അപകടത്തില്‍നിന്ന് രക്ഷപ്പെട്ട വിമാനയാത്രക്കാരുടെ അസാധാരണമായ അനുഭവകഥ

on Apr 27, 2014

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങള്‍ ലോകം തുടരുമ്പോള്‍ ഇതാ ചരിത്രത്തില്‍നിന്നൊരു സമാന സന്ദര്‍ഭം. മഞ്ഞുമലകള്‍ക്കിടയില്‍ പട്ടിണിയുടെയും യാതനയുടെയും എഴുപത് ദിവസങ്ങള്‍ താണ്ടി അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ഏതാനും വിമാനയാത്രക്കാരുടെ അസാധാരണമായ അനുഭവകഥ
1972 ഡിസംബര്‍ 20.
തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അസുഫ്രെ നദിയുടെ കരയിലൂടെ കാലികളെയും തെളിച്ച് മടങ്ങുകയായിരുന്നു സെര്‍ജിയോ എന്ന കര്‍ഷകനും അയാളുടെ രണ്ട് കൂട്ടുകാരും. പെട്ടെന്നാണ് നദിയുടെ മറുകരയില്‍ ആന്‍ഡീസ് പര്‍വതത്തിന്റെ ചെരിവില്‍ നില്‍ക്കുന്ന രണ്ട് അപരിചിതരെ അവര്‍ കണ്ടത്. മുട്ടുകുത്തിനിന്ന് യാചനാഭാവത്തില്‍ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു അക്കരെയുള്ളവര്‍. പക്ഷേ, നദിയുടെ കുത്തൊഴുക്കിന്റെ ശബ്ദത്തില്‍ അവര്‍ പറയുന്നതെന്തെന്ന് മനസ്സിലാകാത്തതുകൊണ്ട് അക്കരയിലെ അപരിചിതരെ അവഗണിച്ച് സെര്‍ജിയോയും കൂട്ടരും മുന്നോട്ടുപോയി.
അടുത്തദിവസം രാവിലെ അവര്‍ അതുവഴി കൃഷിയിടത്തിലേക്ക് പോകുമ്പോഴും അതാ മറുകരയില്‍ തലേനാള്‍ കണ്ട അതേ സ്ഥാനത്തുതന്നെ നില്‍ക്കുന്നു ആ അപരിചിതര്‍! നദിയുടെ ശബ്ദം അപ്പോഴും അവരുടെ വാക്കുകളെ അവ്യക്തമാക്കുന്നതുകൊണ്ട് സെര്‍ജിയോ ഒരു സൂത്രം പ്രയോഗിച്ചു: ''കുറച്ചു കഴിഞ്ഞ് ഞാന്‍ അവിടേക്ക് ഒരാളെ അയയ്ക്കുന്നുണ്ട്. എന്ത് സഹായമാണ് വേണ്ടത്?'' എന്നൊരു കുറിപ്പ് എഴുതി തന്റെ പേനയും ആ കുറിപ്പും ഒരു കല്ലും തൂവാലയില്‍ പൊതിഞ്ഞുകെട്ടി മറുകരയിലേക്ക് എറിഞ്ഞുകൊടുത്തു.
മറുപടിയായി തൂവാലയില്‍ കെട്ടി എറിഞ്ഞുകിട്ടിയ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. ''പര്‍വതത്തിന്റെ മുകളില്‍ തകര്‍ന്നുവീണ ഒരു വിമാനത്തിലുണ്ടായിരുന്ന ഉറുഗ്വായ്ക്കാരനാണ് ഞാന്‍. കൂടെയുള്ളത് എന്നോടൊപ്പം രക്ഷപ്പെട്ട ഒരു സുഹൃത്താണ്. പത്തുദിവസത്തോളമായി ഞങ്ങള്‍ ഭക്ഷണമൊന്നും കിട്ടാതെ ഈ കാട്ടില്‍ നടക്കാന്‍ തുടങ്ങിയിട്ട്. പരിക്കുപറ്റിക്കിടക്കുന്ന പതിന്നാലുപേര്‍ വിമാനത്തില്‍ വേറെയുമുണ്ട്. ഈ സ്ഥലം ഏതാണെന്നും എങ്ങനെ രക്ഷപ്പെടണമെന്നും ഞങ്ങള്‍ക്ക് അറിയില്ല.''

അതുവായിച്ച് സെര്‍ജിയോ അമ്പരന്നു. രക്ഷപ്പെടുത്താന്‍ തങ്ങളാലാവുംവിധം ശ്രമിക്കാം എന്ന് ആംഗ്യഭാഷയില്‍ അറിയിച്ചിട്ട് ആ കര്‍ഷകര്‍ കൈയിലുണ്ടായിരുന്ന റൊട്ടി തൂവാലയില്‍ കെട്ടി അക്കരേക്ക് എറിഞ്ഞുകൊടുത്തു.
വൈകാതെ നാട്ടുകാര്‍ അക്കരെയെത്തി ആ അശരണരെ രക്ഷിച്ചു. ഫെര്‍ണാഡോ പരാ ഡോ, റോബര്‍ട്ടോ കനേസ-അതായി രുന്നു ആ യുവാക്കളുടെ പേരുകള്‍. ഭക്ഷണവും വെള്ളവും കിട്ടി കുറച്ചിട വിശ്രമിച്ചപ്പോള്‍ ആ യുവാക്കളുടെ ക്ഷീണം വിട്ടൊഴിഞ്ഞു. പിന്നീട് അവര്‍ വിവരിച്ച അനുഭവം ലോകം അന്നേവരെ കണ്ടിട്ടില്ലായിരുന്ന അതിസാഹസികമായ ഒരു രക്ഷപ്പെടലിന്റെ കഥയായിരുന്നു!
1972 ഒക്ടോബര്‍ 12-ാം തീയതി രാവിലെ 8.05-ന് ഉറുഗ്വായ്യുടെ തലസ്ഥാനമായ മോണ്ടി വീഡിയോയില്‍നിന്ന് 40 യാത്രക്കാരും അഞ്ച് വിമാനജോലിക്കാരുമായി ചിലിയിലെ സാന്‍ഡിയാഗോവിലേക്ക് പുറപ്പെട്ടതായിരുന്നു ഫെയര്‍ചൈല്‍ഡ് എന്ന വിമാനം. മോണ്ടിവീഡിയോയിലെ സ്റ്റെല്ലാമേരി കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ 15 റഗ്ബി കളിക്കാരും അവരുടെ കുടുംബാംഗങ്ങളും കൂട്ടുകാരും ചേര്‍ന്നതായിരുന്നു 40 യാത്രക്കാര്‍.
അര്‍ജന്റീനയ്ക്കും ചിലിക്കും മധ്യേ കിടക്കുന്ന ആന്‍ഡീസ് പര്‍വതം തരണംചെയ്തുവേണം സാന്‍ഡിയാഗോവില്‍ എത്താന്‍. പ്രവചനാതീതമായ കാലാവസ്ഥയുള്ള ആന്‍ഡീസിന്റെ മുകളില്‍ക്കൂടിയാണ് പറക്കല്‍. 900 മൈല്‍ ദൈര്‍ഘ്യമുള്ള വ്യോമപാത താണ്ടാന്‍ ഏകദേശം നാലുമണിക്കൂര്‍ വേണം. കോ-പൈലറ്റ് ലഗുറാറയായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ആന്‍ഡീസിന്റെ പരമാവധി ഉയരം 13,000 അടിയാണ്. ഫെയര്‍ചൈല്‍ഡ് എന്ന അവരുടെ വിമാനത്തിന് 22,500 അടി ഉയരത്തില്‍ പറക്കാന്‍ കഴിയും. അതിനാല്‍ വലിയ അപകടസാധ്യതയൊന്നും അവരാരും മുന്‍കൂട്ടി കണ്ടിരുന്നില്ല.
എന്നാല്‍ അപ്ര തീക്ഷിതമായത് സംഭവിച്ചു. വിമാനം 15,000 അടി ഉയരത്തില്‍വെച്ച് ഒരു 'എയര്‍പോക്കറ്റി'ല്‍ കുടുങ്ങി. അടുത്തനിമിഷം വിമാനത്തിന്റെ വലത്തെ ചിറക് കൊടുമുടിയിലെ പാറയില്‍ ഇടിച്ചുതകര്‍ന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തിരുന്ന രണ്ട് വിമാനജോലിക്കാരും സീറ്റുബെല്‍റ്റോടുകൂടി നാല് യുവാക്കളും താഴേക്കുതെറിച്ചു. അടുത്തനിമിഷം ഇടതുചിറകും പിന്നെ വാല്‍ഭാഗവും തകര്‍ന്ന് വിമാനം നേരെ താഴെ മഞ്ഞുകൂമ്പാരത്തിലേക്ക് കൂപ്പുകുത്തി.

വളരെ പണിപ്പെട്ടതിനുശേഷം ആറ് യുവാക്കള്‍ എങ്ങനെയോ എഴുന്നേറ്റുവന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പൈലറ്റ് അടക്കം 13 പേര്‍ ആ വീഴ്ചയില്‍ത്തന്നെ ജീവന്‍വെടിഞ്ഞിരുന്നു. സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്തോറും മൈനസിന് താഴെയുള്ള കൊടുംതണുപ്പില്‍ എങ്ങനെ രാത്രി കഴിച്ചുകൂട്ടും എന്നായി എല്ലാവരുടെയും ചിന്ത. ചിതറിക്കിടക്കുന്ന തങ്ങളുടെ പെട്ടികളില്‍നിന്ന് എന്തെങ്കിലും തിന്നാന്‍ കിട്ടുമോ എന്നുനോക്കിയ അവര്‍ക്ക് നിരാശയായിരുന്നു ഫലം. രാത്രിയാകുന്നതിനുമുമ്പുതന്നെ ശേഷിച്ചവര്‍ തകര്‍ന്ന സീറ്റുകളും ലഗേജും ഉപയോഗിച്ച് വിമാനത്തിന്റെ വാല്‍ഭാഗത്ത് ഒരു മറയുണ്ടാക്കി ശീതക്കാറ്റിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. പിന്നെ എല്ലാവരും ശരീരം പരസ്​പരം തിരുമ്മി ചൂടുപിടിപ്പിച്ച് ആ രാത്രി താണ്ടി.

സമുദ്രനിരപ്പില്‍നിന്ന് 11,500 അടി ഉയരത്തില്‍ ട്വിന്‍ഗിരിക്കാ എന്ന അഗ്‌നിപര്‍വതത്തിനും സെറോസൊ സ്‌നോഡൊ പര്‍വതത്തിനും ഇടയിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ഉച്ചയ്ക്കുമുമ്പേ കോ-പൈലറ്റ് അടക്കം മൂന്നുപേര്‍കൂടി മരണത്തിന് കീഴടങ്ങിയിരുന്നു. ഇടയ്ക്ക് വളരെ ഉയരത്തില്‍ക്കൂടി ഒരു വിമാനം പറന്നുപോകുന്നത് അവര്‍ കണ്ടു. പക്ഷേ, തൂവെള്ള മഞ്ഞില്‍ അതേനിറത്തിലുള്ള ഒരു വിമാനം കിടക്കുന്നത് ശ്രദ്ധയില്‍പ്പെടാന്‍ ഒരു സാധ്യതയുമില്ലായിരുന്നു.
കുറച്ച് മദ്യം, വൈന്‍, ചോക്കലേറ്റ് ഇവ മാത്രമായിരുന്നു അവശേഷിച്ചിരുന്ന ഭക്ഷണസാധനങ്ങള്‍. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ പിടിച്ചുനില്‍ക്കാന്‍ അവര്‍ 'റേഷന്‍' സംവിധാനം പരീക്ഷിച്ചു. ഒരാള്‍ക്ക് ഒരു മൂടി വൈന്‍. ഒരു കഷ്ണം ചോക്കലേറ്റ്. വിമാനത്തില്‍നിന്ന് കിട്ടിയ അലൂമിനിയക്കഷ്ണത്തില്‍ മഞ്ഞുനിറച്ച് സൂര്യപ്രകാശത്തില്‍ ഉരുക്കിയായിരുന്നു വെള്ളമുണ്ടാക്കിയിരുന്നത്. എട്ടാം നാള്‍ രാവിലെ പരാഡോ ഉണര്‍ന്നുനോക്കുമ്പോള്‍ അതുവരെ സ്വന്തം ശരീരത്തിന്റെ ചൂടുപകര്‍ന്ന് സംരക്ഷിച്ചുപോന്ന സഹോദരി സൂസന്ന തണുത്തുമരവിച്ച് ചലനമറ്റുകിടക്കുന്നു! ഒന്നു പൊട്ടിക്കരയാന്‍പ്പോലുമാകാതെ അയാള്‍ ആ മൃതദേഹത്തിനുമുന്നില്‍ മുട്ടുകുത്തിയിരുന്നു.

അങ്ങനെ ഒമ്പതുദിവസങ്ങള്‍ കടന്നുപോയി. 'റേഷനാ'യി വീതംവെച്ചിരുന്ന തീറ്റവസ്തുക്കളും തീര്‍ന്നു. ഇനിയും എത്രനാള്‍കൂടി ജീവന്‍ ബാക്കിയുണ്ടാകുമെന്നറിയില്ല. ഒടുവില്‍ ആര്‍ക്കും തുറന്നുപറയാന്‍ ധൈര്യം കിട്ടാതെപോയ അക്കാര്യം കനേസ തുറന്നുപറഞ്ഞു: ''യാതൊരു കേടുംകൂടാതെ ഇതാ മഞ്ഞുകട്ടകള്‍ക്കിടയില്‍ നമ്മുടെ സഹയാത്രികരുടെ മൃതദേഹങ്ങള്‍! ജീവന്‍ നിലനിര്‍ത്താന്‍ ഇനി ഇതേ പോംവഴിയുള്ളൂ!''
വൈകിപ്പോയാല്‍ കണ്‍മുന്നില്‍ കിടക്കുന്ന ശവശരീരത്തില്‍നിന്ന് ഒരു കഷ്ണം മുറിച്ചെടുക്കാനുള്ള ശേഷിപോലും നശിച്ചുപോകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒടുവില്‍ കനേസ എഴുന്നേറ്റു. മഞ്ഞുകട്ടകള്‍ക്കിടയില്‍ പൂണ്ടുകിടന്ന ഒരു സ്ത്രീശരീരത്തിന്റെ പിന്‍ഭാഗത്തുനിന്ന് ഒരു കുപ്പിക്കഷ്ണം ഉപയോഗിച്ച് കനേസ ഇരുപത് കഷ്ണങ്ങള്‍ മുറിച്ചെടുത്ത് വിമാനത്തിന് മുകളില്‍ക്കൊണ്ടുവെച്ചു. ആരും കുറച്ചുനേരത്തേക്ക് അനങ്ങിയില്ല. ഒടുവില്‍ കനേസതന്നെ ഒരു കഷ്ണമെടുത്ത് സാവധാനം വിഴുങ്ങി. വൈകുന്നേരത്തോടുകൂടി മറ്റ് യുവാക്കളും കനേസയുടെ പാത പിന്തുടര്‍ന്നു. സൂര്യപ്രകാശം ഇല്ലാത്ത ഒരുനാള്‍ കൊക്കകോളയുടെ കാലിപ്പെട്ടികള്‍ കൂട്ടിയിട്ട് തീപിടിപ്പിച്ചിട്ട് അതിനുമുകളില്‍ അലൂമിനിയം ഷീറ്റുവെച്ച് മനുഷ്യമാംസം വേവിച്ചുകഴിക്കാനും അവര്‍ക്കുകഴിഞ്ഞു.
അക്കൂട്ടത്തില്‍ മൂന്ന് യുവാക്കള്‍ ഒരുദിവസം വിമാനത്തിന്റെ നഷ്ടപ്പെട്ട ചിറകുകള്‍ തേടി മഞ്ഞില്‍ക്കൂടി ഒരു സാഹസികയാത്ര നടത്തി. അടുത്ത ദിവസം അവര്‍ മഞ്ഞില്‍ തകര്‍ന്നുകിടന്ന ഒരു ചിറക് കണ്ടെത്തി. തൊട്ടടുത്തായി ആറ് ശവശരീരങ്ങളും കിടന്നിരുന്നു. അവര്‍ മൊത്തം വിമാനയാത്രക്കാരുടെ എണ്ണം ഒപ്പിച്ചുനോക്കി. ആറ് ശവങ്ങള്‍ പുതിയതായി കണ്ടവ, 11 എണ്ണം വിമാനത്തിനടുത്തുള്ള മഞ്ഞിനടിയില്‍, നേരത്തേ രക്ഷാശ്രമത്തിനിടയില്‍ മഞ്ഞില്‍ അപ്രത്യക്ഷനായ വലേറ, വിമാനത്തിനുള്ളില്‍ ജീവിച്ചിരിക്കുന്ന 24 പേര്‍. പിന്നെ അവര്‍ മൂന്നുപേരും - കണക്ക് ശരി!
അപകടം നടന്നിട്ട് 17-ാം നാള്‍. പതിവുജോലിയായ മാംസം മുറിക്കലും ചൂടാക്കി കഴിക്കലും കഴിഞ്ഞതിനുശേഷം ഒന്ന് വിശ്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. പെട്ടെന്ന് ഇടിമുഴക്കംപോലെ ഒരു ശബ്ദം കേട്ടു. അതിശക്തമായ ഒരു ഹിമപാതം പാഞ്ഞുവന്ന് അവരെ വിമാനമടക്കം മഞ്ഞില്‍ മുക്കിക്കളഞ്ഞു! ചില യുവാക്കള്‍ ഒരുവിധം രക്ഷപ്പെട്ട് പുറത്തുവന്നു. പക്ഷേ, പലര്‍ക്കും അതിന് കഴിഞ്ഞില്ല. വിമാനം പൂര്‍ണമായും മഞ്ഞിനടിയിലായിപ്പോയിരുന്നു. രാത്രിയായപ്പോള്‍, അവശേഷിച്ച 19 പേരും മരവിച്ചുപോകാതിരിക്കാന്‍ പരസ്​പരം കെട്ടിപ്പിടിച്ചും ശരീരം തിരുമ്മി രക്തയോട്ടമുണ്ടാക്കിയും നേരംവെളുപ്പിച്ചു.
ഒക്ടോബര്‍ 31. വിമാനത്തിനകത്തുകിടന്നിരുന്ന പുതിയ ശവശരീരങ്ങളില്‍നിന്നുള്ള മാംസം ബാക്കിവന്നവര്‍ കഴിക്കാന്‍ തുടങ്ങിയിരുന്നു. രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷ എന്നോ അസ്തമിച്ചുകഴിഞ്ഞിരുന്നു. ഇനി ചിലിയിലെ ജനവാസമുള്ള ഏതെങ്കിലും പ്രദേശം കാണുന്നതുവരെ ഒരു സാഹസികയാത്ര മാത്രമേ പോംവഴിയുള്ളൂ. വിസിറ്റിന്‍, കനേസ, പരാഡൊ എന്നീ മൂവര്‍സംഘം ആ ദൗത്യത്തിന് തയ്യാറായി. മെഡിക്കല്‍ വിദ്യാര്‍ഥിയായ കനേസയുടെ നിര്‍ദേശപ്രകാരം മൃതശരീരങ്ങളില്‍നിന്ന് ശേഖരിച്ച കരള്‍, തലച്ചോര്‍, ഹൃദയം എന്നിവ കഴിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. എന്നിട്ടും അവശേഷിച്ച 19 പേരില്‍ മൂന്ന് യുവാക്കള്‍ക്കൂടി ആന്‍ഡീസിലെ മഞ്ഞുപാളികളില്‍ തളര്‍ന്നുവീണ് ജീവന്‍വെടിഞ്ഞു.
ഒരുനാള്‍ ഭക്ഷണത്തിനുവേണ്ടി മഞ്ഞില്‍നിന്ന് ഒരു ശരീരം പുറത്തെടുത്തുനോക്കിയപ്പോള്‍ അത് ലിലിയാന മെന്തോളിന്റേതായിരുന്നു. ജീവനോടെയുള്ള ജാവിയര്‍ മെന്തോളിന്റെ പ്രിയതമ! അദ്ദേഹത്തെ വേദനിപ്പിക്കരുതെന്നുകരുതി അവര്‍ ആദ്യമായി ഒരു ശരീരം ഭക്ഷണമാക്കാതെ ഉപേക്ഷിച്ചു.

ചിലിയിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. മാംസം വെട്ടിമുറിച്ച് ബാഗില്‍ അടുക്കിവെച്ചു. വിമാനത്തിന്റെ വാല്‍ഭാഗത്തുനിന്നും കിട്ടിയ ഇന്‍സുലേഷന്‍ തുന്നിക്കൂട്ടി മൂന്നുപേര്‍ക്കുമുള്ള സ്ലീപ്പിങ് ബാഗും ഒരുക്കി. കനേസ ഡിസംബര്‍ 11-ാം തീയതി വിമാനത്തില്‍തന്നെ കഴിയേണ്ട 13 പേര്‍ക്കും അവര്‍ ചെയ്യേണ്ടതായ ചില നിര്‍ദേശങ്ങള്‍ കൊടുത്തു. പിന്നീട് ദുഃഖം ഉള്ളിലൊതുക്കി എല്ലാവരോടുമായി പറഞ്ഞു, ഭക്ഷണത്തിന് ബുദ്ധിമുട്ടുവന്നാല്‍ തന്റെ സഹോദരിയുടെയും അമ്മയുടെയും ശവങ്ങള്‍ ഉപയോഗിച്ചുകൊള്ളാന്‍! അങ്ങനെ മൂവര്‍സംഘം പുറപ്പെട്ടു. മൂന്നുദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ഭക്ഷണദൗര്‍ലഭ്യം വന്നേക്കുമെന്ന് ഭയന്ന് കൂട്ടത്തിലെ വിസിറ്റിന്‍ എന്നയാളെ വിമാനത്തിലേക്കുതന്നെ തിരിച്ചയച്ചു. പിന്നീട്, കനേസയും പരാഡൊയും അറ്റം കാണാതെകിടക്കുന്ന ഹിമാനികള്‍ പലതും താണ്ടി പുഴയ്ക്കപ്പുറം സെര്‍ജിയൊ യെയും കൂട്ടരെയും കണ്ടുമുട്ടുമ്പോഴേക്കും നീണ്ട 10 നാളുകള്‍ കൂടി പിന്നിട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പര്‍വതങ്ങളില്‍ ഒന്നായ ആന്‍ഡീസിന്റെ കൊടുമുടികള്‍ പലതും കയറിയായിരുന്നു അവര്‍ ആ മനുഷ്യവാസമേഖലയില്‍ എത്തിയത്.
ഡിസംബര്‍ 21-ാം തീയതി സെര്‍ജിയോ മാറ്റിനസ്​പ്യൂന്റനിഗ്രൊ എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ ചെന്ന് വിവരം കൈമാറി. രണ്ടുദിവസങ്ങളിലായി അന്വേഷണസംഘം ശേഷിച്ചവരെയെല്ലാം ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തിക്കൊണ്ടുവന്നു. യാതനയുടെയും ദുരിതത്തിന്റെയും പട്ടിണിയുടെയും നീണ്ട എഴുപത് നാളുകളില്‍ ഒരു മനുഷ്യായുസ്സില്‍ അനുഭവിക്കേണ്ടതെല്ലാം അവര്‍ അനുഭവിച്ചുതീര്‍ത്തിരുന്നു.
കുറച്ചുദിവസങ്ങള്‍ക്കുശേഷം ചിലിയുടെയും ഉറുഗ്വായുടെയും എയര്‍ഫോഴ്സ് നടത്തിയ അന്വേഷണത്തില്‍ കോ-പൈലറ്റിന്റെ കൈപ്പിഴയായിരുന്നു അപകടത്തിന് വഴിവെച്ചതെന്ന് കണ്ടെത്തി. കനേസയും പരോഡൊയും കൊടുമുടികള്‍ താണ്ടി പടിഞ്ഞാറോട്ടുള്ള പ്രയാണത്തിനുപകരം വാല്‍ഭാഗം കിടന്നിരുന്ന താഴ്വരയിലൂടെ വെറും അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നുവെങ്കില്‍ പര്‍വതത്തിന് മുകളില്‍ വേനല്‍ക്കാലത്തുമാത്രം തുറന്നുപ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ എത്തിച്ചേരുമായിരുന്നു എന്നതായിരുന്നു എല്ലാവരെയും സങ്കടപ്പെടുത്തിയ ഒരു കാര്യം!
1973 ജനവരി 18. ആന്‍ഡീസ് റസ്‌ക്യൂ കോര്‍പ്പറേഷന്റെയും ഉറുഗ്വായ് എയര്‍ഫോഴ്സിന്റെയും സന്നദ്ധസേവകര്‍ ഒരു കാത്തലിക് പുരോഹിതനെയും കൂട്ടി ഹെലിക്കോപ്റ്ററില്‍ ഫെയര്‍ചൈല്‍ഡ് തകര്‍ന്നുകിടന്നിടത്ത് ചെന്നിറങ്ങി. വിമാനത്തിനുചുറ്റം ചിതറിക്കിടന്നിരുന്ന ശവാവശിഷ്ടങ്ങള്‍ ശേഖരിച്ച് അവര്‍ അരമണിക്കൂര്‍ ദൂരെയുള്ള മഞ്ഞുപാളികളില്ലാത്ത ഒരിടത്ത് അവ സംസ്‌കരിച്ചു. അതിനടുത്ത് ഇരുമ്പുകമ്പികൊണ്ടുള്ള ഒരു കുരിശ് നാട്ടിയിട്ട് അവര്‍ പ്രാര്‍ഥിച്ചു. പിന്നെ ഫെയര്‍ചൈല്‍ഡിനടുത്തേക്ക് തിരിച്ചുവന്ന് അത് പെട്രോള്‍ ഒഴിച്ചു തീകൊടുത്തു. സദാസമയവും വീശിയടിക്കുന്ന ശീതക്കാറ്റില്‍ ഫെയര്‍ ചൈല്‍ഡിനെ വിഴുങ്ങാന്‍ അഗ്‌നിനാളങ്ങള്‍ക്ക് അധികസമയം വേണ്ടിവന്നില്ല.
ആന്‍ഡീസിലെ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് അങ്ങിങ്ങായി ഹിമപാതത്തിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ഇനിയും ഒരു ദുരന്തം വരുത്തിക്കൂടാ എന്ന ഉള്‍വിളിയോടെ അവര്‍ എത്രയും വേഗം മടങ്ങി. 

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ പുനഃസംഘടിപ്പിച്ചു

on Apr 19, 2014

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ പുനഃസംഘടിപ്പിച്ചു
 കോഴിക്കോട് : ഒമ്പത് പതിറ്റാണ്ട്കാലം കേരള ജനതക്ക് മത സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സമഗ്രമായ നേതൃത്വം നല്‍കിയ പണ്ഡിതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ (കൂടിയാലോചന സമിതി) പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ് : എം.എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ കാസര്‍ഗോഡ് വൈസ് പ്രസിഡന്റുമാര്‍: സയ്യിദ് അലി ബാഫഖി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി : കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സെക്രട്ടറിമാര്‍ : പി. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ട്രഷറര്‍ : കെ.പി ഹംസ മുസ്‌ലിയാര്‍ തളിപ്പറമ്പ് എന്നിവരെ തിരഞ്ഞെടുത്തു. ഫത്‌വാ കമ്മിറ്റി ചെയര്‍മാനായി എം.എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെയും, കണ്‍വീനറായി എ.പി മുഹമ്മദ് മുസ്‌ലിയാരെയും ഫിഖ്ഹ് കൗണ്‍സില്‍ ചെയര്‍മാനായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും കണ്‍വീനറായി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.

സൌദിയില്‍ ഒരു മൈല്‍ ഉയരമുള്ള കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുന്നു

on

സൌദിയില്‍ ഒരു മൈല്‍ ഉയരമുള്ള കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുന്നു


സൌദിയില്‍ ഒരു മൈല്‍ ഉയരമുള്ള കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുന്നു


ജിദ്ദ: ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള കെട്ടിടം സൌദി അറേബ്യ നിര്‍മിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വളരെ നാളുകളായി പുറത്തുവരുന്നുണ്ട് .
‘കിംങ്ങ്ടം ടവര്‍’ എന്ന പേരില്‍ ഒരു മൈല്‍ ഉയരമുള്ള, ഈ കെട്ടിടത്തിന്റെ നിര്‍മാണത്തിന് അടുത്തയാഴ്ച തുടക്കമാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. അഞ്ച് ദശലക്ഷം ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും 80,000 ടണ്‍ സ്റ്റീലും വേണ്ടിവരുമത്രെ നിര്‍മാണത്തിന്. കിംഗ്ടം ടവര്‍ പണിതീരുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് നഷ്ടമാവുമത്രെ.

ബുര്‍ജ് ഖലീഫയ്ക്ക് 0.51 മൈല്‍ ഉയരമാണുള്ളത്. ലിഫ്റ്റിലൂടെയാണെങ്കില്‍ പോലും കിംങ്ങ്ടം ടവറിന്റെ മുകളില്‍ എത്താന്‍ 12 മിനിറ്റ് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദ നഗരത്തിന് വടക്ക് ചുവപ്പുകടലിന്റെ കിഴക്കന്‍ തീരത്ത് ഒബൂറിലായിരിക്കും സൌദിയുടെ അഭിമാനമാവുന്ന കിംങ്ങ്ടം ടവര്‍ ഉയരുക എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏകദേശം 30 ബില്യണ്‍ ഡോളറാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഓഫീസുകളും ഹോട്ടലും താമസസ്ഥലങ്ങള്‍ക്കുമുള്ള സൌകര്യം ഒരുക്കിയായിരിക്കും കിംങ്ങ്ടം ടവര്‍ പണിയുയര്‍ത്തുക. 

സൈബര്‍ ഇടങ്ങളെ സ്ത്രീകള്‍ സൂക്ഷിക്കണം ...

on Apr 13, 2014

സൈബര്‍ ഇടങ്ങളെ സ്ത്രീകള്‍ സൂക്ഷിക്കണം ...


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2014 ഫെബ്രുവരി 14   ന്  പ്രസിദ്ധീകരിച്ചത് )

ഇന്‍റര്‍ നെറ്റിനെ, ഓര്‍ക്കുട്ടിനെ,  ബ്ലോഗിനെ, ഗൂഗിള്‍ ബസിനെ, പ്ലസിനെ,ഫേസ് ബുക്കിനെ,  മൊബൈല്‍ ഫോണിനെ... എല്ലാറ്റിനേയും  നമ്മള്‍ പെണ്ണുങ്ങള്‍ സൂക്ഷിക്കണം. ഇതിനോടെല്ലാം  അങ്ങേയറ്റം കരുതലോടെ മാത്രമേ ഇടപെടാവൂ. ഫോട്ടൊ ഇടരുത്..  സംസാരിക്കരുത്.. സൂക്ഷിക്കണം...  ഒന്നും  ആരോടും പങ്കു വെക്കരുത്... തുറന്നു പറയരുത്.. ആരേയും വിശ്വസിക്കരുത്... സൂക്ഷിക്കണം... നമ്മള്‍ പെണ്ണുങ്ങള്‍ക്കുള്ള ചതിക്കുഴികള്‍  പലയിടങ്ങളില്‍ പലരീതികളില്‍  കുഴിച്ചു വെയ്ക്കപ്പെട്ടിരിക്കുന്നു. അത്  തിരിച്ചറിയാതെ അവയില്‍ അബദ്ധത്തില്‍  മുഖമടിച്ച് വീണാല്‍ പിന്നെ നമുക്ക് മാനമില്ല... അപമാനം മാത്രമേയുള്ളൂ.. നമ്മുടെ  മാനം  നമ്മെ ചതിക്കുന്നവരും അത്  ഒരു രസമായി നോക്കിനില്‍ക്കുന്നവരും മാത്രം  തീരുമാനിക്കുന്നതാണ്. ചതിക്കുന്നവരാണ്,  അവര്‍ക്ക് പല രീതിയില്‍ ഒത്താശ ചെയ്യുന്നവരാണ് മിടുക്കര്‍. ഒടുവില്‍ നിരന്തരമായ അപമാനത്തിനും നിന്ദിക്കലിനും വേട്ടയാടലിനും ഇരയാകേണ്ടി വരുമെന്ന്  ഭയന്ന്  നമുക്ക്  ആത്മഹത്യ ചെയ്യേണ്ടി വരുന്നു.

ഏതു  പുതുമക്കു  മുന്നിലും  നമുക്കെന്നും  ഈ  താക്കീതുണ്ടായിരുന്നു.. സൂക്ഷിക്കണം. വസ്ത്രധാരണത്തില്‍, വീട്ടിനു പുറത്തിറങ്ങുന്നതില്‍, വിദ്യാഭ്യാസത്തില്‍, ജോലിക്കു പോകുന്നതില്‍, വിദേശത്ത്  പോകുന്നതില്‍,  കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍.. നമ്മള്‍  പെണ്ണുങ്ങള്‍ സൂക്ഷിക്കണം.. നമ്മെക്കാത്ത് പ്രപഞ്ചത്തിന്‍റെ  സമസ്ത മേഖലകളിലും നമ്മുടെ  ചാരിത്ര്യം കളഞ്ഞു പോകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ പതിയിരിക്കുന്നു....  നമ്മുടെ  ശരീരം.. മലിനമാകാന്‍ എല്ലാ വഴിയും ഉണ്ട്. ഉള്ളില്‍.. അടങ്ങി.. ഒതുങ്ങി.. സ്വന്തം ദേഹത്തിലേക്ക്  മാത്രം ശ്രദ്ധിച്ചുകൊണ്ട് ...  ഈ ലോകത്തെ ഒരു  തരത്തിലും  പരിചയപ്പെടാതെ..  പകച്ച കണ്ണുകളോടെ... ഒന്നുമൊന്നുമറിയാതെ ഇങ്ങനെ  സ്നേഹമയിയും ത്യാഗവതിയും വീട്ടുമൂര്‍ത്തിയുമായ അമ്മയായി ഇരിക്കുന്നതാണ് നമുക്കേറ്റവും സുരക്ഷിതം. അമ്മയോ പെങ്ങളോ മകളോ ഭാര്യയോ ആയിട്ടല്ലാതെ ഞാന്‍...  എന്ന് പറഞ്ഞ് നമുക്ക് ജീവിതമേ ഇല്ല.

എന്തുകൊണ്ടാണ് നമ്മള്‍  സൂക്ഷിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട്  എല്ലാവരും സുഭിക്ഷമായി നമുക്ക് ഉപദേശങ്ങള്‍ തരുന്നത് ? അരുതുകളുടെ വേലികള്‍ നമുക്കായി മാത്രം  മല്‍സരിച്ചുയര്‍ത്തുന്നതെന്തിനാണ് ?   കുറ്റം ചെയ്യുന്നവരെ വേലികെട്ടിത്തിരിച്ച് താക്കീതു ചെയ്യാന്‍, ഒറ്റപ്പെടുത്താന്‍  നിയമവും, ഭരണവും സംസ്ക്കാരവും ചൂണ്ടിക്കാണിച്ച്  ആരും  പുറപ്പെടാത്തതെന്താണ്?
 
സ്ത്രീയെ മാനഭംഗപ്പെടുത്തിയാല്‍, സ്ത്രീയെ  ചൂഷണം  ചെയ്താല്‍  പിന്നെ ആ കുറ്റവാളിക്ക് മാനമില്ല,  അപമാനം മാത്രമേയുള്ളൂവെന്നും അയാള്‍  കൃത്യമായി പിടിക്കപ്പെടുകയും  അതിനു  ശിക്ഷിക്കപ്പെടുകയും  ചെയ്യുമെന്നും  എഴുതാന്‍ ... പോട്ടെ, എഴുതേണ്ട, ചുമ്മാ  മോഹിക്കാന്‍ പോലും എല്ലാവരും മടിക്കുന്നു. തന്നെയുമല്ല ,  ഇങ്ങനെ  ആലോചിക്കുന്ന  ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കാണു കുഴപ്പമെന്നും  അവര്‍  കാര്യങ്ങള്‍ വേണ്ടവിധത്തില്‍ മനസ്സിലാക്കുന്നില്ലെന്നും കൂടി എഴുതിയും വാദിച്ചും  സ്ഥാപിക്കാന്‍  ശ്രമിക്കുന്നു. 

കുറ്റവാളി എല്ലായ്പ്പോഴും  മിടുക്കനാകുന്ന,  കുറ്റവാളിയെ  ഭൂരിഭാഗം സമൂഹവും പിന്തുണക്കുന്ന,  ഒരു  വിചിത്ര രീതിയാണ് സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളിലും ഉള്ളത്.  കാമുകന്‍ പറ്റിച്ചാല്‍,  അവനെ വിശ്വസിക്കാന്‍  പോയ പെണ്ണിന്‍റെയല്ലേ  കുറ്റം ?  പൊതുവിടങ്ങളില്‍ അപകടപ്പെട്ടാല്‍, ആ സമയത്ത്,ആ ഉടുപ്പിട്ട്,  ആ ശരീര ഭാഷയില്‍,  ആ സ്ഥലത്ത് പ്രത്യക്ഷപ്പെട്ട പെണ്ണിന്‍റെയല്ലേ  കുറ്റം ?  ഭര്‍ത്താവിന്‍റെ  ഉപദ്രവമാണെങ്കില്‍ അയാളെ സ്നേഹപൂര്‍വം  പാട്ടിലാക്കാത്ത ഭാര്യയുടെയല്ലേ  കുറ്റം? പിഞ്ചു ബാലികയെ അച്ഛന്‍ ദ്രോഹിക്കുന്നതാണെങ്കില്‍ അത്  തടയാന്‍ നോക്കാത്ത അമ്മയുടെ അല്ലേ കുറ്റം?

സ്ത്രീകള്‍ അടങ്ങിയൊതുങ്ങി  മൂടിമറച്ച്  വിനയത്തില്‍  താഴോട്ട് നോക്കി , മുതിര്‍ന്നവരുടെ താല്‍പര്യപ്രകാരം അങ്ങ് ജീവിച്ചാല്‍ മതി... അധികം ആലോചിക്കേണ്ട, വായിക്കണ്ട,ഈ പ്രപഞ്ചത്തിലെ ഉള്ളതോ കണ്ടുപിടിക്കപ്പെട്ടതോ  ആയ   ഒരു പുതുമയേയും പരിചയപ്പെടുകയോ അറിയുകയോ വേണ്ട..  കുഞ്ഞിനെ  പ്രസവിച്ചു വളര്‍ത്തുകയും കുടുംബം നോക്കുകയും ചാരിത്ര്യം പവിത്രമായി  സംരക്ഷിക്കുകയും  ചെയ്ത് അങ്ങ് മരിച്ചു പോയാല്‍ മതി. സ്ത്രീകള്‍ എഴുത്തുകാരാവുന്നതിലും നല്ലത് ഒരു  ടോള്‍സ്റ്റോയിയെ പ്രസവിക്കുന്നതാണെന്ന് ഒരു  മഹദ് വചനം മാതിരി  എല്ലാവരും സാധിക്കുമ്പോഴൊക്കെ ഉദ്ധരിക്കുന്നത് ഈ വിചാരത്തിന്‍റെ  ബാക്കി തന്നെ.  പ്രസവവും മുലയൂട്ടലും ഒഴിച്ച്  ഈ പ്രപഞ്ചത്തിലെ സകലമാന കാര്യങ്ങളും നോക്കി നടത്താന്‍, ചാരിത്ര്യസംരക്ഷണ ബാധ്യത  അങ്ങനെ  എത്ര  കഷ്ടപ്പെട്ടും ചെയ്യണമെന്ന് സമൂഹം നിര്‍ബന്ധിച്ചിട്ടില്ലാത്ത  ആള്‍ക്കാര്‍ ഉണ്ട്. അവര്‍ക്ക്  വഴിയില്‍ ചളി കണ്ടാല്‍ ചവിട്ടാം.. വെള്ളം കണ്ടാല്‍ കഴുകുകയും ആവാം..വഴിയില്‍ കണ്ട ചെളിക്കാണ് കുറ്റമെന്ന് ആര്‍ത്തു വിളിച്ചു പറയാന്‍ സമൂഹം റെഡിയായിട്ടുണ്ട്. മഴ പെയ്തുണ്ടായ ചളിയാണോ, വയലിലെ ചളിയാണോ, മാലിന്യം വലിച്ചെറിഞ്ഞുണ്ടായ ചളിയാണോ... എന്നൊന്നും അന്വേഷിക്കാനില്ല. ചവിട്ടാന്‍ പാകത്തില്‍ അവിടെ കണ്ട ചളിക്ക് തന്നെയാണ് കുറ്റം.

കുറ്റം ചെയ്താല്‍ കുറ്റവാളിക്കാണ് ശിക്ഷ കിട്ടുകയെന്ന ശിക്ഷാ നിയമത്തിലെ  പ്രാഥമിക നിയമം സ്ത്രീകള്‍ക്കെതിരേയുള്ള  കുറ്റങ്ങളില്‍ നടപ്പിലാകുമെന്ന് ഉറപ്പ് വരുന്നതുവരെ ഈ ചീഞ്ഞളിഞ്ഞ ന്യായങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. കുറ്റത്തിനിരയായവര്‍ക്ക് പരിഗണനയും പിന്തുണയും നല്‍കുകയും കുറ്റവാളിക്കെതിരെ പരാതിപ്പെടുന്നവര്‍ക്ക് ആവശ്യമായ സാമൂഹിക പരിരക്ഷ നല്‍കുകയും ചെയ്യാന്‍ തയാറുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് നീതി കിട്ടാന്‍ സാധ്യതയുണ്ടോ എന്ന് ആലോചിച്ചു നോക്കാന്‍ പോലും സാധിക്കു. 

അരുതുകളുടെ  മുള്ളുവേലികളില്‍ കുടുക്കിയിടുന്നതിനു  കൂട്ടു നില്‍ക്കുന്നതിനു പകരം ധൈര്യമായി പുറത്തു വരൂ,  പഠിക്കൂ, പുതുമയെ അനുഭവിക്കൂ, അനീതികളോട് പ്രതികരിക്കൂ നമുക്കൊന്നിച്ചു  നില്‍ക്കാം ഒരുമിച്ചു പൊരുതാം  എന്ന്  പറയുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ധീരമായ സൌഹൃദങ്ങളും, ആണും പെണ്ണുമടങ്ങുന്ന സമൂഹത്തിന്‍റെ  കരുത്താര്‍ന്ന പിന്തുണയും തേടിവരാത്ത  നീതിയെപ്പോലെ നമ്മള്‍ സ്ത്രീകളുടെ ഒരിക്കലും  നടക്കാത്ത  സുന്ദര  സ്വപ്നങ്ങള്‍ മാത്രമായി  അവശേഷിക്കുകയാണ്.. 

അപ്പോള്‍  പറഞ്ഞുവന്നതെന്താണെന്ന്   വെച്ചാല്‍   ഇത്  പെണ്ണുങ്ങളുടെ ചാരിത്ര്യത്തിനും അതു വഴി  മാനത്തിനും ഒരിക്കലും നേരേയാക്കാനാവാത്ത  അപകടം പറ്റാവുന്ന  ലോകമാണ്..  ഇതിനെ  നന്നാക്കാനും  ശരിയാക്കാനും ഒന്നും   നമ്മുടെ ഒപ്പം നില്‍ക്കാന്‍ ആരുമില്ല...  അതുകൊണ്ട് .. നമ്മള്‍, ഈ ലോകം ഇങ്ങനെ പോരാ എന്നു കരുതുന്ന  പെണ്ണുങ്ങള്‍  തളരാതെ ധൈര്യസമേതം  സമരം ചെയ്യണം..

തകര്‍ന്നെന്ന് കരുതിയ മലേഷ്യന്‍ വിമാനം കാണ്ഡഹാറില്‍; വിമാനം റാഞ്ചിയതെന്ന് റഷ്യ !

on Apr 12, 2014


02
ലോകം തകര്‍ന്നെന്ന് കരുതി കടലിനടിയില്‍ അവശിഷ്ടങ്ങള്‍ തിരഞ്ഞ മലേഷ്യന്‍ വിമാനം റാഞ്ചിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഷ്യ രംഗത്ത്. റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എഫ് എസ് ബിയാണ് ഇക്കാര്യം റഷ്യന്‍ സര്‍ക്കാരിനെ അറിയിച്ചത്. തീവ്രവാദികള്‍ റാഞ്ചിയ വിമാനം പാക്‌ അഫ്ഗാന്‍ അതിര്‍ത്തി നഗരമായ കാണ്ഡഹാറിലേക്കാണ് കൊണ്ട് പോയതെന്നും വിമാനവും അതിലെ യാത്രക്കാരും അവിടെ സുരക്ഷിതമായി കഴിയുന്നുണ്ടെന്നും റഷ്യ വ്യക്തമാക്കി.
വിമാനത്തിന്റെ തിരോധാനവുമായി പൈലറ്റുമാര്‍ക്ക് യാതൊരു ബന്ധവുമില്ല. അജ്ഞാതരായ തീവ്രവാദികളാണ് ഇതിന് ഉത്തരവാദികള്‍ എന്നതിന് തെളിവുണ്ടെന്നും റഷ്യ അവകാശപ്പെട്ടു. അതും കൂടാതെ വിമാനം റാഞ്ചിയ ആളെ തങ്ങള്‍ക്ക് അറിയാമെന്നും റഷ്യന്‍ ഇന്റലിജന്‍സ് പറഞ്ഞു. അയാളാണ് പൈലറ്റിന് നിര്‍ദ്ദേശം നല്‍കി വിമാനം കണ്ടഹാറില്‍ എത്തിച്ചത്. യാത്രക്കാരെ തീവ്രവാദികള്‍ മണ്ണ് കൊണ്ടുണ്ടാക്കിയ ചെറിയ കുടിലുകളില്‍ തടവറയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. യാത്രക്കാരില്‍ തന്നെ ഏഷ്യക്കാരായ 20 പേരെ തങ്ങളുടെ തീവ്രവാദ കേന്ദ്രത്തിലേക്ക് അവര്‍ കൊണ്ട് പോയതായും അവരെ വെച്ച് കൊണ്ട് വിലപേശല്‍ നടത്തുവാനുമാണ് അവരുടെ തീരുമാനം എന്നും ഈ റിപ്പോര്‍ട്ട്‌ നല്‍കിയ ഡെയ്‌ലി സ്റ്റാര്‍ പറയുന്നു.
മുന്‍പ് തന്നെ താലിബാന്‍ ആണ് വിമാനം റാഞ്ചിയത്‌ എന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും അതിനു തക്കതായ തെളിവൊന്നും ലഭിച്ചിരുന്നില്ല. കൂടാതെ താലിബാന്‍ ഇതിനു നിഷേധക്കുറിപ്പും ഇറക്കിയിരുന്നു. തങ്ങള്‍ അതിനു മാത്രം വളര്‍ന്നിട്ടില്ല എന്നായിരുന്നു താലിബാന്‍ അന്ന് പറഞ്ഞിരുന്നത്.
റഷ്യയുടെ പുതിയ വെളിപ്പെടുത്തലുകളോടെ യാത്രക്കാരുടെ ബന്ധുക്കളില്‍ തങ്ങളുടെ ബന്ധുക്കളെ വീണ്ടും കാണാം എന്നൊരു ആത്മവിശ്വാസം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

പാറപ്പള്ളിക്കാര്‍ കാട്ടിത്തരുന്നു....സൗഹാര്‍ദ്ദത്തിന്റെ മാതൃക

on Apr 9, 2014

പാറപ്പള്ളിക്കാര്‍ കാട്ടിത്തരുന്നു....സൗഹാര്‍ദ്ദത്തിന്റെ മാതൃക

കാഞ്ഞങ്ങാട്: മതത്തിന്റെ പേരില്‍ പോര്‍വിളിച്ചും തമ്മിലടിച്ചുമല്ല, മറിച്ച് സ്‌നേഹം പങ്കിട്ടും സൗഹൃദം ഊട്ടിയുറപ്പിച്ചുമാണ് ജീവിക്കേണ്ടതെന്ന് പാറപ്പള്ളിക്കാര്‍ കാട്ടിത്തരുന്നു. കാഞ്ഞങ്ങാടിന് പത്ത് കിലോമീറ്റര്‍ കിഴക്കക്കുമാറി പാറപ്പള്ളി ടൗണിലെത്തിയാല്‍ ഒരു ബോര്‍ഡ് കാണാം. ആദ്യ കാഴ്ചയില്‍ത്തന്നെ ആ ബോര്‍ഡ് ശ്രദ്ധിക്കും. കാരണം അതില്‍ ഹിന്ദു-മുസ്ലിം ഐക്യമുണ്ട്. 

പൂരോത്സവത്തിന്റെയും മഖാം ഉറൂസിന്റെയും നോട്ടീസുകള്‍ ഫ്ലക്‌സ്‌ബോര്‍ഡില്‍ ചേര്‍ത്തുെവച്ചിരിക്കുന്നു. തുളുര്‍വനം ബാത്തൂര്‍ ഭഗവതിക്ഷേത്രത്തിലെ പൂരോത്സവ ആഘോഷങ്ങളും പാറപ്പള്ളി മഖാം ഉറൂസിന്റെ വിശദാംശങ്ങളുമാണ് ബോര്‍ഡിലുള്ളത്. പത്തടി നീളവും അത്രതന്നെ വീതിയുമുള്ള ഫ്ലക്‌സ്‌ബോര്‍ഡില്‍ രണ്ട് ആഘോഷങ്ങളും ഒരുമിച്ചെഴുതിയിരിക്കുന്നതില്‍ ഒതുങ്ങുന്നില്ല, ഇവരുടെ സ്‌നേഹവും സൗഹാര്‍ദവും. ബോര്‍ഡിനുവേണ്ടി ചെലവായത് രണ്ടായിരം രൂപ. തുക നല്കിയത് രണ്ടുപേരും പങ്കിട്ട്. 

ഇവിടെ ക്ഷേത്രോത്സവത്തിന്റെ കലവറനിറയ്ക്കല്‍ ഘോഷയാത്ര നടക്കുമ്പോള്‍, ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് മുസ്ലിം സമുദായക്കാര്‍ കുടിവെള്ളം നല്കും. ഉറൂസായാലും മുസ്ലിം മതാചരണപ്രകാരമുള്ള എന്തെങ്കിലും കൂട്ടായ്മയായാലും ഈ പ്രദേശത്തെ ഹൈന്ദവസമൂഹം ആ കൂട്ടായ്മയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കും. 

മഖാം ഉറൂസില്‍ നേര്‍ച്ചയുമായെത്തുന്നവരില്‍ നാട്ടിലെ മിക്ക ഹിന്ദുവിശ്വസികളുമുണ്ടാകാറുണ്ടെന്ന് ഇരുമതക്കാരും എടുത്തുപറയുന്നു. തുളുര്‍വനം ബാത്തൂര്‍ ദേവസ്ഥാനത്ത് തെയ്യം അരങ്ങിലെത്തിയാല്‍ അനുഗ്രഹം വാങ്ങുന്നവരുടെ കൂട്ടത്തില്‍ മുസ്ലിം സമുദായക്കാരുമുണ്ടാകും. 

മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയല്ല, അടുപ്പമാണ് ഉണ്ടാകേണ്ടതെന്നും മതത്തിന്റെയും മതേതരത്വത്തിന്റെയും പൊരുള്‍ തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതുകൊണ്ടാണ് പാറപ്പള്ളിയില്‍ വിദ്വേഷമെന്ന വാക്കിനുപോലും പ്രസക്തിയില്ലാതായതെന്ന് ഇവിടത്തുകാര്‍ പറയുന്നു. 

ടി.കെ.ഇബ്രാഹിമാണ് ഉറൂസ്‌കമ്മിറ്റിയുടെ പ്രചാരണത്തിന് ചൂക്കാന്‍ പിടിക്കുന്നത്. തുളുര്‍വനം ക്ഷേത്രത്തിന്റെ ആഘോഷ പ്രചാരണത്തിന് ആദ്യാവസാനം മുമ്പിലുള്ളത് മണി ബ്ലാത്തൂരാണ്.

ജി.പി.എസിന് ബദലായി ഇന്ത്യയുടെ സ്വന്തം IRNSS; ആദ്യ ഉപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും

on Apr 2, 2014

ജി.പി.എസിന് ബദലായി ഇന്ത്യയുടെ സ്വന്തം IRNSS; ആദ്യ ഉപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതി നിര്‍ണയ ഉപഗ്രഹമായ IRNSS 1 Bയെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ സി 24 ഉപയോഗിച്ചാണ് വിക്ഷേപണം. വെള്ളിയാഴ്ച വൈകിട്ടാണ് ഐ.ആര്‍.എന്‍.എസ്. എസ്. 1 ബി വിക്ഷേപിക്കുന്നത്

ഇന്ന് രാവിലെ 6.45നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്‍ററില്‍ ഐ.ആര്‍.എന്‍.എസ്.എസ്. 1 ബിയെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയത്. 58 മണിക്കൂര്‍ 30 മിനിട്ടാണ് കൗണ്ട് ഡൗണ്‍. സാധാരണ 53 മണിക്കൂര്‍ കൗണ്ട് ഡൗണാണ്‍ ഉണ്ടാവുക. 

എന്നാല്‍ വേണ്ടത്ര ഇടവേള ലഭ്യമാക്കുന്നതിന് വേണ്ടിയാണ് 58 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ നടത്തുന്നത്. പിഎസ്എല്‍വി സി 24 ഉപയോഗിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചേകാലിനാണ് ഐആര്‍എന്‍എസ്എസ് 1 ബി വിക്ഷേപിക്കുന്നത്. ഈ പരമ്പരയില്‍ ഉള്‍പ്പെട്ട ആദ്യ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 എ കഴിഞ്ഞ ജൂലൈയില്‍ ‍വിക്ഷേപിച്ചിരുന്നു. 

അമേരിക്കയുടെ ഗതി നിര്‍ണയ സംവിധാനമായ ജിപിഎസിന് ബദലാണ് ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റം. ഈ വര്‍ഷം തന്നെ 2 ഗതി നിര്‍ണയ ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇതോടെ രാജ്യത്തിന് സ്വന്തമായ ഗതിനിര്‍ണയ സംവിധാനം നിലവില്‍ ‍വരും.

ഇപ്പോഴും ജീവിക്കുന്നു, മലബാറിന്റെ ഗൂഢഭാഷ

on Apr 1, 2014


സി. സജില്‍


മലപ്പുറം: 'സെയ്യോവാറ് നോമ്‌റള്...' കാരേക്കടവത്ത് ഹസന്റെ ചോദ്യം കേട്ടപ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല... എന്തുഭാഷയാണിത്... പക്ഷേ അതിനിടയില്‍ തോരപ്പമുഹമ്മദ് പറഞ്ഞു... 'കമ്പേ ചീമ്മാറ്...'

ഇതര സംസ്ഥാന തൊഴിലാളികളുടെ വരവോടെ അനവധി പ്രാദേശികഭാഷകള്‍വരെ നമുക്ക് കേട്ട് പരിചയമായിരിക്കുന്നു. എന്നാല്‍ ഈ പറഞ്ഞത് അതൊന്നുമല്ല... ഇതാണ് ഗൂഢഭാഷ. മലപ്പുറത്ത് ഇരുമ്പുഴിയിലും എടപ്പാളിലും മലബാറിലെ മറ്റ് ചിലയിടങ്ങളിലും ചിലര്‍ മാത്രം ഇപ്പോഴും ഉപയോഗിക്കുന്ന ഭാഷ. ഇതിന്റെ പേര് മൈഗുരുഡ്.

ജയില്‍ വാര്‍ഡനായിരുന്ന കരേക്കടവത്ത് ഹസനും ഇരുമ്പുഴിയിലെ ചായക്കട നടത്തുന്ന തോരപ്പ മുഹമ്മദും മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഡോ. പ്രമോദ് ഇരുമ്പുഴിയും കണ്ടുമുട്ടുമ്പോള്‍ 'മൈഗുരുഡ്' ഭാഷയിലാണ് സംസാരിക്കാറ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാഷയെ വീണ്ടെടുക്കാനുള്ള ഒരു ശ്രമം.

സെയ്യോവാറ് നോമ്‌റള്... എന്നതിനര്‍ഥം എങ്ങോട്ടാണ് പോകുന്നത് എന്നാണ്. അതിന് മറുപടിയായി മുഹമ്മദ് പറഞ്ഞതാകട്ടെ മഞ്ചേരിയിലേക്കാണ് എന്നും.

സ്ത്രീകള്‍ ഉള്‍പ്പെടെ ഈ ഗൂഢഭാഷ അറിയുന്നവര്‍ നേരത്തെ നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ കാലത്തിന്റെ മാറ്റത്തിനൊപ്പം പലരില്‍നിന്നും ഈ ഭാഷയും മാഞ്ഞുപോയി. ഇപ്പോഴും ഈ ഭാഷ മായാതെ സൂക്ഷിക്കാന്‍ ചിലരുണ്ട്. അവര്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈ ഭാഷ ഉപയോഗിക്കുന്നുമുണ്ട്.

മൈഗുരുഡ് മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പലതരത്തിലുള്ള ഗൂഢഭാഷകളും നിലനില്‍ക്കുന്നുമുണ്ട്. മൈഗുരുഡ് ഭാഷ കണ്ണൂരിലെ പാനൂരിലും കൊടുങ്ങല്ലൂരിലെ പുത്തന്‍ചിറഭാഗങ്ങളിലും ചിലര്‍ക്ക് ഇപ്പോഴും അറിയാമെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്ന് പ്രമോദ് പറഞ്ഞു. സാധാരണയായി വ്യക്തികളുടെ പേര് ഭാഷമാറുമ്പോള്‍ മാറാറില്ല.

എന്നാല്‍ മലയാള അക്ഷരങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും ഈ ഗൂഢഭാഷയില്‍ മറ്റ് ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തികളുടെ പേര് പോലും മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം മാറി ഉപയോഗിക്കുന്നുണ്ട്. പണ്ടുകാലത്ത് ബീഡിക്കമ്പനികളില്‍ ഈ ഭാഷ സജീവമായി ഉപയോഗിച്ചിരുന്നുവെന്ന് ഹസന്‍ ഓര്‍ക്കുന്നു.

മൈഗുരുഡ് എന്നാല്‍

മൊഴി കുരുട് എന്നത് ഉപയോഗിച്ച് കാലക്രമത്തില്‍ മൈഗുരുഡ് എന്നായി പോയതാവാമെന്നാണ് ഈ രംഗത്ത് പഠനം നടത്തുന്നവരുടെ വിലയിരുത്തല്‍. ഈ ഗൂഢഭാഷയ്ക്ക് മലബാര്‍ കലാപകാലവുമായി ബന്ധമുണ്ടെന്ന് ഡോ. പ്രമോദ് ഇരുമ്പുഴി പറയുന്നു.

അക്കാലത്ത് മലയാളികളായ ജയില്‍വാര്‍ഡന്‍മാര്‍ അറിയാതെ വിവരങ്ങള്‍ കൈമാറുന്നതിനും സംസാരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരുഭാഷ രൂപപ്പെടുത്തിയതെന്ന് പറയുന്നു.

മൈഡുരുഡില്‍ സ്വരാക്ഷരങ്ങളായ അ, ആ, ഇ, ഈ എന്നിവയ്ക്ക് പകരം യഥാക്രമം സ, സാ, സി, സീ, എന്നിങ്ങനെയും നേരെ തിരിച്ചും ഉപയോഗിക്കുന്നു.

വ്യഞ്ജനാക്ഷരങ്ങള്‍ ഒന്നിന് പകരം മറ്റൊന്ന് എന്ന നിലയിലും ഉപയോഗിക്കുന്നു. ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഒരു ശ്ലോകവുമുണ്ട്.

കൂട്ടായ്മയൊരുങ്ങുന്നു

'മൈഗുരുഡ്' കൂട്ടായ്മ ഒരുക്കാനുള്ള ശ്രമവും നടന്നുവരുന്നു.

ഈ ഗൂഢഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇതിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്നത്.

ജില്ലയിലെ ഏതെങ്കിലും പ്രദേശത്ത് മൈഗുരുഡ് ഭാഷ പ്രചരിക്കുന്നുണ്ടെങ്കില്‍ വിവരം അറിയിക്കണമെന്ന് പ്രമോദ് ഇരുമ്പുഴി പറഞ്ഞു. ഫോണ്‍: 9846308995.

ജി.പി.ക്ക് അനന്തപുരിയില്‍ എത്താനായില്ല; അറ്റ്‌ലാറ്റിക്കിന് മുകളില്‍ വിമാനം തകര്‍ന്ന് മരിച്ചു

on


മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

ഗോവിന്ദ് പി. നായര്‍ അറ്റ്‌ലാറ്റിക്കിന് കുറകെ പറക്കുന്നത് സംബന്ധിച്ച് മദ്രാസ് മെയിലിലെ റിപ്പോര്‍ട്ട്
ഒരു വിമാന അപകടത്തിന്റെ അന്വേഷണത്തിലേക്ക് ഇന്ന് പോകാം. മാര്‍ച്ച് 8ന് ഇന്ത്യക്കാര്‍ അടക്കം 239 പേരുമായി കോലാലമ്പൂരില്‍ നിന്ന് ചൈനയ്ക്ക് പറന്ന വിമാനം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണിന്ന് ലോക രാഷ്ട്രങ്ങള്‍. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി പറയുന്നുവെങ്കിലും സ്ഥിരീകരണം ഇല്ല. എന്നാല്‍, 76 വര്‍ഷംമുമ്പ് സാഹസികനായ ഒരു മലയാളി തന്റെ സ്വന്തം വിമാനത്തില്‍ ലോകം ചുറ്റാനും അറ്റ്‌ലാറ്റിക് സമുദ്രത്തിന് കുറകെ അങ്ങോട്ടുമിങ്ങോട്ടും പറന്ന് ചരിത്രം സൃഷ്ടിക്കാനും ശ്രമിച്ച കഥ അന്നത്തെ പ്രധാന ലോകപത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇംഗ്ലണ്ടില്‍നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്ത് വന്ന് അമ്മയെക്കാണാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനിടയില്‍ ഉണ്ടായ അപകടത്തില്‍ ആ ധീരനായ മലയാളി, വിമാനം പൊട്ടിത്തെറിച്ച് മരണമടഞ്ഞു. ലോക പത്രങ്ങള്‍ക്കത് പ്രധാനവാര്‍ത്തയായിരുന്നു. മാത്രവുമല്ല, ബ്രിട്ടീഷ് കോമണ്‍സഭയില്‍ പോലും ഇത് ചര്‍ച്ചാവിഷയമായി. ആ മലയാളിയെപ്പറ്റി നറുങ്ങുകളായ വിവരങ്ങള്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് 10ന് 'നഗരപ്പഴമയില്‍' എണ്‍പത്തിരണ്ടുവര്‍ഷം മുമ്പ് സ്വന്തം വിമാനത്തില്‍ വന്ന മലയാളി ആര് എന്ന ശീര്‍ഷകത്തില്‍ വന്ന വാര്‍ത്തയ്ക്ക് ലോകത്തിന്റെ പല ഭാഗത്തുനിന്നും വിലപ്പെട്ട വിവരങ്ങളാണ് ഇന്റര്‍നെറ്റ് വഴി ലഭിച്ചത്. സ്വന്തം നാട്ടില്‍ ആ വൈമാനികനെപ്പറ്റി ഇന്നും അജ്ഞാതം. 82 വര്‍ഷംമുമ്പ് എന്ന് എഴുതിയിരുന്നത് 'പ്രതിദിനം' പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്. അതില്‍ എഴുതിയിരുന്ന കൊല്ലവര്‍ഷം തെറ്റായിരുന്നു. എന്നാല്‍, സംഭവം നടന്നത് 1937ലാണ്. ഇതിലെ കഥാനായകന്‍ കൈതമുക്കിനു സമീപത്ത് പുന്നപുരത്ത് താമസിച്ചിരുന്ന ഗോവിന്ദ് പി. നായര്‍ (ജി.പി. നായര്‍) എന്ന മുപ്പതുകാരനായ യുവാവായിരുന്നു. മലബാര്‍ കുടിയാണ്മ പ്രസ്ഥാനത്തിന്റെ നേതാവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്ലാനിങ് ബോര്‍ഡ് മെമ്പറുമായിരുന്ന മലബാര്‍ ശങ്കരന്‍ നായരുടെ അനുജനാണ് ജി.പി. നായര്‍. നഗരപ്പഴമ കണ്ടതിനെത്തുടര്‍ന്ന് മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ പി.ആര്‍. ചന്ദ്രന്‍, ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍, ശില്പാശങ്കര്‍, എം.വി.ആര്‍. നായര്‍ തുടങ്ങി എത്രയോ പേര്‍ ഇന്റര്‍നെറ്റ് വഴി അന്വേഷിച്ചപ്പോഴാണ് ജി.പി.യുടെ മരണത്തെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്. ഇതുകൂടാതെ അക്കാലത്തെ ലോകത്തെ പ്രധാന പത്രങ്ങളില്‍വന്ന വാര്‍ത്തകള്‍ പലരും അയച്ചുതന്നു. ആകെക്കൂടി നോക്കിയാല്‍ അറബിക്കഥയിലെ അത്ഭുതങ്ങള്‍പോലെയാണ് ജി.പി.യുടെ ജീവിതവും സാഹികതയും അന്ത്യവും.

സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥിസമരത്തില്‍ പങ്കെടുത്ത ജി.പി. അന്നത്തെ പോലീസ് സൂപ്രണ്ടിന്റെ സ്‌നേഹത്തിന് പാത്രമായ സംഭവം ഉണ്ട്. കല്ലേറുകൊണ്ട് രക്തംവാര്‍ന്ന സൂപ്രണ്ടിനെ ജി.പി.യാണ് ഒരിടത്ത് പിടിച്ചിരുത്തി ശുശ്രൂഷിച്ചത്. ആ വ്യക്തിബന്ധം വളര്‍ന്നു. 
പിന്നീട് അദ്ദേഹം മദ്രാസിലെത്തി ആധ്യാത്മിക പ്രവര്‍ത്തനത്തിലും അതിനുശേഷം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. അവിടെനിന്ന് ബിക്കാനിയര്‍ മഹാരാജാകൊട്ടാരത്തിലെത്തിയതായി പറയുന്നു.

രാജാവിന്റെ പ്രീതി സമ്പാദിച്ച അദ്ദേഹം അവിടത്തെ ഉപദേശകനായി. ബിക്കാനിയര്‍ രാജാവിന്റെയും മറ്റുചില രാജക്കന്മാരുടെയും സഹായിയായിട്ടാണ് ജി.പി. ലണ്ടനിലെത്തി പഠനം തുടങ്ങിയതും വൈമാനിക പരിശീലനം ആരംഭിച്ചതും. സ്വന്തമായി ഒരു വിമാനം വാങ്ങാനുള്ള പണം എങ്ങനെ കിട്ടി എന്നത് സംബന്ധിച്ച് വ്യക്തമല്ല. എന്നാല്‍, വമ്പിച്ച സ്വത്തുക്കളുടെയും ആഭരണങ്ങളുടെയും പേരില്‍ ഒരു കേസ് അദ്ദേഹത്തിന് ലണ്ടനില്‍ ഉണ്ടായതായും ഏതാനും മാസം ശിക്ഷയ്ക്ക് അദ്ദേഹം വിധേയനായതായും ചില ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈമാനിക പരിശീലനം പൂര്‍ത്തിയാക്കിയതോടെയാണ് അദ്ദേഹം സ്വന്തം വിമാനം വാങ്ങിയത്. അതിന് 'സ്പിരിറ്റ് ഓഫ് ഇന്ത്യ' എന്ന് പേരുകൊടുത്തു. മണിക്കൂറില്‍ 130 മൈല്‍ പറക്കാന്‍ കഴിയുന്ന ഈ വിമാനത്തിലാണ് ഒരിക്കല്‍ അമ്മയെക്കാണാന്‍ തിരുവനന്തപുരത്തേക്ക് വരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതും പത്രങ്ങളില്‍ വാര്‍ത്തയായതും.

1937ല്‍ ഒക്ടോബര്‍ 24ന് അറ്റിലാറ്റിക് സമുദ്രത്തിന് മുകളില്‍ തെക്ക് വടക്ക് അേങ്ങാട്ടുമിങ്ങോട്ടും പറക്കാനുള്ള ജി.പി.യുടെ പ്രഖ്യാപനം ലോകത്തെമ്പാടുമുള്ള പത്രങ്ങള്‍ക്ക് വാര്‍ത്തയായി. പിന്നീട് ജി.പി. ഫ്രഞ്ച് അധീനതയിലുള്ള മോറോക്ക കടന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കും അവിടെനിന്ന് തെക്കേ അമേരിക്കന്‍ വക തുറമുഖത്തും അവിടെനിന്നും സ്‌പെയിന്‍ തുറമുഖമായ ത്രിണിഡാഡ്, മിയാമി വഴി ന്യൂയോര്‍ക്ക് ന്യൂഫൗണ്ട് ലാന്‍ഡ്, വടക്കന്‍ അറ്റ്‌ലാറ്റിക്ക് കടന്ന് അയര്‍ലണ്ടിലേക്കും അവിടെനിന്ന് ഇംഗ്ലണ്ടിലേക്കും തിരിച്ചെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജി.പി.യുടെ സാഹികതയെ വാഴ്ത്തിക്കൊണ്ട് പ്രധാന ഇംഗ്ലീഷ് പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. സാഹസികമായ ഈ നടപടി ഉപേക്ഷിക്കണമെന്ന് ചില സുഹൃത്തുക്കള്‍ അപേക്ഷിച്ചുവെങ്കിലും ഇന്ത്യക്കാര്‍ ധീരന്മാരാണ്, ലക്ഷ്യം പൂര്‍ത്തിയാക്കി താന്‍ മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചാണ് തന്റെ പരിപാടി ജി.പി. തുടങ്ങിയത്. വിമാനം പറക്കുന്നതിന് മുമ്പ് ഒരു ഹിന്ദുപൂജാരി ചില കര്‍മങ്ങള്‍ നടത്തി. ജി.പി.യുടെ സാഹസിക യാത്രയ്ക്ക് ആശംസകള്‍ നേരാന്‍ ധാരാളം പ്രമുഖര്‍ എത്തിയിരുന്നു. എന്നാല്‍, ഇംഗ്ലീഷ് ചാനല്‍ കടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് ജി.പി. മരണമടഞ്ഞ വാര്‍ത്തകളാണ് ലോകം അറിഞ്ഞത്. 1937 ഒക്ടോബര്‍ 30നായിരുന്നു ആ ദാരുണസംഭവം.

വിമാനാപടകത്തെപ്പറ്റിയോ മറ്റ് വിശേഷങ്ങളെപ്പറ്റിയോ പിന്നീട് ആര്‍ക്കും അറിയില്ല. അതേപ്പറ്റി ആരും അന്വേഷിച്ചതുമില്ല. ജി.പി.യുടെ അനന്തരവനായ ജയശങ്കര്‍ (സെന്‍സസ് വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനും ടെമ്പിള്‍സ് കേരളയുടെ എഡിറ്ററും) അദ്ദേഹത്തിന്റെ സഹോദരി വിജയലക്ഷ്മി എന്നിവരാണ് ഇന്ന് അവശേഷിക്കുന്ന പ്രധാന ബന്ധുക്കള്‍. ജി.പി.യുടെ മരണം ബ്രിട്ടനിലെ പൊതുസഭയിലും ചര്‍ച്ചയായി.

പരിശീലനം സിദ്ധിച്ച വൈമാനികനായിരുന്നു ജി.പി.എന്നും അതുകൊണ്ടാണ് സാഹസിക പ്രവര്‍ത്തനത്തിന് അനുവാദം നല്‍കിയതെന്നും ബന്ധപ്പെട്ടവര്‍ സഭയെ അറിയിച്ചു. ഇന്ത്യന്‍ പുരാരേഖ വകുപ്പിലെ പട്ടികയിലും ജി.പി.യുടെ മരണവാര്‍ത്തയുണ്ട്. പക്ഷേ, ഇതെല്ലാം െവച്ച് ആ ധീരവൈമാനികനെപ്പറ്റി പഠനം നടത്താവുന്നതാണ്.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com