വ്യാജ രേഖയുണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

on Sep 20, 2010

കാഞ്ഞങ്ങാട്: വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ കാസര്‍കോട് ജില്ലയില്‍ വ്യാപകമായി പിടിയിലാകുന്നു. തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കൃത്രിമമായി ഉണ്ടാക്കിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത്. റവന്യു വകുപ്പിന്റെ പരാതിയില്‍ കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ സ്‌പെഷല്‍ പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. 2007 മുതലുള്ള കണക്കനുസരിച്ച് 40 പേരാണ് കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍ മാത്രം അറസ്റ്റിലായത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഉപയോഗിച്ചാണ് കല്ലൂരാവിയിലെ പി.എം.ഇബ്രാഹിം(54) പോലീസ് പിടിയിലായത്. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് തിരിച്ചറിയലിനായി എത്തിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശോധിച്ച റവന്യു വകുപ്പാണ് ഇത് തെറ്റായ രേഖയാണെന്ന് മനസ്സിലാക്കിയത്. ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ കെ.കുഞ്ഞികൃഷ്ണനും സംഘവുമാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.

വെള്ളൂര്‍ പുത്തപ്പള്ളയിലെ അഷ്‌റഫ് കുണ്ടല(32), മാട്ടുമ്മല്‍ ചിത്താരിയിലെ എം.പ്രഭാകരന്‍(27), പടന്നയിലെ എം.വി.സി.കുഞ്ഞബ്ദുള്ള(49), പടന്നക്കാട് ഞാണിക്കടവിലെ പി.പി.അബൂബക്കര്‍(52) എന്നിവരാണ് ഒരുമാസത്തിനിടെ പോലീസ് പിടിയിലായത്. അച്ഛന്റെ പേര് മാറ്റി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച കൊടക്കാട് സ്വദേശിക്ക് തപാലില്‍ പാസ്‌പോര്‍ട്ട് വന്നപ്പോള്‍ അച്ഛന്റെ പേരിലെ വ്യത്യാസം കണ്ട് പോസ്റ്റോഫിസ് അധികൃതര്‍ തിരിച്ചയച്ചത് അടുത്തിടെയാണ്.

കേസുകളില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കപ്പെട്ടവര്‍, റദ്ദ് ചെയ്തവര്‍, ഇരട്ട പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നവര്‍ എന്നിവരാണ് വ്യാജരേഖയുണ്ടാക്കി പുതിയ പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നവരില്‍ ഏറെയുമെന്ന് പോലീസ് പറഞ്ഞു.

സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ സ്വാധീനിച്ച് ജനനതീയതിയും അച്ഛന്റെ പേരും തിരുത്തി 'എക്‌സ്ട്രാക്ട്' സമ്പാദിക്കുന്നവരും ഏറെയാണ്. പത്താം ക്ലാസിന് മുമ്പെ പഠനം മതിയാക്കിയവരാണ് പ്രധാനാധ്യാപകനെ തെറ്റിദ്ധരിപ്പിച്ച് അഡ്മിഷന്‍ പകര്‍പ്പ് വാങ്ങുന്നത്. പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് 'എക്‌സ്ട്രാക്ടി'ല്‍ തെറ്റുണ്ടോ എന്നറിയാന്‍ സ്‌കൂളുകളിലേക്ക് കത്തയക്കാറുണ്ട്. പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം ശരിയാണെങ്കിലേ പാസ്‌പോര്‍ട്ട് അനുവദിക്കാനുള്ള നടപടി പൂര്‍ത്തിയാകൂ. ചിലര്‍ ഇതില്‍ നിന്ന് രക്ഷപ്പെടാറുണ്ട്.

എസ്.ഐ കെ.കുഞ്ഞികൃഷ്ണന്‍ നയിക്കുന്ന കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ സ്‌പെഷല്‍ സ്‌ക്വാഡില്‍ എ.എസ്.ഐ. ഉണ്ണികൃഷ്ണന്‍, ഗണേശന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ സുരേന്ദ്രന്‍, രമേശന്‍, ബാബു, പ്രസന്നന്‍ എന്നിവരാണുള്ളത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com