സ്വര്ണ്ണത്തിന്റെ മായാ… ജാലങ്ങള്.. !!!

on Sep 28, 2011


സ്വര്ണ്ണത്തിന്റെ മായാ… ജാലങ്ങള്.. !!!

gold-makingപച്ചക്കറികളിലേയും, പഴവര്ഗ്ഗങ്ങളിലെയും കീടനാശിനികളും, മസാല പൊടിയിലേയും മറ്റു ഭക്ഷ്യ വസ്തുക്കളിലേയും മായവും എല്ലാം മലയാളികളുടെ ഉദരങ്ങള് കീഴടക്കി കൊണ്ടിരിക്കുകയാണല്ലോ. ഇവ മലയാളിയെ എത്തിക്കുന്നത് തലസ്ഥാന നഗരിയിലെ റീജണല് കാന്സര് സെന്ററിലേക്കാണ്. ഇതാ ഒരു മായാ ജാല വാര്ത്തകൂടി.... ഇത്തവണ മായാരോപണ മുനയില് നില്ക്കുന്നത് മറ്റാരുമല്ല... നമ്മുടെ സ്വന്തം സ്വര്ണ്ണം.
       ചില സ്വര്ണ്ണ വിശേഷങ്ങള് : ആറ്റോമിക സംഖ്യ 79 ആയ സ്വര്ണ്ണം 1064.18°C ല് ഉരുകുകയും, 2856°C ല് തിളക്കുകയും ചെയ്യുന്നു. ലോകത്തില് സ്വര്ണ്ണം ഉല്പാദിപ്പിക്കുന്നതില് മുന്നില് നിന്നിരുന്നത് നമ്മുടെ മണ്ടേലയുടെ നാടായിരുന്നു. എന്നാല് 2007 ല് ചൈന, ദക്ഷിണാഫ്രിക്കയെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തി. ഇപ്പോള് ജനസംഖ്യയില് എന്ന പോലെ സ്വര്ണ്ണം ഉല്പാദിപ്പിക്കുന്നതിലും ചൈനയാണ് മുന്നില്. ഏകദേശം 2500 ടണ് സ്വര്ണ്ണമാണ് ലോകത്തെമ്പാടുമായി ഓരോ വര്ഷവും ഉല്പാദിപ്പിക്കുന്നത്.
      സ്വര്ണ്ണത്തില് മായമായി ചെമ്പ് കലര്ത്തിയിരുന്ന കാലം വിസ്മ്രിതിയിലേക്ക് പോവുകയാണ്. ഇറിഡിയം, റുഥേനിയം എന്നീ ലോഹങ്ങള് ആണ് ഇപ്പോള് സ്വര്ണ്ണത്തില് മായമായി ചേര്ക്കുന്നത്.
       ഇറിഡിയം : 1803 ല് Smithson Tennant എന്ന ശാസ്ത്രന്ജ്യന് ആണ് ഈ മൂലകം കണ്ടെത്തുന്നത്. ആറ്റോമിക സംഖ്യ 77 ആയ ഈ ലോഹം 2410.0 °C ല് ഉരുകുകയും, 4527.0 °C ല് തിളക്കുകയും ചെയ്യുന്നു. ഇറിഡിയം അന്നനാളത്തിനും, ശ്വാസകോശത്തിനും അസ്വസ്ഥതകള് ഉണ്ടാക്കുന്നതാണ്. മാത്രമല്ല കണ്ണുകളിലും, തൊലിയിലും ചൊറിച്ചില് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
      റുഥേനിയം : 1844 ല് Karl Ernst Claus എന്ന ശാസ്ത്രന്ജ്യന് ആണ് ഈ മൂലകം വേര്ത്തിരിച്ചെടുക്കുന്നത്.. ആറ്റോമിക സംഖ്യ 44 ആയ ഈ ലോഹം 2250.0 °C ല് ഉരുകുകയും, 3900.0 °C ല് തിളക്കുകയും ചെയ്യുന്നു. ഈ മൂലകം ഉയര്ന്ന വിഷ സ്വഭാവം (highly toxic) ഉള്ളതാണ്. കാന്സര് രോഗത്തിനു കാരണമായ (carcinogenic) പദാര്ത്ഥങ്ങളില് ഉള്പ്പെട്ടതാണ് റുഥേനിയം. റുഥേനിയം സംയുക്തങ്ങള് ചര്മ്മത്തില് കറ പിടിപ്പിക്കുന്നതാണ്. റുഥേനിയത്തിന്റെ അംശം ശരീരത്തിനു അകത്തെത്തിയാല് എല്ലുകളില് അടിഞ്ഞു കൂടുകയും, ആരോഗ്യ പ്രശ്നങ്ങള് സൃഷ്ടിക്കുകയും ചെയ്യുന്നു ,
     മുകളില് പറഞ്ഞ മൂലകങ്ങള് ശരീരത്തില് ചൊറിച്ചില് മുതല് കാന്സര് വരെ ഉണ്ടാക്കിയേക്കാം. സ്വര്ണ്ണത്തിന്റെ ഗുണമേന്മ പരിശോധിക്കാന് നമ്മള് സാധാരണയായി നടത്തുന്ന പരീക്ഷണങ്ങളില് ഈ മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്താന് കഴിയണം എന്നില്ല.
     സ്വര്ണ്ണം ലയിക്കുന്ന ലായനി ആയ അക്വാ റീജിയയില് (ഒരു ഭാഗം നൈട്രിക്ക് ആസിഡും മൂന്നു ഭാഗം ഹൈഡ്രോക്ലോറിക് ആസിഡും ചേര്ന്ന മിശ്രിതം ആണ് അക്വാ റീജിയ) സ്വര്ണ്ണം ഇട്ടു വെച്ചാല് സ്വര്ണ്ണം അലിഞ്ഞു പോവുകയും മായമായി ചേര്ത്ത ലോഹങ്ങള് അവശേഷിക്കുകയും ചെയ്യുന്നു. ഇറിഡിയം, റുഥേനിയം എന്നീ ലോഹങ്ങള് അക്വാ റീജിയയില് അലിയുകയില്ല. ബാംഗ്ലൂരില് നിന്നും പരിശോധനക്ക് എടുത്ത സ്വര്ണ്ണ സാമ്പിളുകളില് 2.3% റുഥേനിയം ചേര്ത്തതായി കണ്ടെത്തിയപ്പോള്, കേരളത്തില് നിന്നും എടുത്ത സാമ്പിളുകളില് 4.65% ആയിരുന്നു ഇറിഡിയത്തിന്റെ അളവ്. മറ്റെന്തിലും എന്ന പോലെ വിദ്യാ സമ്പന്നരായ മലയാളികള് ഈ വിഷയത്തിലും ദയനീയമായി കബളിപ്പിക്കപ്പെടുന്നു.
      സ്വര്ണ്ണ വിലക്ക് അനുസരിച്ച് ഇറിഡിയത്തിന്റെയും റുഥേനിയത്തിന്റെയും നിരക്കില് മാറ്റം വരുന്നുണ്ട് എന്ന വസ്തുതയും ശ്രദ്ധേയമാണ്. സ്വര്ണ്ണ വിലയില് കുതിച്ചു ചാട്ടം ഉണ്ടാകുമ്പോള് ഇവയുടെ വിലയിലും വന്വര്ധനവ് ഉണ്ടാകുന്നു.
നമ്മുടെ നാട്ടില് ഒരു കുഞ്ഞു ജനിച്ചാല് ആദ്യമായി നല്കുന്ന ആഹാരം എന്ന നിലയില് സ്വര്ണ്ണം തേനില് ഉരച്ച്, ആ തേന് കുട്ടിയുടെ നാവില് തൊട്ടു കൊടുക്കുന്ന ഒരു പരിപാടി / ആചാരം ഉണ്ടല്ലോ. മലപ്പുറത്ത് ഇതിന് 'കുട്ടിക്ക് തൊട്ടു കൊടുക്കുക' എന്ന് പറയും. തേനില് ചേര്ക്കുന്ന മായങ്ങളെ പറ്റിയും കീടനാശിനികളെ പറ്റിയും ദേശീയ ചാനല് ആയ CNN - IBN കുറച്ച് മാസങ്ങള്ക്ക് മുന്പ് വാര്ത്ത നല്കിയിരുന്നു. രാജ്യത്തെ പ്രമുഖ കമ്പനികള് ആയ ഡാബര്, ബൈദ്യനാദ്, ഹിമാലയ, ഖാദി, പത്തന്ജലി ആയുര്വേദ തുടങ്ങിയവ വിപണിയില് എത്തിക്കുന്ന തേനിലാണ് എറിത്രോമൈസിന്, ആംപിസിലിന്, ഓക്സി ടെട്രാസൈക്ലിന്, സിപ്രോഫ്ലോക്സാസിന് തുടങ്ങിയ ആന്റി ബയോട്ടിക്കുകള് കണ്ടെത്തിയത്. അപ്പോള് നമ്മള് ഭൂമിയിലേക്ക് എത്തിയ നവജാത ശിശുവിനെ ആദ്യമായി സ്വീകരിക്കുന്നത് കീടനാശിനി കലര്ന്ന തേനും, ഇറിഡിയവും റുഥേനിയവും കലര്ന്ന സ്വര്ണ്ണവും നല്കിക്കൊണ്ടല്ലേ !!!!! വിശ്വാസം കൊണ്ട് മാത്രം സ്വര്ണ്ണം ശുദ്ധമാവുകയോ, മനുഷ്യന് ആരോഗ്യവാനായി ഇരിക്കുകയോ ചെയ്യില്ലല്ലോ
-

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com