വിമാന ദുരന്തത്തിനു കാരണമായതു റണ്‍വേ നിര്‍മാണത്തിലെ അപാകതയെന്നു പരിസ്ഥിതി സംഘടന.

on May 24, 2010

ബാംഗ്ലൂര്‍: മംഗലാപുരത്തെ വിമാന ദുരന്തത്തിനു കാരണമായതു രണ്ടമത്തെ റണ്‍വേ നിര്‍മാണത്തിലെ അപാകതയെന്നു പരിസ്ഥിതി സംഘടന. ഇത്‌ അപകടമല്ല. വിമാനത്താവളത്തിലെ രണ്‌ടാം റണ്‍വേയുടെ ശരിയായ നിര്‍മാണം ഉറപ്പുവരുത്തുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്‌ചയാണ്‌ ദുരന്തത്തിനിടയാക്കിയത്‌- എന്‍വയോണ്‍മെന്റ്‌ സപ്പോര്‍ട്ട്‌ ഗ്രൂപ്പ്‌ (ഇ.എസ്‌.ജി) കോ-ഓഡിനേറ്റര്‍ ലിയോ എഫ്‌ സൈദാന പറഞ്ഞു. രണ്ടാം റണ്‍വേ നിര്‍മാണത്തില്‍ ദേശീയ, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍, ഇന്ത്യന്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റി, വ്യോമ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവര്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 1990കളുടെ അവസാനത്തില്‍ മംഗലാപുരത്തെ വിമാനത്താവള വികസനത്തിനെതിരേ ഇ.എസ്‌.ജിയും വിമാനത്താവള വികസനത്തിനെതിരായ പ്രദേശവാസികളുടെ സഖ്യവും സമരം നടത്തിയ കാര്യം അദ്ദേഹം അനുസ്‌മരിച്ചു. വിമാനം ഇറങ്ങുകയും ഉയരുകയും ചെയ്യുമ്പോഴുള്ള അടിയന്തരഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ രണ്‌ടാം റണ്‍വേ പര്യാപ്‌തമല്ലെന്ന്‌ അന്നുതന്നെ ആശങ്ക അറിയിച്ചിരുന്നു. മറ്റു സ്ഥലങ്ങള്‍ ലഭ്യമായിരുന്നിട്ടും രാഷ്ട്രീയക്കാരുടെയും വ്യാപാരികളുടെയും റിയല്‍ എസ്റ്റേറ്റ്‌, ഹോട്ടല്‍ ലോബികളുടെയും സമ്മര്‍ദ്ദ ഫലമായി അപകടം നിറഞ്ഞ സ്ഥലം തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു. ഇതിനെതിരേ ആ സമയത്തു ഹൈക്കോടതിയിലും സുപ്രിംകോടതിയിലും നിരവധി പൊതുതാല്‍പ്പര്യ ഹരജികള്‍ നല്‍കിയിരുന്നു. ഇറങ്ങുമ്പോഴും ഉയരുമ്പോഴുമുള്ള മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയിട്ടില്ല, അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ എല്ലാ വശത്തുനിന്നുമുള്ള അപ്രോച്ച്‌ റോഡുകളില്ല തുടങ്ങിയ കാര്യങ്ങള്‍ പൊതുതാല്‍പ്പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശനിയാഴ്‌ച അപകടം നടന്ന സമയത്ത്‌ ഇക്കാര്യം ബോധ്യപ്പെടുകയും ചെയ്‌തു. കുത്തനെയുള്ള താഴ്‌വരയിലൂടെ അപകടസ്ഥലത്തേക്കെത്താന്‍ സുരക്ഷാ സംഘത്തിന്‌ ഒരു മണിക്കൂര്‍ പണിപ്പെടേണ്ടി വന്നു. ബാജ്‌പെ വിമാനത്താവള വികസനത്തിനു തിരഞ്ഞെടുത്ത സ്ഥലത്തിന്റെ മൂന്നു ഭാഗത്തും ആഴത്തിലുള്ള ഗര്‍ത്തമാണെന്നത്‌ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റണ്‍വേ നിര്‍മാണത്തിലെ പാളിച്ച അടക്കം അന്വേഷിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നിഷ്‌പക്ഷമായ കമ്മീഷനെ നിയമിക്കണമെന്ന്‌ ഇ.എസ്‌.ജി ആവശ്യപ്പെട്ടു

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com