കാഞ്ഞങ്ങാട്ടെ കഞ്ചാവ് ബസാര്‍

on Oct 20, 2014

കാഞ്ഞങ്ങാട്. കാഞ്ഞങ്ങാടു നഗരത്തില്‍ നിന്നു റയില്‍വേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയില്‍ കഞ്ചാവു മാഫിയ കളം പിടിക്കുന്നു. മദ്യപരെ കൊണ്ടുള്ള ശല്യമൊടുങ്ങിയപ്പോഴാണ് ഇവിടെ കഞ്ചാവു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍. വഴിയാത്രക്കാരിലും വ്യാപാരികളിലും ഇവര്‍ സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല. ഫോട്ടോസ്റ്റാറ്റ് കടയിലെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തിയിട്ടും ഫലപ്രദമായ നടപടിയില്ലെന്ന പരിഭവത്തിലാണ് ഇവിടെ വ്യാപാരികള്‍.

മല്‍സ്യമാര്‍ക്കറ്റിന്റെ സാമീപ്യവും പിന്നാമ്പുറത്തെ ഇനിയും തുറക്കാത്ത കട വരാന്തകളുമെല്ലാം കഞ്ചാവു വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും സൌകര്യമാവുന്നു. നയാബസാര്‍ എന്ന നല്ല പേരു മാറി കഞ്ചാവ് ബസാര്‍ എന്ന നാണക്കേടിലേക്കു മാറും മുന്‍പു നടപടി വേണമെന്നാണു വ്യാപാരികളുടെ ആവശ്യം. പൊലീസ് ഇടപെടലുകള്‍ ശക്തമാക്കുന്നുണ്ടെങ്കിലും അവരില്‍ പെട്ട ചിലര്‍ തന്നെയാണു കഞ്ചാവു മാഫിയയ്ക്കു സൌകര്യം ചെയ്തു കൊടുക്കുന്നതെന്ന ആരോപണം ശക്തമാണ്. നയാബസാറില്‍ മെട്രോ മനോരമ നടത്തിയ അന്വേഷണത്തില്‍ നിന്ന്.

വെള്ളിക്കോത്തെ പയ്യന്‍സ്  
ഇളംപ്രായത്തിലെ പല ക്രിമിനല്‍ കേസുകളിലും പെട്ടിട്ടുള്ള വെള്ളിക്കോത്തു സ്വദേശിയായ ഒരു യുവാവാണ് ഇവിടെ കഞ്ചാവു വില്‍പ്പനയ്്ക്കു ചുക്കാന്‍ പിടിക്കുന്നത്. ഇതിനു സഹായിക്കുന്നതാവട്ടെ, ചില വഴിയോര കച്ചവടക്കാരും. നയാബസാറിലേക്കുള്ള വഴി തുടങ്ങുന്നിടത്തു തന്നെ ഇവരുടെ ആളുകള്‍ ചുറ്റിപ്പറ്റി നില്‍പ്പുണ്ടാവും. റയില്‍വേ
സ്റ്റേഷന്റെയും ബസ് സ്റ്റാന്‍ഡിന്റെയും സാമീപ്യം മുതലാക്കിയാണ് ഇടപാടുകള്‍. രാവിലെ 11നുള്ളില്‍ കാഞ്ഞങ്ങാട് കടന്നുപോകുന്ന ട്രെയിനിലോ, കാസര്‍കോട് ഭാഗത്തു നിന്നെത്തുന്ന ബസിലോ ഇവരുടെ ഏജന്റുമാരുണ്ടാവും. രാവിലെ 11 മുതല്‍ തുടങ്ങുന്ന കഞ്ചാവു വിപണി വൈകിട്ടു മൂന്നരയോടെ സജീവമാകും.

ആദ്യം സൌജന്യം, പിന്നെ പറയുന്ന വില  
സമീപ പ്രദേശങ്ങളില്‍ നിന്നു പോലും പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കാനെത്തുന്നുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്. കടകള്‍ക്കിടയിലെ ഇടുങ്ങിയ വഴിയില്‍ നിന്നു കഞ്ചാവു വാങ്ങാനും ഉപയോഗിക്കാനും മടി കാണിക്കാത്ത (അതും സ്കൂള്‍ യൂണിഫോമിലെത്തി) സ്കൂള്‍ കുട്ടികളും ഉണ്ടെന്നതാണ് കഷ്ടം. കഞ്ചാവിന് അടിമകളായവര്‍ ഓരോ തവണ വരുമ്പോഴും പുതിയ കൂട്ടുകാരെയും കൊണ്ടുവരുമത്രെ. ആദ്യമായി എത്തുന്നവര്‍ക്കു ബീഡി തുണ്ടില്‍ കഞ്ചാവു വച്ചു നല്‍കും. ഇതിനു പണം നല്‍കേണ്ടതില്ല. വലിച്ചിഷ്ടമായാല്‍, പിന്നെ പറയുന്നതാണു വില. പായ്ക്കറ്റിനു 150 രൂപയില്‍ തുടങ്ങും.

ബ്ളേഡു കാട്ടി ഭീഷണി  
ജീവിതമാര്‍ഗം തേടി ഇവിടെ വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവരുടെ കാര്യമാണ് കഷ്ടം. കഞ്ചാവ് ഉപയോഗം കയ്യോടെ പിടികൂടിയതുള്‍പ്പെടെ പല സംഭവങ്ങള്‍ ഇവിടെയുണ്ടായി. പ്രതികരിച്ചാല്‍ ഭീഷണിയും അക്രമവും പിന്നാലെ എത്തും. കൈവിരലുകള്‍ക്കിടയില്‍ ബ്ളേഡു കാട്ടിയുള്ള ഭീഷണിയാണ് ഇവരുടെ സ്ഥിരം കലാപരിപാടി. ആസിഡ് ഒഴിക്കുമെന്ന വെല്ലുവിളികളും സജീവം. എതിര്‍പ്പുണ്ടായാല്‍, പുറമെനിന്ന് ആളെ വിളിച്ചുകൂട്ടി കട ആക്രമിക്കാനുള്ള സന്നാഹവും ഇവര്‍ക്കുണ്ട്. യുവാക്കളാണ് ഇതിലേറെയും. പൊലീസിന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടും കാര്യമില്ലെന്നാണ് അനുഭവം. 18 പായ്ക്കറ്റ് കഞ്ചാവുമായി ഒരാളെ വ്യാപാരികള്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഒരു കിലോ തികച്ചില്ലെന്ന കാരണത്താല്‍ ഒഴിവാക്കി വിടുകയായിരുന്നത്രെ. ഏറിവന്നാല്‍ ഒരു പെറ്റിക്കേസടിക്കും. ഫലമോ, കേസില്ലാതെ തിരിച്ചെത്തിയ പാടെ, വ്യാപാരികളെ ഭീഷണി.

ഇനിയാര് ?  
ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ നയാബസാറിലെത്തിയ പെണ്‍കുട്ടിക്കു നേരെയുള്ള അക്രമമായിരുന്നു നയാബസാറില്‍ ഒടുവിലത്തേത്. കഞ്ചാവടിച്ചു നിന്ന ഒരാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ കൂടി ഉപദ്രവിക്കുകയായിരുന്നു. മറ്റൊരു കടയിലേക്ക് ഓടിക്കയറിയതു കൊണ്ട് കൂടുതല്‍ അപകടം ഒഴിവായി. പൊലീസെത്തിയെങ്കിലും കേസുണ്ടായില്ല. ഇവിടെ ഒരു കടയിലെ സെയില്‍സ്ഗേളിനു നേരെയും അടുത്തിടെ കയ്യേറ്റശ്രമം നടന്നു.

സമീപത്തുണ്ടായിരുന്ന ബാര്‍ പൂട്ടിയ ശേഷമാണ് പ്രശ്നങ്ങള്‍ ഇത്ര സങ്കീര്‍ണമായത്. മദ്യപരായിരുന്നെങ്കില്‍ ഒരറ്റത്തു കിടന്നുറങ്ങിപ്പോയേനെ, ഇതിപ്പോള്‍ വഴിയെ പോകുന്നവരുടെ തലയില്‍ കയറുകയാണെന്ന് ഒരു കടയുടമയുടെ പ്രതികരണം. റയില്‍വേ സ്റ്റേഷനിലേക്കും കോഫി ഹൌസിലേക്കും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പോകുന്ന വഴിയാണിത്. സ്ത്രീകളും കോളജ് വിദ്യാര്‍ഥിനികളും അടക്കം പ്രതിദിനം ആയിരക്കണക്കിനു പേര്‍ കടന്നുപോകുന്ന വഴിയില്‍ അരങ്ങുതകര്‍ക്കുന്ന കഞ്ചാവു മാഫിയയെ പിടിച്ചുകെട്ടാതെ രക്ഷയില്ല.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com