും എവിടെയും എപ്പോഴും സംഘടിപ്പിക്കാവുന്ന ഒന്നായിട്ടുണ്ട് വ്യാജപാസ്‌പോര്‍ട്ട്. രേഖകളില്ലാതെ വിദേശയാത്ര നടത്തുന്നവരും ഹവാല ഇടപാടുകാരും കള്ളക്കടത്തുകാരും മയക്കുമരുന്നു കടത്തുകാരും എന്തിന് തീവ്രവാദികള്‍ വരെ വ്യാജപാസ്‌പോര്‍ട്ടിന്റെ ഉപയോക്താക്കളാണ്.

20,000
രൂപ മുതല്‍ 50,000 വരെയാണ് വ്യാജന്റെ വില. അതുകൊണ്ടുതന്നെ ഇവ നിര്‍മിച്ചുനല്‍കുന്ന വന്‍ ഗൂഢസംഘം തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. പാസ്‌പോര്‍ട്ട് ഓഫീസുകള്‍, പോലീസ് ഉദ്യോഗസ്ഥര്‍, പോസ്റ്റ്മാന്‍മാര്‍ എന്നിവരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതില്‍ വ്യാജ പാസ്‌പോര്‍ട്ട് മാഫിയ വിജയിച്ചിട്ടുണ്ട്.

ഇവര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസുകളിലുള്ള സ്വാധീനം വലുതാണ്. യഥാര്‍ഥ ആള്‍ക്കാണോ പാസ്‌പോര്‍ട്ട് നല്‍കുന്നത് എന്നു പരിശോധിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥന് നല്‍കാന്‍ ഒരു നിശ്ചിത തുകയുണ്ട്. തപാലില്‍ അയയ്ക്കുമ്പോള്‍ ശരിയായ മേല്‍വിലാസക്കാരന് മാത്രമേ നല്‍കാവൂ എന്നിരിക്കെ പോസ്റ്റ്മാന്‍മാരെ സ്വാധീനിച്ച് വ്യാജവിലാസക്കാരന് നല്‍കാനാകുന്നു.

മൊത്തം അഞ്ചു തരത്തിലുള്ള വ്യാജപാസ്‌പോര്‍ട്ടുകളാണ് ഇന്ത്യയില്‍ ഇറങ്ങുന്നത്. മറ്റൊരാളുടെ പാസ്‌പോര്‍ട്ടില്‍ തല വെട്ടിമാറ്റിയെടുക്കുന്നതാണ് ഇതിലൊരു രീതി. ഏകദേശം രൂപസാദൃശ്യമുള്ള ഒരാളുടെ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് അതുവഴി കടക്കുക എന്ന വിദ്യ ഉപയോഗിക്കുന്നതാണ് മറ്റൊരു തന്ത്രം. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും എമിഗ്രേഷന്‍ സ്റ്റാമ്പുകളില്‍ കൃത്രിമം നടത്തിയാണ് മറ്റൊരു തട്ടിപ്പ്. വേറെ ആള്‍ക്കാരുടെ പേരും വിലാസവും ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് നാലാമത്തെ വിധം. കള്ളനോട്ടടിക്കുംപോലെ പക്കാ വ്യാജപാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നതാണ് ഏറ്റവും പുതിയ രീതി. റേഷന്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ യഥേഷ്ടം ഇവിടെ വ്യാജമായി ലഭിക്കുമ്പോള്‍ വ്യാജപാസ്‌പോര്‍ട്ട് റാക്കറ്റുകള്‍ക്ക് അതൊരു അനുഗ്രഹവുമായി.

പാസ്‌പോര്‍ട്ടിന്റെ ആദ്യപേജിലെ ലാമിനേഷന്‍ പേപ്പര്‍ ഇളക്കിമാറ്റിയാണ് ഫോട്ടോ വിദഗ്ധമായി മാറ്റുന്നത്. അതും സ്‌കാന്‍ ചെയ്ത ഫോട്ടോകള്‍. നല്ല പരിചയമുള്ളവര്‍ക്കേ ഇങ്ങനെ ചെയ്യാനാകൂ. വ്യാജപാസ്‌പോര്‍ട്ടാണോ എന്നു തിരിച്ചറിയാനാകില്ല. സംശയത്താല്‍ ചോദ്യം ചെയ്യുമ്പോഴാണ് ഇക്കാര്യം മനസ്സിലാകുന്നതെന്ന് ഒരു എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍തന്നെ സമ്മതിച്ചു.

1980
മുതല്‍തന്നെ വ്യാജപാസ്‌പോര്‍ട്ട് റാക്കറ്റ് ഇന്ത്യയില്‍ സജീവമായിത്തുടങ്ങി. അന്നൊക്കെ മുംബൈയായിരുന്നു വ്യാജന്റെ പ്രധാന കേന്ദ്രം. വ്യാജപാസ്‌പോര്‍ട്ടുമായി കടക്കുന്നവരെ സഹായിക്കാന്‍ ഇവരുടെ ഏജന്റുമാര്‍ വിമാനത്താവളം ചുറ്റിപ്പറ്റിയുണ്ടാകും. പിന്നീട് പുതിയ വിമാനത്താവളങ്ങള്‍ വന്നതോടെ വ്യാജപാസ്‌പോര്‍ട്ട് റാക്കറ്റുകള്‍ മറ്റിടങ്ങളിലേക്കും വല വിരിച്ചു.

ഏതു വിദേശിക്കും എളുപ്പം സംഘടിപ്പിക്കാം
തമ്മനം ഷാജിക്കു മുതല്‍ പാക് പൗരന്‍ ഫഹദിനു വരെ ചുളുവില്‍ വ്യാജപാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുകൊടുക്കാന്‍ കേരളത്തില്‍ ആളുണ്ടായി എന്നറിഞ്ഞപ്പോഴാണ് അതുവരെ സംഭവത്തെ ലാഘവത്തോടെ കണ്ട അധികൃതര്‍ ഉറക്കംവിട്ടുണര്‍ന്നത്.

മതതീവ്രവാദബന്ധമുള്ളതായി ആരോപണമുള്ള മലപ്പുറത്തെ ഗുരു, തമ്മനം ഷാജിക്ക് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുത്തുവെന്നാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ പാസ്‌പോര്‍ട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഷാജിയെ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. പാക് പൗരന്‍ ഫഹദിന് മലപ്പുറം കാവനൂരിലെ വൈ.പി. ട്രാവല്‍ ഏജന്‍സി വഴിയാണ് വ്യാജപാസ്‌പോര്‍ട്ട് കിട്ടിയത്. ഏതു വിദേശിക്കും എളുപ്പം സംഘടിപ്പിക്കാവുന്നതാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എന്ന ഗുരുതരമായ പ്രശ്‌നത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. 20,000 രൂപയാണ് ഫഹദിനോട് പാസ്‌പോര്‍ട്ട് തരപ്പെടുത്താന്‍ ട്രാവല്‍ ഏജന്‍സി ഉടമ റഹ്മത്തുള്ള ആവശ്യപ്പെട്ടതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. മുഹമ്മദ്‌കോയ എന്ന പേരിലാണ് കാവനൂരിനടുത്ത് എളയൂരിലെ വ്യാജവിലാസത്തില്‍ ഫഹദിനുള്ള പാസ്‌പോര്‍ട്ടിനപേക്ഷിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് കാവനൂര്‍ പോസ്റ്റ് ഓഫീസിലെത്തി. പിറ്റേന്ന് ട്രാവല്‍ ഏജന്‍സി ജീവനക്കാരി പോസ്റ്റ്മാനില്‍നിന്ന് പാസ്‌പോര്‍ട്ട് വാങ്ങി. ട്രാവല്‍ ഏജന്‍സിയില്‍ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച് ഒട്ടേറെ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിച്ചുകൊടുത്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. പാകിസ്താന്‍ പൗരന്‍ എന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഫഹദിന് പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുത്തത്. മുമ്പും പാകിസ്താന്‍ പൗരത്വമുള്ളവര്‍ ഇത്തരത്തില്‍ പാസ്‌പോര്‍ട്ടുകള്‍ ഇവിടെനിന്നു വാങ്ങിയിട്ടുണ്ടെന്നും പോലീസ് കരുതുന്നു. മലപ്പുറത്തെ മറ്റു ചില ട്രാവല്‍ ഏജന്‍സികളും പാസ്‌പോര്‍ട്ട് അപേക്ഷകളോടൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് വെക്കുന്നതെന്നും പോലീസിന് വിവരം ലഭിച്ചു.

പാസ്‌പോര്‍ട്ടിനായി വ്യാജരേഖ തയ്യാറാക്കുന്ന ഗൂഢസംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഈ സംഘം ആവശ്യക്കാര്‍ക്ക് ഉണ്ടാക്കിക്കൊടുക്കും. ഒപ്പും സീലും വരെ കാഴ്ചയില്‍ ഒറിജിനലിനെ വെല്ലുന്ന തരത്തില്‍.

ഈയിടെ വ്യാജരേഖ ചമച്ച കേസില്‍ നാദാപുരം വളയം പോലീസ് അന്വേഷിച്ചപ്പോള്‍ ഒട്ടേറെപ്പേര്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ വ്യാജരേഖയുണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതായി കണ്ടെത്തി. വിലങ്ങാട് വില്ലേജ് ഓഫീസില്‍നിന്ന് ലഭിച്ച കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ 1201 എന്ന നമ്പറാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിലങ്ങാട് വില്ലേജ് ഓഫീസില്‍ 200നുപുറത്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടില്ല. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിനു പുറമെ തഹസില്‍ദാരുടെയും വ്യാജരേഖയുണ്ടാക്കിയിട്ടുണ്ട്. ഒരു രേഖയില്‍ തഹസില്‍ദാര്‍ കെ. പുഷ്പരാജന്‍ എന്നും രണ്ടാമത്തേതില്‍ തഹസില്‍ദാര്‍ കെ. മാധവന്‍ എന്നുമാണ് എഴുതിയത്. ഓഫീസ് സീലും വ്യാജം. പാസ്‌പോര്‍ട്ടിനായി ഏറെ പേര്‍ക്ക് കമ്യൂണിറ്റി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുണ്ടെങ്കിലും ഇവയുടെ തുടര്‍പരിശോധനയ്ക്കായി അധികൃതര്‍ എത്താറില്ല എന്നതാണ് വാസ്തവം.

വ്യാജപാസ്‌പോര്‍ട്ടില്‍ മൂന്നു പ്രാവശ്യം വിദേശയാത്ര നടത്തിയ ശേഷം അറസ്റ്റിലായ കൊല്ലം തൃക്കോവില്‍ സക്കീര്‍ ഹുസൈന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ ലഭിച്ചത് മൂന്നു പാസ്‌പോര്‍ട്ടുകള്‍. സ്വന്തം മേല്‍വിലാസത്തില്‍ റഹ്മാന്‍ ഫസിലുദീന്‍ എന്ന പേരിലാണ് സക്കീര്‍ ഹുസൈന്‍ ആദ്യം പാസ്‌പോര്‍ട്ട് എടുത്തത്.

മുംബൈ സേ്ഫാടനക്കേസിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായ അബു സലീമിന് ഇന്ത്യയില്‍നിന്നു മൂന്നു വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. മുദ്രപ്പത്രതട്ടിപ്പുകേസില്‍ അറസ്റ്റിലായ തേല്‍ഗിക്ക് വ്യാജ പാസ്‌പോര്‍ട്ട് കൊടുക്കാന്‍ ഒത്താശ ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുംബൈ, ബാംഗ്ലൂര്‍ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ സി.ബി.ഐ. റെയ്ഡ് നടത്തി. അതില്‍ ഒട്ടേറെ തട്ടിപ്പുകള്‍ കണ്ടെത്തിയത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംവിധാനത്തിനുതന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. മുംബൈയില്‍നിന്ന് ഒരു വ്യാജ പാസ്‌പോര്‍ട്ടും ബാംഗ്ലൂരില്‍നിന്നു മൂന്നു വ്യാജ പാസ്‌പോര്‍ട്ടുമാണ് തേല്‍ഗി സംഘടിപ്പിച്ചത്.
ഗള്‍ഫില്‍ ചില ജോലികള്‍ പ്രത്യേക സമുദായക്കാര്‍ക്കു മാത്രം ലഭിക്കുമ്പോള്‍ മതം മാറ്റി രേഖപ്പെടുത്തിയ വ്യാജപാസ്‌പോര്‍ട്ടും ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ കേരളത്തില്‍ ആളുണ്ട്.
'കാസര്‍കോട് എംബസി' എന്ന മാഫിയ
ഈയിടെ കോഴിക്കോട് വിമാനത്താവളത്തില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി രണ്ടു യുവാക്കള്‍ പിടിയിലായി. ഗള്‍ഫിലെ 'കാസര്‍കോട് എംബസി'യില്‍നിന്നു പണം നല്‍കി വാങ്ങിയതാണ് പാസ്‌പോര്‍ട്ടുകളെന്നാണ് അവര്‍ മൊഴി നല്‍കിയത്. കൊടുവള്ളിക്കാരനായ റഹ്മാന്‍, വടകരയിലെ റിയാസ് എന്നിവര്‍ യാഥാക്രമം 1800, 3000 ദിര്‍ഹം വീതം നല്‍കിയാണ് 'കാസര്‍കോട് എംബസി'യില്‍നിന്ന് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്.


കഴിഞ്ഞ മാസം കോഴിക്കോട്ട് അറസ്റ്റിലായ മഞ്ചേശ്വരത്തെ അബ്ദുള്‍ ഖാദറിനും വ്യാജന്‍ ലഭിച്ചത് ഈ 'എംബസി' വഴിയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിക്കൊടുക്കുന്ന മാഫിയാ സംഘമാണ് 'കാസര്‍കോട് എംബസി'. ഇതിനകം കോടികള്‍ കൊയ്ത് അവര്‍ പിടിമുറുക്കിക്കഴിഞ്ഞു. ആദ്യമൊക്കെ യഥാര്‍ഥ പാസ്‌പോര്‍ട്ടുകളില്‍ ഫോട്ടോ മാറ്റിയായിരുന്നു തട്ടിപ്പ്. ഇപ്പോള്‍ പക്കാ വ്യാജ പാസ്‌പോര്‍ട്ടുകളാണ് ഇറക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ടുമായി കോഴിക്കോട് വിമാനത്താവളം വഴി കടന്നുവരുന്നവരില്‍ 90 ശതമാനവും 'കാസര്‍കോട് എംബസി'യിലൂടെയാണ് വ്യാജന്‍ ഒപ്പിക്കുന്നത്. ഈ മാഫിയയ്ക്ക് അന്താരാഷ്ട്രതലത്തിലാണ് വേരുകളുള്ളത്. ദുബായ് കേന്ദ്രീകരിച്ച് യു.എ.ഇ.യില്‍ മൊത്തമായി വ്യാജ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നതും ഇവരാണെന്നത് അങ്ങാടിപ്പാട്ടാണ്. പതിനായിരത്തിലേറെ വ്യാജ പാസ്‌പോര്‍ട്ടുകള്‍ 'കാസര്‍കോട് എംബസി'വഴി നിര്‍മിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഇതില്‍ ആയിരത്തില്‍ താഴെ മാത്രമാണ് പിടിക്കപ്പെട്ടത്. മറ്റു പാസ്‌പോര്‍ട്ടുകളില്‍ രാജ്യത്ത് കടന്നവര്‍ ആരൊക്കെയെന്നത് ഇപ്പോഴും ദുരൂഹം.
ഗള്‍ഫില്‍ വ്യാജ പാസ്‌പോര്‍ട്ടിന് ആവശ്യക്കാര്‍ ഏറെയാണ്. വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ ചില സ്‌പോണ്‍സര്‍മാര്‍ പിടിച്ചുവെക്കുന്നത് പതിവാണ്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന പലരും വേറെ സ്ഥലത്തേക്കു ചാടും. തിരിച്ച് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ വ്യാജനെ ശരണം പ്രാപിക്കുകയേ രക്ഷയുള്ളൂ. ഇത്തരം ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെയാണ് 'കാസര്‍കോട് എംബസി' വളര്‍ന്നത്. ഗള്‍ഫിലെ പ്രധാനകേന്ദ്രങ്ങളില്‍ ആവശ്യക്കാരെ അന്വേഷിച്ച് 'എംബസി'യുടെ ഏജന്റുമാര്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അരലക്ഷം രൂപ വരെയാണ് വ്യാജന്റെ നിരക്ക്. ഗള്‍ഫില്‍ സന്ദര്‍ശക വിസയില്‍ എത്തി മുങ്ങിനടക്കുന്നവരെയും 'എംബസി' നോട്ടമിടുന്നു. അവരുടെ പാസ്‌പോര്‍ട്ടില്‍ മറ്റൊരാളെ നാട്ടിലേക്ക് കയറ്റിവിടും. അപ്പോള്‍ കണക്കു പ്രകാരം എത്തിയ ആള്‍ മടങ്ങിയെന്നുമായി. പിന്നീട് സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്ക് തിരിച്ചു പോകണമെങ്കില്‍ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തണം. ഗള്‍ഫില്‍ പൊതുമാപ്പ് കൊടുത്തിട്ടും മടങ്ങിപ്പോകാത്തവരെ പിടികൂടാന്‍ തുടങ്ങിയതോടെ വ്യാജ പാസ്‌പോര്‍ട്ടിന് ആവശ്യക്കാരേറിയിട്ടുണ്ട്.

ഏതു വിമാനത്താവളം വഴി പോയാലാണ് എളുപ്പം കടക്കാനാകുക എന്നു മുതല്‍ ആരാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ എന്നതുവരെയുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ ഈ മാഫിയകള്‍ക്ക് സംവിധാനങ്ങളുണ്ട്. സ്വാധീനം ചെലുത്താന്‍ പറ്റുന്ന ഉദ്യോഗസ്ഥനാണെങ്കില്‍ പിന്നെ കാര്യങ്ങള്‍ എളുപ്പം. ഇനി അഥവാ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്താല്‍ പറയേണ്ട മറുപടിവരെ നേരത്തേ പഠിപ്പിച്ചിരിക്കും. തനിക്ക് ഇങ്ങനെ 'ക്ലാസ്' ലഭിച്ചതിനാലാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യലില്‍നിന്ന് രക്ഷപ്പെട്ടതെന്നു 'കാസര്‍കോട് എംബസി' വഴി ലഭിച്ച പാസ്‌പോര്‍ട്ടുമായി മുംബൈവഴി കണ്ണൂരിലെത്തിയ യുവാവ് പറഞ്ഞു.

ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെക്കുന്ന കമ്പനികളും സ്ഥാപനങ്ങളും അവ തിരികെ നല്‍കണമെന്ന യു.എ.ഇ. തൊഴില്‍ മന്ത്രാലയത്തിന്റെ ഈയിടെ വന്ന ഉത്തരവ് വ്യാജ പാസ്‌പോര്‍ട്ട് മാഫിയയ്ക്ക് തെല്ലൊരു ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.

സുരക്ഷയ്ക്കും കടുത്ത ഭീഷണി
ബഹ്‌റൈനില്‍ നിന്ന് ഈയിടെ പിടിച്ച നൂറുകണക്കിന് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചുകൊടുത്തത്. അധികൃതരെ അത് ശരിക്കും അമ്പരപ്പിച്ചു. ഇന്ത്യയുടെ മുദ്ര ചാര്‍ത്തിയ വ്യാജപാസ്‌പോര്‍ട്ടുകള്‍ ലോകത്തെങ്ങും തലവേദന സൃഷ്ടിക്കുകയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി അത്.


വിദേശ രാജ്യങ്ങളില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുമായി എത്തുന്നവര്‍ ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. തീവ്രവാദികള്‍ അനായാസം രാജ്യത്തേക്ക് കടക്കുന്നതാണ് പ്രധാന വെല്ലുവിളി. വലിയ സുരക്ഷാ ഭീഷണിയാണ് അതുയര്‍ത്തുന്നത്.

സ്ഥിതി ഇത്രയും ഗുരുതരമായിരിക്കെ വ്യാജ പാസ്‌പോര്‍ട്ടുകളുടെ യഥാര്‍ഥ ഉറവിടങ്ങള്‍ അന്വേഷിച്ചു കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. പിടിക്കപ്പെട്ടാല്‍ ചെറിയ ശിക്ഷകൊണ്ട് രക്ഷപ്പെടാം എന്നതാണ് വ്യാജപാസ്‌പോര്‍ട്ട് വിതരണം വ്യാപകമാക്കിയത്.
ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസ് സ്റ്റേഷന്‍ വഴിയാണ് വ്യാജപാസ്‌പോര്‍ട്ട് കേസന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ക്രൈംബ്രാഞ്ചിന് കീഴിലാക്കി. തുടര്‍ന്ന് ക്രൈം ഡിറ്റാച്ച്‌മെന്റിന്റെ കീഴിലേക്കും അന്വേഷണം മാറ്റി. പിന്നീട് ക്രൈം ഡിറ്റാച്ച്‌മെന്റിന്റെ പ്രത്യേക അന്വേഷണ വിഭാഗത്തിലായി അന്വേഷണം. എന്നാല്‍ അവര്‍ക്ക് കൂടുതല്‍ ജോലിയിരിക്കെ വീണ്ടും ക്രൈം ഡിറ്റാച്ച്‌മെന്റിന്റെ തലയിലേക്ക് തന്നെ വീണു. ഫലത്തില്‍ പന്ത് തട്ടുന്ന ലാഘവത്തോടെയാണ് ഇതുവരെ എങ്ങുമെത്താത്ത അന്വേഷണം നടന്നത്.

ഇത്തരം കേസന്വേഷണത്തില്‍ ഇന്ത്യ 15 വര്‍ഷമെങ്കിലും പിറകിലാണ്. ക്രൈം ഡിറ്റാച്ച്‌മെന്റിന് വേണ്ടത്ര സൗകര്യങ്ങളില്ല എന്ന് അവര്‍ തന്നെ പറയുന്നു. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന് വ്യാജ പാസ്‌പോര്‍ട്ടാണോ എന്നു കണ്ടുപിടിക്കാന്‍ ഐസ്‌കാന്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളില്ല. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും വ്യാജനാണോയെന്ന് തിരിച്ചറിയുക. ഇത്തരം കേസന്വേഷണത്തിന് വിദേശ രാജ്യങ്ങളിലടക്കം ഒട്ടേറെ യാത്ര ചെയ്യേണ്ടിവരും. അതൊന്നും പക്ഷേ ഉണ്ടാകാറില്ല. അപൂര്‍വം ചില കേസുകളില്‍ മാത്രമേ ശിക്ഷ ലഭിക്കാറുള്ളൂ. വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായ ആളെ റിമാന്‍ഡ് ചെയ്യുന്നതോടെ അന്വേഷണം അവസാനിക്കാറാണ് പതിവ്. ഉന്നതതലത്തിലെ സമ്മര്‍ദം മൂലം പല അന്വേഷണവും പാതി വഴിക്ക് അവസാനിക്കും.
കോഴിക്കോട് വിമാനത്താവളത്തിലാണെങ്കില്‍ വിമാനങ്ങള്‍ ഒന്നിച്ചു വരുന്നതിനാല്‍ യാത്രക്കാരുടെ തിരക്കുമൂലം പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് പലപ്പോഴും സമയം കിട്ടില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ഗുണനിലവാരത്തെപ്പറ്റിയും ആക്ഷേപമുണ്ട്. ചെറുതായി നനഞ്ഞാല്‍പോലും പെട്ടെന്ന് കേടാകുന്ന നിലയാണ്.
പാസ്‌പോര്‍ട്ട് ദുരുപയോഗം വ്യാപകമായിട്ടും വിതരണം സ്വകാര്യ ഏജന്‍സിയെ ഏല്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇപ്പോള്‍ ട്രാവല്‍ ഏജന്‍സി വഴിയുള്ള അപേക്ഷ തന്നെ നിയന്ത്രിക്കണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്. പോലീസ് പരിശോധന നടത്തുന്നതിന് മുമ്പുതന്നെ തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നതും ദുരുപയോഗത്തിന് വഴിവെക്കുന്നു.
പാക് പൗരന്‍ ഫഹദിന് മലപ്പുറത്തുനിന്ന് പാസ്‌പോര്‍ട്ട് ലഭിച്ച സംഭവം വിവാദമായതോടെയാണ് അടുത്ത കാലത്തെങ്കിലും ഇതേക്കുറിച്ച് അധികൃതര്‍ക്ക് ബോധോദയമുണ്ടായത്. അതിനുശേഷം കുറച്ചു നിയന്ത്രണം വന്നതോടെ പല റാക്കറ്റുകളും കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ചുവടു മാറ്റിയിട്ടുണ്ട്.

വ്യാജപാസ്‌പോര്‍ട്ട് വ്യാപകമായതോടെ ഇന്ത്യയില്‍ ഫിംഗര്‍ പ്രിന്റ് പാസ്‌പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരം ബയോ മെട്രിക് -ഇ പാസ്‌പോര്‍ട്ടുകള്‍ ഇതിനകം ഒട്ടേറെ രാജ്യങ്ങളില്‍ നടപ്പിലാക്കിക്കഴിഞ്ഞതാണ്. വിരലടയാളം പതിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ വ്യാജനെ തിരിച്ചറിയാന്‍ എളുപ്പമാകുമെന്ന് കേന്ദ്ര പാസ്‌പോര്‍ട്ട് വിഭാഗം സെക്രട്ടറിയും മലയാളിയുമായ ആര്‍.ആര്‍. പിള്ള പറഞ്ഞു.

കാസര്‍കോടിനെ അപമാനിക്കാന്‍ 'കാസര്‍കോട് എംബസി' എന്ന പ്രയോഗം

ജില്ലകളില്‍ നിന്നു വരുന്ന വ്യാപ്കമായി റിപ്പോര്‍ട്ടുകള്‍ പ്രകാര്‍ം തെക്കന്‍ ജില്ലകളില്‍ വിസയ്ക് പണം വാങ്ങി മുങ്ങുന്നവര്‍ വര്‍ധിക്കുമ്പോല്‍ കാസര്‍ഗോഡ് ഈ വക തട്ടിപ്പുകള്‍ ഇല്ലെന്നു തന്നെ പറ​യാം. എന്നാല്‍ വിസ തട്ടിപ്പില്‍പ്പെട്ടും ,പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്ന സ്പോണ്‍സറുടെ പീഠനത്തില്‍ പെട്ടും രക്ഷപ്പെടാന്‍ വഴിയില്ലാതെ എംബസിയെ സമീപിക്കുന്ന ഇന്ത്യക്കാരെ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു തിരിച്ചയക്കുമ്പോള്‍ രക്ഷപ്പെടാന്‍ വഴി ഒരുക്കുന്ന കാസറഗോഡ് എംബസി ആരെയും പറ്റിക്കാതെയും വഞ്ഞിക്കാതെയും പല പാവങ്ങളെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നു ദീര്‍ഘകാലമായി ഖത്തറില്‍ കഴിയുന്ന രാവണീശ്വരം സ്വദേഷി സുരേഷ് സാക്ഷയപ്പെടുത്തുന്നു.ഇന്ത്യ്യിലെ ഉന്നത ഉദ്യോഗസ്ത മാഫിയ നടത്തുന്ന വന്‍ പാസ്പോര്‍ട്ട് മാഫിയ യുടെ ചെറിയൊരു ഏജനന്റുമാത്രമാണ് കാസറഗോഡ് സ്വദേശികള്‍ എന്നു പറയപ്പെടുന്ന ഇവര്‍.ഒട്ടുമിക്ക ഏജന്റുമാരും കാസറഗോഡ് ജില്ലയ്ക് തൊട്ടു നില്‍കുന്ന കര്‍ണാടക ബൊര്‍ഡറില്‍ നിന്നുള്ളവരാണ് ഇവരെ വ്യാപകമായി 'കാസര്‍കോട് എംബസി' എന്നു ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് വ്യാപകമായി പ്രതിഷേതം ഉണ്ടു

1 comments:

Nuttu's Farming - The Great Indian - Kerala Agricultural Photos said...

KASARAGO EMBASSY ennathu oru paramarthamanu..mukalil paranjathokke avar cheyunnundu..but ithinte okke pirakil maranju kidakkunna kurey yadharthiangal koodi undu..ningalkkellam ariyavunnathanu ennalum njan ivide kurikkunnu...

1. Piranna nattil joli illatha pala pattini pavangalum ee embassy vazhi oru jeevitham kandethiyittunnu..kurachalla 1000 kannakinu aalkkar.. avaril kodeeswaranmar aayavarum undu..

2. Kasaragod embassykkar orikkalum aareyum chathikilla..cheating ennulla vakku avarude nikhanduvil illa..ente anubhavam kondu parayukayanu.. i have more than 16 years experience with them in gulf.. ningalkkariyam mattulla districtil ullavar visa promise cheythu cash vangi mungunnna kariam...
3. Kasaragod Embassyku JATHI MATHAM angine oru chindha illa.. ellavarum sahodarangale pole.. Jathiyum mathavum nokkathe valare adhikam snehathode nalla manasode sahayikkunnavaru avar.. enikku kittiya sneha poorva maaya ella kariangalum njan ipol orkkunnu
4. Pinne kasaragod embassy vazhi rakshapettavar elavarum pavangal aanu..avar netil varika abhiprayam parayuka onnnum pattilla chilappol.. kasaragod embassy vazhi jeevitham karupidipicha palarkkum vendi njan ithivide kurikunnu... thanks..

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com