സീഡ് 'ക്രസന്റി'ലെ കുട്ടികള്‍ നട്ട് നനച്ചു; പള്ളിമുറ്റവും ക്ഷേത്ര നടയും ഹരിതാഭദമായി

on Apr 7, 2010

കാഞ്ഞങ്ങാട്: കൊളവയലിലെ പള്ളിക്കമ്മിറ്റിക്കാരും ക്ഷേത്ര സമിതിക്കാരും നന്ദി പറയുന്നത് 'ക്രസന്റി'ലെ കുട്ടികളോട്. പള്ളി മുറ്റവും ക്ഷേത്ര നടയും കണ്‍കുളിര്‍ക്കെ പച്ചയണിയിച്ചത് കാരണമാവണം 'സീഡ്' പദ്ധതിയില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം സ്ഥാന പട്ടികയിലേക്ക് 'ക്രസന്റി'നെ കൈപിടിച്ചുയര്‍ത്താനിടയാക്കിയത്. കാഞ്ഞങ്ങാട് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏറെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് സീഡ് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്‌കൂളിനിരുപുറവുമുള്ള കൊത്തിക്കാല്‍ ജുമാമസ്ജിദ് പരിസരത്തും അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്രമുറ്റത്തുമാണ് കുട്ടികള്‍ വനവത്കരണം നടത്തിയത്. പ്രധാനധ്യാപിക ഷൈജാ നായരുടെയും കൊ-ഓര്‍ഡിനേറ്റര്‍ ടി.വി.ബിജുവിന്റെയും നേതൃത്വത്തില്‍ 35 ഓളം സീഡ് പ്രവര്‍ത്തകരാണ് സ്‌കൂള്‍ വളപ്പിലും ക്ഷേത്ര-പള്ളി പരിസരങ്ങളിലും ഹരിതഭംഗി ചാര്‍ത്തിയത്. അനസ്, ഷാഹിന, മുബീന, റിസ്‌വാന എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഗ്രൂപ്പ് തിരിഞ്ഞാണ് വനവല്ക്കരണത്തില്‍ ഏര്‍പ്പെട്ടത്. തിരുവനന്തപുരം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് കൊണ്ട് വന്ന നീര്‍മാതളം സ്‌കൂള്‍ മുറ്റത്ത് നട്ട് കൊണ്ടാണ് ക്രസന്റിലെ കുട്ടികള്‍ സീഡ് പദ്ധതിയെ സ്വാഗതം ചെയ്തത്. കമലസുരയ്യ എന്ന പേരിലാണ് നീര്‍മാതളം നട്ട് നനച്ചത് പതിമുഖവും തേക്കും കരിമരുതും മാവും തുടങ്ങി വിലപിടിപ്പുള്ള മരങ്ങള്‍ ക്രസന്റിലെ കുട്ടികള്‍ വളര്‍ത്തിയെടുത്തപ്പോള്‍ സ്‌കൂളിന്റെ പേരിനെ തന്നെ അന്വര്‍ഥമാക്കിയുള്ള ചന്ദ്രക്കലയും പച്ചപ്പിന്റെ നിലാവുമാണ് സമാനതകളില്ലാതെ പരന്നത്. സ്‌കൂളില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മാലിന്യങ്ങളെ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് കുട്ടികള്‍ക്ക് ചൂട് വെള്ളം ഉണ്ടാക്കുന്നതിനും മറ്റും സഹായകമാകുകയും ചെയ്യുന്നു. പ്ലാസ്റ്റിക് വേര്‍തിരിക്കാനും ക്ലാസുകളില്‍ ശുചിത്വ ബോധം ഉണ്ടാക്കാനും തുടങ്ങി. ദിവസവും ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സീഡ് പ്രവര്‍ത്തകര്‍ സമയബന്ധിതമായി ചെയ്യും. ഇതൊക്കെ ചെയ്യുമ്പോഴും പഠന പ്രവര്‍ത്തനത്തില്‍ ഒരുപിടി മുന്നിലെത്താനും സീഡ് പ്രവര്‍ത്തകര്‍ക്ക് കഴിയുന്നു. പ്രകൃതിയെതൊട്ട് ശുദ്ധവായു ശ്വസിച്ച് ക്രസന്റിന്റെ കുട്ടികള്‍ സൈക്കിളില്‍ സ്‌കൂളിലെത്തുന്നത് മറ്റൊരു പ്രത്യേകതയാണ്. സീഡ് പ്രവര്‍ത്തനത്തിലൂന്നി സൈക്കിള്‍ യാത്രയ്ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ ക്രസന്റിന്റെ മുതിര്‍ന്ന കുട്ടികള്‍ മാത്രമല്ല താഴെ ക്ലാസിലുള്ളവര്‍ വരെ ബസും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് സൈക്കിളില്‍ കയറി. അണ്‍ എയിഡഡ് വിദ്യാലയത്തിന്റെ എല്ലാ പരിമിതികളിലും നിന്ന് കൊണ്ട് സീഡ് പദ്ധതിയില്‍ വിജയകൊടി നാട്ടിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്രസന്റിന്റെ മക്കള്‍ക്ക് പറയാനുള്ളത് ഒന്ന് മാത്രം...മത്സരമല്ല ലക്ഷ്യം....ഇത് ഞങ്ങളുടെ കടമയാണ്...

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com