ഷെരീഫിന്റെ കൊല: കാസര്‍കോട്ടുകാരില്‍ നടുക്കം

on Jun 24, 2012

ഷാര്‍ജ: ചിത്താരി സ്വദേശി മുഹമ്മദ് ഷെരീഫിനെ പാകിസ്ഥാന്‍ സ്വദേശികള്‍ കുത്തികൊലപ്പെടുത്തിയ സംഭവം ഷാര്‍ജ റോള മാര്‍ക്കറ്റിലെ കാസര്‍കോട്ടുകാരെ നടുക്കി. ഈ മാര്‍ക്കററിലും പരിസരപ്രദേശങ്ങളിലും കച്ചവടം നടത്തുന്നവരിലും, ജോലിചെയ്യുന്നവരിലും പകുതിയിലധികം പേരും കാസര്‍കോട് ജില്ലക്കാരാണ്.


ചുട്ടുപൊളളുന്ന ചൂടിലും തെരുവ് കച്ചവടം നടത്തി കുടുംബം പോററുന്നവരാണ് കൂടുതലും. ബംഗാളികളും, പാക്കിസ്ഥാനികളുമാണ് ഈ പ്രദേശത്തെ ഉപഭോക്തക്കളില്‍ കുടുതലും. ഒഴിവ് ദിവസമായ വെളളിയാഴ്ചാണ് റോളയില്‍ ഏററവും കൂടുതല്‍ കച്ചവടം നടക്കുന്നത്. ചില പാകിസ്ഥാനികളും ബാംഗാളികളും ഈ തിരക്കിനിടയില്‍ മോഷണം നടത്തുന്നത് പതിവാണ്.

മോഷ്ടാക്കളെ കയ്യോടെ പിടികൂടിയാല്‍ ഈ സംഘങ്ങള്‍ അക്രമം അഴിച്ചുവിടുന്നത് കാരണം പലരും ഇവരുടെ അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്ത് വരുന്നത്. ഇത് കാരണം ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് വലിയ സാമ്പത്തികം നഷ്ടം ഉണ്ടാകുന്നതും സാധാരണമാണ്.
സമാനമായ ഒരു സംഭവത്തെ ചോദ്യം ചെയ്തതാണ് നാലുവയസ്സുളള ഷഹദാസിനെയും, ഒരുവയസ്സുളള അസീമിനെയും അനാഥരാക്കിയത്.

റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്‌റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം പൊളിച്ചുമാറ്റാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരുന്നു. അതിനാല്‍ ഈ കെട്ടിടത്തിലെ ഒഴിപ്പിക്കപ്പെട്ട കടയിലെ സാധനങ്ങള്‍ ഫുട്പാത്തില്‍ വിറ്റഴിക്കുന്നതിനിടയില്‍ വാച്ച് കളവ്‌പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ഖാദര്‍ ഹാജി-ആസ്യ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷെരീഫ് (33) ന്റെ കൊലപാതകത്തില്‍ കലാശിച്ചത്. 

rolla-square-sharjah
ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിക്ക് റോളയിലെ ഷെരീഫിന്റെ കടയിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും കുത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), അനുജന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ശെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ നിസാം (24) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കുവൈറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.


അതിനിടെ അക്രമികളെ പിടികൂടാന്‍ ഷാര്‍ജ പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവം നടന്ന ഈ പ്രദേശം പോലീസ് വലയത്തിലാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com