കാര്‍ന്നുതിന്നുന്ന കാന്‍സര്‍ പടരുന്നു; കാസര്‍കോട്ട് ഓരോദിനവും മരിച്ചുവീഴുന്നത് രണ്ടിലേറെ പേര്‍

on Oct 20, 2014

കാര്‍ന്നുതിന്നുന്ന കാന്‍സര്‍ പടരുന്നു; കാസര്‍കോട്ട് ഓരോദിനവും മരിച്ചുവീഴുന്നത് രണ്ടിലേറെ പേര്‍
    

കാസര്‍കോട്: മനുഷ്യജീവനെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ രോഗം കാസര്‍കോട്ട് വ്യാപകമാണെന്ന വാര്‍ത്ത ഏറെ ഭീതിയോടെയാണ് ജനങ്ങള്‍ കാണുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയില്‍ 371 പേര്‍ കാന്‍സര്‍മൂലം മരിച്ചതായാണ് മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനം തെളിയിക്കുന്നത്. അതായത് ഓരോ ദിനവും രണ്ടോ അതിലധികമോ ആളുകള്‍ കാസര്‍കോട്ട് കാന്‍സര്‍മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.
ജില്ലയിലെ ആസ്പത്രികള്‍, ലബോറട്ടറികള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണക്ക് കണ്ടെത്തിയത്. കാന്‍സര്‍രോഗം മൂലം മംഗലാപുരത്ത് ചികിത്സ തേടിയവരുടെയും അവിടെ ചികിത്സക്കിടെ മരിച്ചവരുടെയും വിവരങ്ങള്‍ ഈ കണക്കില്‍ പെടില്ല. ഇതുകൂടി കൂട്ടിയാല്‍ മരണസംഖ്യ ഇരട്ടിയോളം വരുമെന്നാണ് അറിയുന്നത്.
2014 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണ് മലബാര്‍ കാന്‍സര്‍ സൊസൈറ്റി ശേഖരിച്ചിട്ടുള്ളത്. ആറുമാസത്തിനിടെ ജില്ലയില്‍ 309 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഇതില്‍ 166 പേര്‍ പുരുഷന്മാരും 143 സ്ത്രീകളുമാണ്. ശ്വാസകോശ അര്‍ബുദം ബാധിച്ചവര്‍ 56 ഉം സ്തനാര്‍ബുദം ബാധിച്ചവര്‍ 40 ഉം കവിള്‍ അര്‍ബുദം ബാധിച്ചവര്‍ 22 ഉം ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വയറിന് അര്‍ബുദം ബാധിച്ച 15 പേരും രക്തത്തില്‍ അര്‍ബുദം ബാധിച്ച 14 പേരും നാവിന് അര്‍ബുദം ബാധിച്ച 14 പേരും ഗര്‍ഭാശയത്തില്‍ അര്‍ബുദം ബാധിച്ച 13 പേരും അന്നനാള അര്‍ബുദം ബാധിച്ച 10 പേരും കരളിന് അര്‍ബുദം ബാധിച്ച ഏഴുപേരും വിവിധയിടങ്ങളില്‍ ചികിത്സയിലാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com