ഹംസ വധം: രണ്ടാം പ്രതി അബ്ദുള്ളയ്ക്ക് ജീവപര്യന്തം ശിക്ഷ

on Sep 30, 2010

കൊച്ചി: കാസര്‍കോട് ഹംസ വധക്കേസിലെ രണ്ടാംപ്രതി കെ.എം. അബ്ദുള്ളയ്ക്ക് പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചു.

വധശിക്ഷ വിധിക്കേണ്ടതില്ലെന്നും നീതിയുടെ താല്പര്യങ്ങള്‍ക്ക് ജീവപര്യന്തം മതിയാകുമെന്നും പ്രത്യേക ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് പറഞ്ഞു. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചാല്‍ അത്‌കൊല്ലപ്പെട്ട ഹംസയുടെ വിധവയ്ക്ക് നല്‍കണം. പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയി.

കോളിളക്കം സൃഷ്ടിച്ച കാസര്‍കോട് ഹംസ കൊലക്കേസ് സിബിഐ മുന്‍ ഡിവൈ.എസ്.പി. വര്‍ഗീസ് തോമസാണ് ആദ്യം അന്വേഷിച്ചത്. കാസര്‍കോട് സ്വദേശിയും പാകിസ്താന്‍ അബ്ദുള്‍ റഹ്മാന്‍ എന്ന് അറിയപ്പെടുന്ന രാജ്യാന്തര കുറ്റവാളിയുമാണ് കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി.

ഹംസയെ കൊലപ്പെടുത്താനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പാകിസ്താന്‍ അബ്ദുള്‍ റഹ്മാന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ സി.ബി.ഐ.ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ അബ്ദുള്ളയ്ക്കും ഈ ഗൂഢാലോചനയില്‍ പങ്കുള്ളതായി സാക്ഷി മൊഴികളിലൂടെ
സിബിഐക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഹംസ കൊല്ലപ്പെട്ടത് 1989 ഏപ്രിലില്‍ കാസര്‍കോട് റോഡില്‍വെച്ച് പട്ടാപ്പകലായിരുന്നു. പ്രതിയായ എം.കെ. അബ്ദുള്ള സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെങ്കിലും കൊലപാതകം നടപ്പിലാക്കുന്നതിലും വാടക ഗുണ്ടകളെ കൊണ്ടു വരുന്നതിലും പങ്കുവഹിച്ചിട്ടുണ്ടെന്ന് തെളിയുന്നതായി കോടതി പറഞ്ഞു.

ആറ് കോടിയുടെ സ്വര്‍ണം കേരളത്തില്‍ കള്ളക്കടത്തായി എത്തിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. അത് റവന്യൂ ഇന്റലിജന്‍സ് പിടിച്ചത് ഹംസ ഒറ്റിക്കൊടുത്തതു കൊണ്ടായിരുന്നുവെന്ന് പ്രതികള്‍ വിശ്വസിച്ചു. ഹംസയ്ക്ക് റവന്യൂ ഇന്റലിജന്‍സ് പാരിതോഷികം നല്‍കി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഹംസയെ കൊല്ലാനുള്ള ഗൂഢാലോചന പാകിസ്താന്‍ അബ്ദുള്‍ റഹ്മാനാണ് ആസൂത്രണം ചെയ്തത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com