മുളിയാര്‍, അജാനൂര്‍ സീറ്റ് നഷ്ടം: ലീഗ് യോഗത്തില്‍ നേതാക്കള്‍ കൊമ്പുകോര്‍ത്തു

on Nov 4, 2010

കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുളിയാറിലും അജാനൂരിലുമുണ്ടായ സീറ്റ് നഷ്ടത്തെച്ചൊല്ലി നേതാക്കള്‍ കൊമ്പുകോര്‍ത്തു. ജില്ലാ ലീഗ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുസ്ളിംലീഗ് യോഗത്തിലാണ് ഉദുമ മണ്ഡലം പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞിയും പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞിയും തമ്മില്‍ ചൂടേറിയ വാഗ്വാദം നടന്നത്. വിജയ മുന്നേറ്റമുണ്ടായ അജാനൂരില്‍ ഒരു വാര്‍ഡ് നഷ്ടപെടാനിടയായതിനെ ചൊല്ലി എ. ഹമീദ് ഹാജിയും ബഷീര്‍ വെള്ളിക്കോത്തും തമ്മിലും ഇടഞ്ഞു. ലീഗ് മണ്ഡലം പ്രസിഡണ്ട്-സെക്രട്ടറിമാര്‍, മുനിസിപ്പല്‍ പഞ്ചായത്ത്-പ്രസിഡണ്ട്-സെക്രട്ടറിമാര്‍, പോഷക സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് ജില്ലാലീഗ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്നത്. പരാജയ കാരണങ്ങളെ ചൊല്ലിയായിരുന്നു നേതാക്കളുടെ വാക് പയറ്റ്. മുളിയാര്‍ പഞ്ചായത്തില്‍ ലീഗിന് ഭരണം നഷ്ടപെടാനും താനടക്കമുള്ളവര്‍ തോല്‍ക്കാനും കാരണം എം.എസ്. മുഹമ്മദ് കുഞ്ഞിയാണെന്ന് കെ.ബി. മുഹമ്മദ്കുഞ്ഞി തുറന്നടിച്ചു. പലരും പരസ്പരം ചതിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് പച്ചവെള്ളം വാങ്ങികുടിക്കാന്‍ പോലും പേടിയായിരുന്നു. പല വാര്‍ഡുകളിലും അത്രയ്ക്ക് ചതി ഒരുക്കിയിരുന്നു. ഇവര്‍ക്കൊന്നും പാര്‍ട്ടിയോടല്ല കൂറ്. സ്വന്തം താല്‍പര്യമാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതിന് പകരം ആളെ നോക്കി പ്രവര്‍ത്തിക്കുകയായിരുന്നു പലരും-കെ.ബി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. തനിക്ക് വേണ്ടവരെ കൂട്ടി പഞ്ചായത്ത് ഭരിക്കാന്‍ ചിലര്‍ നടത്തിയ ശ്രമത്തിന് കിട്ടിയ മറുപടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലമെന്ന് എം.എസ്. തിരിച്ചടിച്ചു. കെ.ബിയും സില്‍ബന്തികളും നടത്തിയ കളിയാണ് ലീഗിന് പഞ്ചായത്ത് നഷ്ടപ്പെടാനിടയാക്കിയത്. അതിന് മണ്ഡലം നേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പ് അതുന്നയിച്ച് പരിഹരിക്കേണ്ടതായിരുന്നു. തേല്‍ക്കുമ്പോള്‍ കരഞ്ഞിട്ട് കാര്യമില്ല-എം.എസ്. മുഹമ്മദ്കുഞ്ഞി പറഞ്ഞു. അജാനൂര്‍ പഞ്ചായത്തില്‍ ലീഗിന്റെ ഒരു ഉറച്ചസീറ്റ് നഷ്ടപെടാനിടയായത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ഉന്നയിച്ച ആരോപണത്തിന് ജില്ലാ വൈസ് പ്രസിഡണ്ട് എ. ഹമീദ് ഹാജി നല്‍കിയ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സംസാരിച്ചതും വാക് തര്‍ക്കത്തിന് വഴിവെച്ചു. തെറ്റിനെ ശരിയാക്കാന്‍ വേണ്ടി കള്ളം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബഷീര്‍ പറഞ്ഞത് ഹമീദ് ഹാജിയെ ക്ഷുഭിതനാക്കി. ഓരോ പഞ്ചായത്തിലേയും ജയപരാജയങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറര്‍ ഹമീദലി ഷംനാട്, ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജന.സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com