പോഷ് വീട്ടുടമകൾക്ക് പിടിവീഴും

on Sep 22, 2014

 കോഴിക്കോട്: ആഡംബര വീടുകളുടെയും കൂറ്റൻ  കെട്ടിടങ്ങളുടെയും ഉടമകളുടെ സാമ്പത്തിക ഉറവിടം തേടി കേന്ദ്ര ആദായനികുതി വകുപ്പ് അധികൃതർ എത്തുന്നു. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ നിർമ്മിച്ച 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും എങ്ങനെ പണം കണ്ടെത്തിയെന്ന് അന്വേഷിക്കാൻ  കേന്ദ്ര ധനമന്ത്രാലയം  ആദായനികുതി വകുപ്പിന് നിർദ്ദേശം നൽകി.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസർകോട് എന്നിവിടങ്ങളിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നായി കെട്ടിടങ്ങളുടെ പ്ളാനും അനുബന്ധ രേഖകളും ആദായനികുതി അധികൃതർ ശേഖരിച്ചു കഴിഞ്ഞു.  70 ലക്ഷം രൂപ  മുതൽ ഒരു കോടിവരെയും അതിന് മുകളിലുമുള്ള  മതിപ്പ്  ചെലവിൽ  ഒട്ടേറെ വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറത്തും കാസർകോട്ടുമാണ് വലിയ കെട്ടിടങ്ങൾ ഏറെയും നിർമ്മിച്ചിരിക്കുന്നത്.  കാസർകോട് നായൻമാർ മൂലയെന്ന സ്ഥലം ആഡംബര വീടുകളുള്ള കോടീശ്വരൻമാർ താമസിക്കുന്ന മേഖലയാണെന്ന് അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് ആദായനികുതി കമ്മിഷണർ പി.എൻ. ദേവദാസന്റെ നേതൃത്വത്തിൽ കോടീശ്വരൻമാരുടെ പട്ടിക തയ്യാറാക്കി. ഇവർക്ക് നോട്ടീസയക്കുകയും ചെയ്തു.
കഴിഞ്ഞവർഷം രാജ്യത്ത് 22 ലക്ഷം പേർ വമ്പൻ കെട്ടിടങ്ങളും വീടുകളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
ഇവരിൽ 10,212 പേർ മലബാറിൽ നിന്നുള്ളവരാണ്. 2014ൽ മലബാറിലെ അഞ്ച് ജില്ലകളിൽ ഇത്തരത്തിലുള്ള ആഡംബര വീടുകളും കെട്ടിടങ്ങളും ആഡംബര വാഹനങ്ങളും വൻതോതിൽ ഭൂമിയും സ്വന്തമാക്കിയവർ 2,50,000 പേരുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണക്ക്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com