മുള്ളേരിയയില്‍ ഈ സഹോദരങ്ങള്‍ കരളലിയിക്കും കാഴ്ച

on Sep 22, 2010

മുള്ളേരിയ: കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ വിഷമഴ പെയ്യിച്ചപ്പോള്‍ റാബിയയും നാസിറും അറിഞ്ഞില്ല അത് തങ്ങളുടെ ജീവിതം നിത്യദുഃഖത്തിലാക്കുമെന്ന്. മുള്ളേരിയ ഗ്വാളിമുഖത്തെ പാലത്തൊട്ടി മന്‍സിലില്‍ ഈ സഹോദരങ്ങള്‍ ഇന്ന് കരളലിയിപ്പിക്കുന്ന കാഴ്ചയാണ്.

16 വര്‍ഷത്തിലേറെയായി എന്‍ഡോസള്‍ഫാന്‍ ദുരിതവും പേറിയാണ് റാബിയയും (22), നാസിറും (21) കഴിയുന്നത്. കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലാണ് ഇവരുടെ വീട്. ഈ പ്രദേശത്ത് ഹെലികോപ്റ്റര്‍ വഴി എന്‍ഡോസള്‍ഫാന്‍ മരുന്ന് തളിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ഇവര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് ചികിത്സയായിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചു. ചികിത്സയ്ക്കുശേഷം ഉമ്മ ദൈനബിയുടെ കൈയില്‍ ഇപ്പോള്‍ മിച്ചമായുള്ളത് പണയത്തിലായ പത്ത് സെന്റ് സ്ഥലവും വീടുമാണ്. ദൈനബിയുടെ കുടുംബത്തിന്റെ ഏക ആശ്രയം മകന്‍ അഷ്‌റഫിന്റെ വരുമാനമായിരുന്നു. അഷ്‌റഫ് കാലൊടിഞ്ഞ് പണിക്ക് പോകാന്‍ പറ്റാതിരുന്നത് ഇവര്‍ക്ക് കനത്ത ആഘാതമായി.

ഇവരുടെ വീട് കര്‍ണ്ണാടകയില്‍പ്പെടുന്നതാണ് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിന് തടസ്സമായത്. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം ദുരിതമനുഭവിക്കുന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ആളുകള്‍ക്ക് ചികിത്സാസഹായം നല്‍കാന്‍ ഇരുസര്‍ക്കാരുകളും തയ്യാറാവുന്നില്ല. ആകെ ഇവര്‍ക്ക് ലഭിക്കുന്നത് കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച 400 രൂപ വികലാംഗ പെന്‍ഷന്‍ മാത്രമാണെന്ന് അഷ്‌റഫ് പറഞ്ഞു.

ഇപ്പോള്‍ റാബിയയ്ക്ക് രോഗം മൂര്‍ച്ഛിച്ചിട്ടുണ്ട്. ഇടയ്ക്കിടെ നടക്കുമായിരുന്ന റാബിയയ്ക്ക് ഇപ്പോള്‍ ഉമ്മ ദൈനബിയാണ് കൈത്താങ്ങ്. ഒരടി വെച്ചാല്‍ വീഴുന്ന അവസ്ഥയാണ്. ഇടയ്ക്കിടെ ബോധക്ഷയവുമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഇവരെ കാണുമ്പോള്‍ കലങ്ങിയ കണ്ണുകളുമായി വേദനയോടെ നോക്കിനില്‍ക്കാനേ സഹോദരന്‍ അഷ്‌റഫിനും അമ്മ ദൈനബിക്കുമാകുന്നുള്ളൂ. സര്‍ക്കാരുകള്‍ കനിയുമെന്നും സഹായം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com